മാരുതി വിചാരിച്ചാല്‍ പോലും ഒന്നാം സ്ഥാനം പോകില്ല! നവംബറിലെ ടോപ് 10 കാര്‍ ബ്രാന്‍ഡുകള്‍ ഇതാ...
ഡിസംബര്‍ മാസം പിറന്നതോടെ വാഹന നിര്‍മാതാക്കള്‍ 2025 നവംബറില്‍ നേടിയ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ്. എല്ലാ മാസത്തെയും പോലെ ഒന്നാം സ്ഥാനത്തിന് മാറ്റമൊന്നുമില്ല. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി അസാമാന്യ ലീഡുമായി ഒന്നാം സ്ഥാനം അലങ്കരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 2025 നവംബര്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച മികച്ച 10 നിര്‍മ്മാതാക്കള്‍ ഏതൊക്കെയെന്നാണ് അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. പോയ മാസത്തെ ടോപ് 10 വാഹന ബ്രാന്‍ഡുകള്‍ ഏതൊക്കെയാണെന്ന് വിശദമായി ചുവടെ വായിക്കാം.
പതിവുപോലെ, 2025 നവംബറില്‍ മാരുതിയാണ് ഒന്നാം സ്ഥാനത്ത്. 2025 നവംബറില്‍ മാരുതി 1,70,971 വാഹനങ്ങള്‍ വിറ്റു. അതേസമയം 2024 നവംബറില്‍ 1,41,312 യൂണിറ്റുകള്‍ മാത്രമായിരുന്നു മാരുതിയുടെ വില്‍പ്പന. 29,659 വാഹനങ്ങള്‍ അധികം വിറ്റ മാരുതി 20.99 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 2025 ഒക്ടോബറില്‍ വിറ്റ 1,76,318 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ ഇടിവുണ്ട്. ഒക്‌ടോബര്‍ മാസം 5347 യൂണിറ്റുകളുടെ അധിക വില്‍പ്പനയുണ്ടായിരുന്നതിനാല്‍ 3.03 ശതമാനം ഇടിവ് രേഖപ്പെടുത്തി.

രണ്ടാം സ്ഥാനത്ത് ടാറ്റ മോട്ടോര്‍സാണ്. 2025 നവംബറില്‍ ആകെ 57,436 വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. 2024 നവംബറിലെ 47,063 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 22.04 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. വേളിയം വര്‍ധന 10,373 യൂണിറ്റാണ്. അേതസമയം 61,134 യൂണിറ്റ് വില്‍പ്പന നേടിയ 2025 ഒക്‌ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 3,698 യൂണിറ്റുകളുടെ കുറവുണ്ട്. അതായത് 6.05 ശതമാനം ഇടിവ്.
മഹീന്ദ്രയാണ് മൂന്നാം സ്ഥാനത്ത്. 2025 നവംബറില്‍ കമ്പനി ആകെ 56,336 വാഹനങ്ങള്‍ വിറ്റു. 2024 നവംബറില്‍ 46222 യൂണിറ്റ് ആയിരുന്നു വില്‍പ്പന. 10114 യൂണിറ്റ് അധികം വിറ്റഴിച്ചതോടെ മഹീന്ദ്രക്ക് 21.88 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനായി. അതേസമയം മുന്‍മാസമായ 2025 ഒക്‌ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന 20.95 ശതമാനം ഇടിഞ്ഞു. ദീപാവലി ഉള്‍പ്പെടുന്ന മാസമായ ഒക്‌ടോബറില്‍ 71264 യൂണിറ്റ് ആയിരുന്നു മഹീന്ദ്രയുടെ വില്‍പ്പന. നവംബറിനേക്കാള്‍ 14,928 യൂണിറ്റുകളുടെ വ്യത്യാസമുണ്ട്.

സ്ഥിരമായി രണ്ടാം സ്ഥാനത്തുണ്ടാകാറുണ്ടായിരുന്ന ഹ്യുണ്ടായി പോയ മാസം നാലാമതാണ്. 2025 നവംബറില്‍ കമ്പനി ആകെ 50,340 വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ 2024 നവംബറില്‍ വിറ്റ 48,246 യൂണിറ്റിനെ അപേക്ഷിച്ച് 2,094 വാഹനങ്ങള്‍ അധികം വില്‍ക്കാന്‍ കൊറിയന്‍ കമ്പനിക്ക് സാധിച്ചു. വാര്‍ഷിക വളര്‍ച്ച 4.34 ശതമാനമാണ്. 53,792 വാഹനങ്ങള്‍ വിറ്റ 2025 ഒക്‌ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 3,452 യൂണിറ്റുകളുടെ കുറവുണ്ട്. അതായത് 6.42 ശതമാനം ഇടിവ്.
2025 നവംബറില്‍ 30,085 വാഹനങ്ങള്‍ വിറ്റ് ടൊയോട്ട അഞ്ചാം സ്ഥാനത്തെത്തി. 2024 നവംബറില്‍ വിറ്റ 25,183 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 19.47 ശതമാനമാണ് ജാപ്പനീസ് ബ്രാന്‍ഡിന്റെ വാര്‍ഷിക വളര്‍ച്ച. പോയ മാസം 4,902 വാഹനങ്ങള്‍ ടൊയോട്ട അധികം വിറ്റു. 40,257 വാഹനങ്ങള്‍ വിറ്റ ഒക്‌ടോബറുമായി തട്ടിച്ച് നോക്കുമ്പോള്‍ 13.76 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒക്‌ടോബറില്‍ 4,067 വാഹനങ്ങള്‍ അധികം വില്‍ക്കാന്‍ സാധിച്ചിരുന്നു.

കിയ ആറാം സ്ഥാനത്താണ്. 2025 നവംബറില്‍ കമ്പനി ആകെ 25,489 വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 20,600 യൂണിറ്റായിരുന്നു വില്‍പ്പന. 4889 വാഹനങ്ങള്‍ അധികം വിറ്റതിനാല്‍ 23.73 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനായി. ഒക്‌ടോബറിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ കിയക്കും 9.64 ശതമാനം ഇടിവാണ്. 29559 വാഹനങ്ങള്‍ വിറ്റ ഒക്‌ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ 4067 യൂണിറ്റുളുടെ വ്യത്യാസം കാണാം.
5941 യൂണിറ്റുകള്‍ വിറ്റഴിച്ച് വില്‍പ്പനയില്‍ 90 ശതമാനം വളര്‍ച്ചയോടെ സ്‌കോഡ് ഏഴാം സ്ഥാനത്തെത്തി. വില്‍പ്പനയില്‍ 32 ശതമാനം വളര്‍ച്ചയോടെ 5204 യൂണിറ്റുകള്‍ വിറ്റഴിച്ച് എംജി എട്ടാം സ്ഥാനത്തെത്തി. 3662 യൂണിറ്റ് വിറ്റ് 4 ശതമാനം വളര്‍ച്ചയോടെ ഹോണ്ടയാണ് ഒമ്പതാം സ്ഥാനത്ത്. വില്‍പ്പനയില്‍ 30 ശതമാനം വളര്‍ച്ചയോടെ റെനോ പത്താം കരസ്ഥമാക്കി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍ വാഹന വില്‍പ്പനയില്‍ വര്‍ധനവുണ്ടായതായി എല്ലാ കമ്പനികളും റിപ്പോര്‍ട്ട് ചെയ്തു. ദീപാവലി പോലുള്ള ഉത്സവങ്ങള്‍ ഒക്ടോബറില്‍ വരുന്നതാണ് ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന കുറയാന്‍ കാരണം. ഇയര്‍ എന്‍ഡ് ഓഫറുകള്‍ വരുന്നതിനാല്‍ ഡിസംബറിലും മികച്ച വില്‍പ്പന ലഭിക്കാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications








