ദീപാവലി മിഠായി കണക്കെ കാര്‍ വിറ്റ് മാരുതി! ഒക്‌ടോബറിലെ ടോപ് 10 ആരൊക്കെയെന്ന് അറിയാം
എല്ലാ വര്‍ഷവും ദീപാവലി ഉത്സവകാലമാകാന്‍ ഉപഭോക്താക്കള്‍ക്കൊപ്പം വണ്ടിക്കമ്പനികളും കാത്തിരിക്കാറുണ്ട്. ഇന്ത്യക്കാര്‍ വാഹനം വാങ്ങാനായി തെരഞ്ഞെടുക്കുന്ന സമയമാണ് ദീപാവലി ഉത്സവ ദിനങ്ങള്‍. ഉത്സവകാല തിരക്കിനൊപ്പം ഇക്കുറി ചരക്കുസേവന നികുതി ഇളവുകളുടെ ആനുകൂല്യം കൂടി ചേര്‍ന്നതോടെ വമ്പന്‍ വില്‍പ്പന പ്രതീക്ഷിച്ചതാണ്. ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും ജിഎസ്ടി ആനുകൂല്യങ്ങള്‍ക്കൊപ്പം ഉത്സവകാല ഓഫറുകളും പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ മാസം അവസാനത്തോടെ തന്നെ ചില കമ്പനികള്‍ ദീപാവലി വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരുന്നു. 2025 ഒക്‌ടോബറിലെ ടോപ് 10 വാഹന നിര്‍മാതാക്കളെ അറിയാന്‍ തുടര്‍ന്ന് വായിക്കാം.
ഇന്ത്യന്‍ കാര്‍ വിപണി 2025 ഒക്ടോബറില്‍ മികച്ച മുന്നേറ്റം രേഖപ്പെടുത്തി. ഉത്സവ സീസണ്‍ പാസഞ്ചര്‍ വാഹന വില്‍പ്പനയെ പുതിയ ഉയരങ്ങളിലെത്തിച്ചു. നിര്‍മ്മാതാക്കള്‍ ഡിമാന്‍ഡ് നിറവേറ്റാന്‍ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയില്‍ മൊത്തം വില്‍പ്പന 5.49 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. ഇത് 2024 ഒക്ടോബറിനെ അപേക്ഷിച്ച് 10.74 ശതമാനം വര്‍ധനവാണ്.

പതിവു പോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച് മാരുതി സുസുക്കി തന്നെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2025 ഒക്‌ടോബറില്‍ മാരുതി സുസുക്കിക്ക് 2,38,515 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2024 ഒക്‌ടോബര്‍ മാസം നേടിയ 203190 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി 17.40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഈ സാമ്പത്തിക വര്‍ഷത്തെ മാരുതിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ബലേനോ, ഫ്രോങ്ക്‌സ്, ബ്രെസ തുടങ്ങിയ മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ നല്ല രീതിയില്‍ വിറ്റുപോയി. 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1 ലക്ഷത്തിലധികം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് മാരുതി സുസുക്കി മറ്റൊരു റെക്കോര്‍ഡ് നേട്ടം കുറിച്ചിരുന്നു. ഒന്നാം സ്ഥാനത്തേക്ക് മത്സരമൊന്നും ഇല്ലെങ്കിലും രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ 3 ബ്രാന്‍ഡുകള്‍ രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ മാസം 73,877 യൂണിറ്റ് വിറ്റഴിച്ച് ഹ്യുണ്ടായിയെയും മഹീന്ദ്രയെയും മറികടന്ന് ടാറ്റ മോട്ടോര്‍സ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. 65,838 യൂണിറ്റുകള്‍ മാത്രമായിരുന്നു മുന്‍ വര്‍ഷം ഇതേമാസത്തെ ടാറ്റയുടെ വില്‍പ്പന. 12 ശതമാനത്തിലധികം വാര്‍ഷിക വര്‍ധനവാണ് ടാറ്റ നേടിയത്. നെക്‌സോണ്‍, പഞ്ച് എന്നീ കോംപാക്ട് എസ്‌യുവി മോഡലുകള്‍ ടാറ്റയുടെ വില്‍പ്പനയില്‍ പ്രധാന സംഭാവനകള്‍ നല്‍കി. ടിയാഗോ ഇവി, പഞ്ച് ഇവി എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹന നിരയും വില്‍പ്പനയ്ക്ക് കാര്യമായ സംഭാവന നല്‍കി.
നവരാത്രി മുതല്‍ ദീപാവലി വരെയുള്ള ഉത്സവകാലം ടാറ്റ മോട്ടോര്‍സിന് റെക്കോര്‍ഡ് നേട്ടമാണ് നല്‍കിയത്. സെപ്റ്റംബര്‍ 22 മുതലായിരുന്നു നവരാത്രിയുടെ ആരംഭം. ഒറ്റ മാസം കൊണ്ട് 1 ലക്ഷത്തിലധികം വാഹനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് കമ്പനി 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നെക്‌സോണ്‍ ടാറ്റയുടെ പോര്‍ട്ട്ഫോളിയോയില്‍ ആധിപത്യം തുടര്‍ന്നു. 38,000-ല്‍ അധികം ഡെലിവറികള്‍ രേഖപ്പെടുത്തിയ നെക്‌സോണ്‍, മുന്‍ ഉത്സവ സീസണിനെ അപേക്ഷിച്ച് 73 ശതമാനം വര്‍ധനവാണ് നേടിയത്.

2025 ഒക്‌ടോബറില്‍ 66,467 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര മൂന്നാം സ്ഥാനത്തെത്തി. 2024 ഒക്ടോബറിനെ അപേക്ഷിച്ച് 6.21 ശതമാനം വളര്‍ച്ചയാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ കുറിച്ചത്. 62582 യൂണിറ്റായിരുന്നു 12 മാസം മുമ്പ് കമ്പനിയുടെ വില്‍പ്പന. സ്‌കോര്‍പിയോ, ബൊലേറോ, XUV700, XUV 3XO, ഥാര്‍ എന്നിവ അണിനിരക്കുന്ന എസ്‌യുവി പോര്‍ട്ട്ഫോളിയോ ഒരിക്കല്‍ക്കൂടി അവരുടെ പ്രധാന ശക്തിയായി മാറി.
ടോപ് 10 കാര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഹ്യുണ്ടായി നാലാം സ്ഥാനത്തേക്ക് തെറിച്ചു. മുമ്പ് സ്ഥിരമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഹ്യുണ്ടായിയുടെ സ്ഥാനത്തിന് സമീപകാലത്തായി ഇളക്കം തട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം 65,045 പുതിയ ഉപഭോക്താക്കളെ മാത്രം കണ്ടെത്താന്‍ സാധിച്ച ഹ്യുണ്ടായിയുടെ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.3 ശതമാനം കുറഞ്ഞു. 2024 ഒക്‌ടോബറില്‍ 70,171 യൂണിറ്റായിരുന്നു വില്‍പ്പന.
| OEM & Rank | October 2025 Sales | October 2024 Sales | % Change |
|---|---|---|---|
| 1. Maruti Suzuki | 238,515 | 203,190 | 17.40 |
| 2. Tata Motors | 73,877 | 65,838 | 12.22 |
| 3. Mahindra | 66,467 | 62,586 | 6.21 |
| 4. Hyundai | 65,045 | 70,171 | -7.30 |
| 5. Toyota | 33,503 | 29,378 | 14.00 |
| 6. Kia | 32,736 | 29,788 | 9.90 |
| 7. Skoda-VW | 12,054 | 8,987 | 34.10 |
| 8. Honda Cars | 7,168 | 7,386 | -3.00 |
| 9. JSW MG | 5,753 | 5,904 | -2.56 |
| 10. Renault | 5,041 | 4,476 | 12.60 |
| 11. Nissan | 2,548 | 2,709 | -5.90 |
| 12. BYD | 560 | 399 | 40.40 |
| 13. Others | 5,816 | 4,998 | 16.40 |
| Total | 549,083 | 495,810 | 10.74 |
33,503 യൂണിറ്റ് വില്‍പ്പനയുമായി ടൊയോട്ട അഞ്ചാം സ്ഥാനത്തെത്തി. 29,378 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്നു 2024 ഒക്‌ടേബറുമായി താരതമ്യം ചെയ്യുമ്പോള്‍ 14 ശതമാനം വളര്‍ച്ച നേടാനായി. ഇന്നോവ ഹൈക്രോസ്, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവയുടെ ഡിമാന്‍ഡ് ജാപ്പനീസ് ബ്രാന്‍ഡിന് കരുത്തായി. കിയ 32,736 യൂണിറ്റ് വില്‍പ്പനയുമായി ആറാം സ്ഥാനത്തുണ്ട്. 2024 ഒക്‌ടോബറിലെ 29,788 യൂണിറ്റില്‍ നിന്ന് വില്‍പ്പന കൂടിയതോടെ 9.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
12,054 യൂണിറ്റ് വില്‍പ്പനയുമായി സ്‌കോഡ-ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ഏഴാമതും 7,168 യൂണിറ്റുമായി ഹോണ്ട എട്ടാമതുമെത്തി. സ്‌കോഡ-ഫോക്സ്വാഗണ്‍ ഗ്രൂപ്പ് 34.10 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ഹോണ്ടയുടെ കച്ചവടം 3 ശതമാനം ഇടിഞ്ഞു. എംജി 5,753 യൂണിറ്റ് വില്‍പ്പനയുമായി ഒമ്പതാമതായി. എംജിക്ക് 2.56 ശതമാനം വില്‍പ്പന ഇടിവ് നേരിട്ടു. 2024 ഒക്‌ടോബറില്‍ നേടിയ 3,376 യൂണിറ്റ് 2025 ഒക്‌ടോബറില്‍ 5,041 യൂണിറ്റാക്കി ഉയര്‍ത്തി നെനോ 12.60 ശതമാനം വളര്‍ച്ചയോടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്തി.


Click it and Unblock the Notifications








