വില കൂടുതലായിട്ടും ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്നത് ഈ കാര്‍, അത് മാരുതിയല്ല; ടോപ് 10 പട്ടികയില്‍ ഇവരെല്ലാം...
2025 ജൂലൈ മാസം പിന്നിട്ട് ഒരു വാരം കഴിഞ്ഞിരിക്കുകയാണ്. വാഹന നിര്‍മാതാക്കള്‍ 2025 ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ബ്രാന്‍ഡുകളുടെ വില്‍പ്പനയും വിവിധ സെഗമെന്റ് തിരിച്ചുള്ള വില്‍പ്പന കണക്കുകളുമെല്ലാം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടിക ഇപ്പോള്‍ ഞങ്ങളുടെ കൈയ്യിലുണ്ട്. പതിവുപോലെ തന്നെ നമ്പര്‍ 1 ബ്രാന്‍ഡായ മാരുതി സുസുക്കിക്ക് തന്നെയാണ് ടോപ് 10 പട്ടികയില്‍ ആധിപത്യം. ടോപ് 10 പട്ടികയില്‍ ആറ് കാറുകളും ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്നതാണ്.
ആദ്യ അഞ്ചിലേക്ക് വന്നാല്‍ അതില്‍ നാലും മാരുതി കാറുകളാണ്. എന്നാല്‍ പോയമാസം ഒന്നാം സ്ഥാനം മാരുതിക്ക് സ്വന്തമാക്കാന്‍ സാധിച്ചില്ല. പട്ടികയില്‍ ടാറ്റയുടെ രണ്ട് കാറുകളും ഹ്യുണ്ടായിയുടെയും മഹീന്ദ്രയുടെയും ഓരോ കാറുകള്‍ വീതവും ഇടംപിടിച്ചു. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

മാരുതി സുസുക്കിയുടെ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സ് ആണ് പട്ടികയില്‍ പത്താം സ്ഥാനത്ത്. 2025 ജൂണ്‍ മാസത്തില്‍ മൊത്തം 9815 യൂണിറ്റ് ഫ്രോങ്ക്‌സ് ആണ് മാരുതി വിറ്റത്. 2024 ജൂണ്‍ മാസത്തിലെ 9688 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രോങ്ക്‌സ് 1 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ആയിരുന്ന ടാറ്റ പഞ്ചിന്റെ കഷ്ടകാലം തുടരുകയാണ്.
കഴിഞ്ഞ മാസം 10,446 യൂണിറ്റ് വില്‍പ്പനയുമായി പഞ്ച് ഒമ്പതാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. 2024 ജൂണ്‍ മാസത്തില്‍ പഞ്ചിന് 18,238 പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്നു. 43 ശതമാനത്തിന്റെ വമ്പന്‍ ഇടിവാണ് നേരിട്ടത്. പട്ടികയില്‍ എട്ടാം സ്ഥാനത്ത് ടാറ്റ നെക്‌സോണ്‍ ആണ്. 2024 ജൂണില്‍ വിറ്റ 12066 യൂണറ്റിനെ അപേക്ഷിച്ച് പോയ മാസം 11602 യൂണിറ്റുകള്‍ മാത്രം വിറ്റുപോയ നെക്‌സോണ്‍ 4 ശതമാനം വില്‍പ്പന ഇടിവ് നേരിട്ടു.

മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയാണ് ഏഴാമത്. 2025 ജൂണ്‍ മാസത്തില്‍ സ്‌കോര്‍പിയോ 12,740 യൂണിറ്റ് വില്‍പ്പന നേടി. 2024 ജൂണ്‍ മാസത്തിലെ 12,307 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ എസ്‌യുവി 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആറാം സ്ഥാനത്തും മാരുതിയുടെ കാറാണ് - വാഗണ്‍ ആര്‍. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 12,930 വാഗണ്‍ആറുകളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. 2024 ജൂണ്‍ മാസത്തില്‍ ഇത് 13,790 ആയിരുന്നു. ടോള്‍ബോയ് ഹാച്ചിന്റെ വില്‍പ്പന 6 ശതമാനം കുറഞ്ഞിരിക്കുകയാണ്.
ജൂണ്‍ മാസത്തില്‍ മൊത്തം 13,275 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സ്വിഫ്റ്റ് അഞ്ചാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും സ്വിഫ്റ്റിന്റെ വില്‍പ്പനയില്‍ 19 ശതമാനം ഇടിവാണ്. 2024 ജൂണ്‍ മാസത്തില്‍ സ്വിഫ്റ്റിന്റെ വില്‍പ്പന 16,422 യൂണിറ്റ് ആയിരുന്നു. നാലാം സ്ഥാനത്ത് മാരുതിയുടെ എര്‍ട്ടിഗ എംപിവിയാണ്. 2024 ജൂണില്‍ 15,902 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന എംപിവിയുടെ 14151 യൂണിറ്റ് മാത്രമാണ് കഴിഞ്ഞ മാസം വില്‍ക്കാനായത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവ് 11 ശതമാനമാണ്.
| റാങ്ക് | മോഡൽ | 2025 ജൂൺ വിൽപ്പന | 2024 ജൂൺ വിൽപ്പന |
| 1 | ഹ്യുണ്ടായി ക്രെറ്റ (-3%) | 15,786 | 16,293 |
| 2 | മാരുതി സുസുക്കി ഡിസയർ (15%) | 15,484 | 13,421 |
| 3 | മാരുതി സുസുക്കി ബ്രെസ (10%) | 14,507 | 13,172 |
| 4 | മാരുതി സുസുക്കി എർട്ടിഗ (-11%) | 14,151 | 15,902 |
| 5 | മാരുതി സുസുക്കി സ്വിഫ്റ്റ് (-19%) | 13,275 | 16,422 |
| 6 | മാരുതി സുസുക്കി വാഗൺ ആർ (-6%) | 12,930 | 13,790 |
| 7 | മഹീന്ദ്ര സ്കോർപിയോ (4%) | 12,740 | 12,307 |
| 8 | ടാറ്റ നെക്‌സോൺ (-4%) | 11,602 | 12,066 |
| 9 | ടാറ്റ പഞ്ച് (-43%) | 10,446 | 18,238 |
| 10 | മാരുതി സുസുക്കി ഫ്രോങ്ക്സ് (1%) | 9,815 | 9,688 |
മൂന്നാം സ്ഥാനം മാരുതിയുടെ ജനപ്രിയ എസ്‌യുവിയായ ബ്രെസ സ്വന്തമാക്കി. 2025 ജൂണ്‍ മാസത്തില്‍ മൊത്തം 14,507 ബ്രെസ കാറുകളാണ് മാരുതി വിറ്റത്. 12 മാസം മുമ്പ് എസ്‌യുവിയുടെ വില്‍പ്പന 13,172 യൂണിറ്റായിരുന്നു. 10 ശതമാനമാണ് വളര്‍ച്ച. രണ്ടാം സ്ഥാനത്ത് മാരുതിയുടെ സബ് കോംപാക്‌സ് സെഡാന്‍ ആയ ഡിസയര്‍ ആണ്. 2023 ജൂണിലെ 13,421 യൂണിറ്റില്‍ നിന്ന് വില്‍പ്പന 15484 യൂണിറ്റാക്കി ഉയര്‍ത്തി ഡിസയര്‍ 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
2025 മെയ് മാസത്തില്‍ സ്വന്തമാക്കിയ ഒന്നാം സ്ഥാനം ഇക്കുറി ഹ്യുണ്ടായി ക്രെറ്റക്ക് മുന്നില്‍ ഡിസയര്‍ അടിറവ് വെച്ചു. കഴിഞ്ഞ മാസം 15,786 ക്രെറ്റയാണ് കൊറിയന്‍ കമ്പനി വിറ്റത്. ബെസ്റ്റ് സെല്ലര്‍ ആയെങ്കിലും 2024 ജൂണിനെ അപേക്ഷിച്ച് വില്‍പ്പന 3 ശതമാനം ഇടിഞ്ഞതാണ്. 2024 ജൂണില്‍ 16,293 യൂണിറ്റ് ആയിരുന്നു വില്‍പ്പന. പട്ടികയില്‍ 13.77 ലക്ഷത്തിന് വില്‍ക്കുന്ന സ്‌കോര്‍പിയോ മാത്രമാണ് ക്രെറ്റയേക്കാള്‍ വില കൂടുതലുള്ള മോഡല്‍.

നിലവില്‍ 11.11 ലക്ഷം രൂപ മുതല്‍ 20.50 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ജനുവരിയില്‍ ക്രെറ്റ ഇലക്ട്രിക് പുറത്തിറങ്ങയതിന് ശേഷം എസ്‌യുവിയുടെ വില്‍പ്പന കൂടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പണത്തിനൊത്ത മൂല്യം നല്‍കുന്ന കാറുകള്‍ ഓഫര്‍ ചെയ്താല്‍ അത് വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലുള്ള കാറുകളാണ് ഈ പട്ടികയിലെ ഭൂരിഭാഗം മോഡലുകളുമെന്നത് ഇതിന്റെ തെളിവാണ്.


Click it and Unblock the Notifications








