സെപ്റ്റംബറിൽ വിറ്റ് പോയ മികച്ച ഹാച്ച്ബാക്കുകൾ; ഒന്നാം റാങ്ക് എപ്പോഴും മാരുതിക്ക് തന്നെ
ഇന്ത്യൻ കാർ പ്രേമികളുടെ ഏറ്റവും മികച്ച ചോയ്സുകളിൽ ഒന്നാണ് ലുക്കും ബെസ്റ്റ് പെർഫോമൻസും കൂട്ടിയിണക്കിയ ഹാച്ച്ബാക്കുകൾ. ഇത് മനസ്സിലാക്കണമെങ്കിൽ 2025 സെപ്റ്റംബറിലെ ഹാച്ച്ബാക്കുകളുടെ വിൽപ്പന കണക്ക് ഒന്ന് നോക്കിയാൽ മതി. സ്റ്റൈലിൻ്റെയും, മികച്ച പ്രകടനത്തിൻ്റെയും, സുഖസൗകര്യങ്ങളുടെയും, മാത്രമല്ല ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്ന വിലയും കൊണ്ട് ഹാച്ച്ബാക്ക് വിഭാഗം സെപ്റ്റംബറിൽ വീണ്ടും ആധിപത്യം തെളിയിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ഫുൾ മാർക്ക് മേടിച്ച ഹാച്ച്ബാക്കുകൾ ഏതൊക്കെയെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. ലിസ്റ്റിൽ മാരുതി സുസുക്കി മുതൽ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി വരെയുണ്ട്.
മാരുതി സുസുക്കി സ്വിഫ്റ്റ്: നമ്പർ വൺ സ്ഥാനത്ത് വരുന്നത് യുവത്വത്തിൻ്റെ സ്വന്തം സ്റ്റാറായ മാരുതി സുസുക്കി സ്വിഫ്റ്റാണ്. സെപ്റ്റംബറിൽ 15,547 യൂണിറ്റുകളാണ് വിറ്റുതീർത്തത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ കണക്കുകൾ അപേക്ഷിച്ച് നോക്കുമ്പോൾ നാല് ശതമാനം നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡിസൈനിലെ മികവും ഗംഭീര പ്രകടനവും കാഴ്ച്ചവെക്കുന്നതിൽ ഇവൻ്റെ തട്ട് എന്നും താഴ്ന്നുതന്നെ നിൽക്കും.

മാരുതി സുസുക്കി വാഗൺആർ: ഒട്ടും പുറകിലല്ലാതെ തൊട്ടുപ്പിന്നിൽ നിൽക്കുന്നത് മാരുതിയുടെ സ്വന്തം പുത്രൻ സുസുക്കി വാഗൺആറാണ്. 15,388 യൂണിറ്റുകൾ വിൽപ്പന നടത്തികൊണ്ട് കഴിഞ്ഞ വർഷത്തെ 13,339 യൂണിറ്റുകളേക്കാൾ 15 ശതമാനം വളർച്ച കൈവരിച്ചാണ് താരം തിളങ്ങിനിൽക്കുന്നത്. ബോൾഡ് ഡിസൈനിനൊപ്പം ഇന്ധനക്ഷമതയുള്ള എഞ്ചിനും പേരുകേട്ട മാരുതി വാഗൺആർ എല്ലായിപ്പോഴും കുടുംബങ്ങളുടെയും കുടുംബസ്നേഹികളുടെയും പ്രിയങ്കരനാണ് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
മാരുതി സുസുക്കി ബലേനോ: അനിയൻ സ്റ്റാറാണെങ്കിൽ ചേട്ടൻ സൂപ്പർസ്റ്റാറാണെന്ന മട്ടിൽ തൊട്ടുപ്പിന്നിൽ മാരുതി സുസുക്കി ബലേനോ നിൽപ്പുണ്ട്. 13,173 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട ബലേനോ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം ഇടിവ് ഈ വട്ടം ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഏറ്റവും ഫീച്ചർ സമ്പന്നമായ ഹാച്ച്ബാക്കുകളിൽ ഒന്നായും ഏതൊരു സാധാരണക്കാരനും എളുപ്പം ആക്സസ് ചെയ്യാവുന്നതുമായിട്ടുളള മാരുതി സുസുക്കിയുടെ ബലേനോ വിൽപ്പനയിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവച്ചത്.
ടാറ്റ ടിയാഗോ: ടാറ്റ ടിയാഗോയുടെ ബിൽഡ് ക്വാളിറ്റിയും 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും ഉപയോഗിച്ച് ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നായി മാറിയിട്ടുണ്ട്. ടിയാഗോയുടെ വിൽപ്പനയിൽ 97 ശതമാനം വർധനവാണ് സെപ്റ്റംബറിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തിലെ വെറും 4,225 യൂണിറ്റുകളിൽ നിന്ന് 2025 സെപ്റ്റംബറിൽ 8,322 ആയി ഉയർന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ സെപ്റ്റംബറിലെ ഏറ്റവും മികച്ച വിൽപ്പനയുടെ കാര്യത്തിൽ ടാറ്റയ്ക്ക് കരുത്ത് പകരുന്നതിൽ ടിയാഗോ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
മാരുതി സുസുക്കി ആൾട്ടോ: മാരുതി ആൾട്ടോ സമാനതകളില്ലാതെ താങ്ങാനാവുന്ന വിലയോടെ എൻട്രി ലെവൽ സെഗ്‌മെന്റിൽ ഇപ്പോഴും ആധിപത്യം തുടരുന്നു. 5,434 പേരാണ് സുസുക്കി ആൾട്ടോയെ സ്വന്തമാക്കിയത്. താങ്ങാവുന്ന വിലയും ബെസ്റ്റ് പെർഫോമൻസും കാഴ്ച്ചവെക്കുന്ന ഈ ചുണക്കുട്ടിയെ വാങ്ങാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. ആദ്യമായി വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ആദ്യ ഓപ്ഷൻ തന്നെയാണ് ആൾട്ടോ.
ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ്: ഹ്യുണ്ടായി ഗ്രാൻഡ് ഐ 10 നിയോസ് അതിന്റെ പരിഷ്കരിച്ച എഞ്ചിനും സുഖസൗകര്യങ്ങളും കൊണ്ട് മറ്റെല്ലാ ബ്രാൻഡിൽ നിന്നും വേറിട്ടു നിൽക്കുന്നുണ്ട്. 4,238 യൂണിറ്റുകളായാണ് 2025 സെപ്റ്റംബറിൽ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് വിറ്റഴിച്ചത്. എങ്കിൽ ഈ കണക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 17 ശതമാനം ഇടിവാണ് സാക്ഷ്യപ്പെടുത്തിത്. കഴിഞ്ഞ വർഷം 5,103 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
ടാറ്റ ആൾട്രോസ്: ടാറ്റ ആൾട്രോസ് സ്റ്റൈലിനും സുരക്ഷയ്ക്കും മുൻഗണന നൽകുകയും വാങ്ങുന്നവരെ ആകർഷിക്കുകയും ചെയ്യുന്നതിൽ പ്രധാനിയാണ്. കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ നിന്ന് 4,168 യൂണിറ്റാണ് ഈ വർഷം സെപ്റ്റംബറിൽ വിറ്റഴിച്ചത്. 51 ശതമാനം വർധനവാണ് ടാറ്റ ആൾട്രോസിന് ലഭിച്ചത്. ഇത് മറ്റ് ഹാച്ച്ബാക്കുകളെ പിന്നിലാക്കിയുള്ള ടാറ്റയുടെ വലിയ കുതിച്ചു ചാട്ടത്തെയാണ് എടുത്തു കാണിക്കുന്നത്.
ഹ്യുണ്ടായി i20: ടെക്-ലോഡഡ് ക്യാബിനുമായി ഹ്യുണ്ടായി i20 ഒരു ജനപ്രിയ പ്രീമിയം ചോയ്‌സായി തുടരുന്നു. 3,884 പേരാണ് ഈ 2025 സെപ്റ്റംബറിൽ ഇവനെ സ്വന്തമാക്കിയത്. എന്നാലിത് കഴിഞ്ഞ വർഷത്തെ വെച്ച് നോക്കുമ്പോൾ 12 ശതമാനം ഇടിവിന് വഴിയൊരുക്കുകയാണ് ഉണ്ടായത്. 4,428-ണ് കഴിഞ്ഞ വർഷത്തെ വിൽപ്പന. എങ്കിലും വരും മാസങ്ങളിൽ മികച്ച വിൽപ്പനകൾ ഹ്യുണ്ടായ് i20 നിന്ന് നമുക്ക് പ്രതീക്ഷിക്കാം.
ടൊയോട്ട ഗ്ലാൻസ: റീബാഡ്ജ് ചെയ്ത ടൊയോട്ട ഗ്ലാൻസ, ടൊയോട്ടയുടെ വിശ്വാസ്യത നിലനിർത്തുന്നതിൽ പ്രധാനിയാണ്. കഴിഞ്ഞ വർഷത്തെയും ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കുകളും വെച്ചുനോക്കുമ്പോൾ വിൽപ്പനയിൽ വലിയ മാറ്റങ്ങളൊന്നും തന്നെ ടൊയോട്ട ഗ്ലാൻസയുടെ കാര്യത്തിൽ കാണാൽ സാധിക്കുന്നില്ല. വെറും 2 ശതമാനം ഉയർച്ച മാത്രമാണ് ടൊയോട്ട ഗ്ലാൻസയുടെ വിൽപ്പയിൽ കാണാൻ സാധിക്കുന്നത്.
മാരുതി സുസുക്കി എസ്-പ്രെസ്സോ: ഈ ലിസ്റ്റിൽ അവസാനമായി വരുന്നത് മാരുതി സുസുക്കി എസ്-പ്രെസ്സോയാണ്. 1,774 പേരാണ് 2025 സെപ്റ്റംബർ മാസം ഇവനെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1,708 പേരും. ഈ കണക്കുകൾവെച്ച് വെരും 4 ശതമാനത്തിൻ്റെ ഇടിവ് മാത്രം കാണാൻ സാധിക്കുന്നുണ്ട്. വരും മാസങ്ങളിൽ ഇതിലും വിൽപ്പന സ്വന്തമാക്കിക്കൊണ്ട് മാരുതി സുസുക്കി എസ്-പ്രെസ്സോ മുന്നേറാനുള്ള സാധ്യതയുണ്ട്.


Click it and Unblock the Notifications








