ഏറ്റവും മൈലേജുള്ള 10 കോംപാക്ട് പെട്രോള്‍ എസ്‌യുവികള്‍! ഈ പുത്തന്‍ എന്‍ട്രികളെ നോക്കി വെച്ചോളൂ
ഓരോ മാസം കഴിയും തോറും ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിപണി തിങ്ങി നിറയുകയാണ്. ഒതുക്കമുള്ള വലിപ്പത്തിനൊപ്പം കൊക്കിലൊതുങ്ങുന്ന വിലയും കൈനിറയെ ഫീച്ചറുകളും മികച്ച ഇന്ധനക്ഷമതയും ലഭിക്കുന്നതിനാല്‍ എല്ലാവരുടെയും കണ്ണ് ഇപ്പോള്‍ കുഞ്ഞന്‍ എസ്‌യുവികളിലാണ്. അതുകൊണ്ട് തന്നെ സെഗ്മെന്റിലെ ഒരു പങ്ക് സ്വന്തമാക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം ശ്രമിക്കുന്നു. മുന്‍നിര ബ്രാന്‍ഡുകളില്‍ പലതിനും ഈ വിഭാഗത്തില്‍ ഒന്നിലേറെ പോരാളികള്‍ ഉണ്ട്. പുതുവര്‍ഷം പിറന്നതിന് ശേഷം കോംപാക്ട് എസ്യുവി വിഭാഗത്തില്‍ അംഗ സംഖ്യ കൂടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള 10 കോംപാക്ട് എസ്‌യുവികളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.
10. ടാറ്റ നെക്‌സോണ്‍: പട്ടികയില്‍ അവസാന സ്ഥാനത്ത് ടാറ്റയുടെ നെക്സോണ്‍ ആണ്. ഏറ്റവും പുതിയ നെക്‌സോണില്‍ 120 hp പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് മാനുവല്‍, എഎംടി അല്ലെങ്കില്‍ ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. ലിറ്ററിന് 17.44 കിലോമീറ്റര്‍ ലഭിക്കുന്ന 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഏറ്റവും ഇന്ധനക്ഷമതയുള്ള ഓപ്ഷന്‍. എഎംടിക്ക് ലിറ്റിന് 17.18 കിലോമീറ്ററും ഡിസിടിക്ക് ലിറ്ററിന് 17.01 കിലോമീറ്ററും മൈലേജ് പറയുന്നു.

9. കിയ സിറോസ്: ഇന്നലെ സിറോസിന്റെ മൈലേജ് കിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് അല്ലെങ്കില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്ന 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് കിയ സിറോസില്‍ സജ്ജീകരിച്ചിരിക്കുന്നത്. സിറോസിന്റെ മാനുവല്‍ പതിപ്പ് ലിറ്ററിന് 18.2 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. സിറോസിന്റെ പെട്രോള്‍ ഡിസിടി വേരിയന്റുകളുടെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 17.68 കിലോമീറ്ററാണ്.
8. ഹ്യുണ്ടായി വെന്യു: 1.2-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വെന്യു ലഭ്യമാണ്. 6-സ്പീഡ് മാനുവലുമായി വരുന്ന 1.0-ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് കൂടുതല്‍ മൈലേജ് തരുന്നത്. ഇത് ലിറ്ററിന് 18.27 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമ്പോള്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കുമായി ഇണചേര്‍ക്കുമ്പോള്‍ ലിറ്ററിന് 18.15 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നു. 17.52 കിലോമീറ്ററാണ് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ലഭിക്കുന്ന NA എഞ്ചിന്റെ മൈലേജ്.

7. കിയ സോനെറ്റ്: കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സോനെറ്റ് മുഖംമിനുക്കിയെത്തിയപ്പോള്‍ മൈലേജും മെച്ചപ്പെട്ടു. പെട്രോള്‍ എഞ്ചിനുകളില്‍ 19.2 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്ന 7-സ്പീഡ് ഡിസിടിയുമായി ഇണചേര്‍ത്ത 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ആണ് ഏറ്റവും ഇന്ധനക്ഷമതയുള്ള ഓഫര്‍. 6 സ്പീഡ് ഐഎംടി ഗിയര്‍ബോക്സ് ലഭിക്കുന്ന ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 18.7 കിലോമീറ്ററും 5 സ്പീഡ് മാനുവലുമായി വരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 18.83 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.
6. സ്‌കോഡ കൈലാക്ക്: 2024 ഡിസംബറില്‍ അവതരിപ്പിച്ച സ്‌കോഡ കൈലാക്ക് ശ്രദ്ധേയമായ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ഇതിലെ 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ഇണചേരുന്നു. മാനുവലിന് 19.05 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 19.68 കിലോമീറ്ററുമാണ് ARAI ക്ലെയിംഡ് മൈലേജ്.
5. മാരുതി-സുസുക്കി ബ്രെസ: മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ബ്രെസയിലെ 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ഓട്ടോമാറ്റിക്ക് വേരിയന്റുകള്‍ക്ക് 19.8 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുമ്പോള്‍ മാനുവലിന് ലിറ്ററിന് 17.38 കിലോമീറ്റര്‍ മൈലേജ് മാത്രമാണ് പറയുന്നത്.
4. നിസാന്‍ മാഗ്നൈറ്റ്: 1.0-ലിറ്റര്‍ NA, 1.0-ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ ഓപ്ഷനുകളിലാണ് മാഗ്നൈറ്റ് ഓഫര്‍ ചെയ്യുന്നത്. 1.0 ലിറ്റര്‍ NA എഞ്ചിന്‍ 5 സ്പീഡ് മാനുവലിനൊപ്പം ലിറ്റിന് 19.9 കിലോമീറ്ററും 5-സ്പീഡ് എഎംടിയുടെ കൂടെ ലിറ്ററിന് 19.7 കിലോമീറ്ററുമാണ് മൈലേജ് നല്‍കുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ലിറ്ററിന് 20 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ഇതേ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്സുമായി വരുമ്പോള്‍ ലിറ്ററിന് 17.7 കിലോമീറ്ററാണ് മൈലേജ്.

3. മഹീന്ദ്ര XUV 3XO: ജനപ്രിയ സബ് 4 മീറ്റർ എസ്‌യുവിയുടെ 131 hp പവറുള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ മൈലേജിന്റെ കാര്യത്തിലും മികച്ചതാണ്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സുമായി ഇണചേരുമ്പോള്‍ ലിറ്ററിന് 20.1 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.
ഇതേ എഞ്ചിന്റെ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കിനും ലിറ്ററിന് 18.2 ലിറ്റര്‍ മൈലേജ് ലഭിക്കുന്നു. 111 hp കരുത്തുള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും മൈലേജിന്റെ കാര്യത്തില്‍ പിന്നിലല്ല. മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുമ്പോള്‍ 18.89 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 17.92 കിലോമീറ്ററുമാണ് ഇതിന്റെ ഇന്ധനക്ഷമത.
2. റെനോ കൈഗര്‍: മാഗ്നൈറ്റിന്റെ അതേ എഞ്ചിന്‍ ഓപ്ഷനുകളാണ് വരുന്നതെങ്കിലും കൈഗറിന് മൈലേജ് അല്‍പ്പം കൂടുതല്‍ കിട്ടും. 1.0-ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 5 സ്പീഡ് മാനവലില്‍ ലിറ്ററിന് 20.5 കി.ലോമീറ്ററും സിവിടിയുടെ കൂടെ ലിറ്ററിന് 18.24 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന്റെ 5 സ്പീഡ് മാനുവല്‍, എഎംടി പതിപ്പുകളുടെ മൈലേജ് യഥാക്രമം 19.17, 19.03 കിലോമീറ്ററാണ്.
1. മാരുതി ഫ്രോങ്ക്സ്/ടൊയോട്ട ടൈസര്‍: പട്ടികയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡലുകള്‍ മാരുതി സുസുക്കിയുടെ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്സും അതിന്റെ ടൊയോട്ട റീബാഡ്ജ് പതിപ്പായ ടൈസറുമാണ്. 1.2-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ അവയുടെ AMT വേരിയന്റുകളില്‍ ലിറ്ററിന് 22.8 കിലോമീറ്റര്‍ എന്ന സെഗ്മെന്റിലെ ഏറ്റവും മികച്ച മൈലേജ് കണക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതേ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ലിറ്ററിന് 21.7 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.
അതേസമയം ഈ കാറുകളിലെ 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ താരതമ്യേന കുറഞ്ഞ മൈലേജാണ് നല്‍കുക. 1.0 ലിറ്റര്‍ ടര്‍ബോ യൂണിറ്റ് മാനുവല്‍ ഗിയര്‍ബോക്സുമായി ഇണചേരുമ്പോള്‍ ലിറ്ററിന് 21.5 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് ഫ്രോങ്ക്‌സിന്റെയും ടൈസറിന്റെയും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍-എഎംടി വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ്.


Click it and Unblock the Notifications








