വാങ്ങുന്നവരെ കണ്‍ഫ്യൂഷനടിപ്പിച്ച് കൊല്ലുമല്ലോ..! 2025-ല്‍ പുറത്തിറങ്ങിയ ടോപ് 10 എസ്‌യുവികള്‍
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള പോലെ തന്നെ ഇന്ത്യയിലും നിലവില്‍ സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കാണ് (എസ്‌യുവി ) ആവശ്യക്കാര്‍ കൂടുതല്‍. 2025-ലും ഇന്ത്യന്‍ വിപണി ചില മികച്ച എസ്‌യുവി ളുടെ ലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഈ കലണ്ടര്‍ വര്‍ഷം നിരവധി പുതിയ എസ്‌യുവികളും ചില അപ്ഡേറ്റഡ് പതിപ്പുകളും പുറത്തിറങ്ങി. ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച മികച്ച 10 എസ്‌യുവികളെക്കുറിച്ചാണ് ഈ ലേഖനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ ഐസി എഞ്ചിന്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടുന്നുണ്ട്. നമുക്ക് നേരെ 2025-ല്‍ പുറത്തിറങ്ങിയ ടോപ് 10 എസ്‌യുവികള്‍ നോക്കാം.
2025 ഹ്യുണ്ടായി വെന്യു
7.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഹ്യുണ്ടായി സബ് 4 മീറ്റര്‍ എസ്‌യുവിയായ വെന്യുവിന്റെ രണ്ടാം തലമുറ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. തലമുറ മാറ്റത്തിന്റെ ഭാഗമായി വെന്യു അടിമുടി മാറിയാണ് അവതാരമെടുത്തത്. സബ്-4 മീറ്റര്‍ എസ്‌യുവിക്ക് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍, ഒരു 360-ഡിഗ്രി ക്യാമറ തുടങ്ങിയ നിരവധി പുതിയ ഫീച്ചറുകള്‍ ലഭിച്ചു. നിലവിലുള്ള പവര്‍ട്രെയിനുകള്‍ക്കൊപ്പം ഒരു ഡീസല്‍-ഓട്ടോ കോംബോ കൂടി വെന്യുവിന് പുതുതായി ലഭിച്ചു.

ഇത് കിയ സോനെറ്റില്‍ നിന്ന് കടമെടുത്തതാണ്. പുതിയ വെന്യുവിനൊപ്പം രണ്ടാം തലമുറ വെന്യു N ലൈനും അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ സ്പോര്‍ട്ടിയര്‍ പതിപ്പായി വെന്യു N ലൈന്‍ തുടരുന്നു. അകത്തും പുറത്തും ചില കോസ്മെറ്റിക് പരിഷ്‌കാരങ്ങളും ടര്‍ബോ-പെട്രോള്‍ പവര്‍ട്രെയിന്‍ ഓപ്ഷനും ഇതിനുണ്ട്.
മാരുതി വിക്ടോറിസ്
ഹ്യുണ്ടായി ക്രെറ്റയെ പൂട്ടാനായി മാരുതി സുസുക്കി അരീന ചാനല്‍ വഴി വില്‍പ്പനത്തെിച്ച എസ്‌യുവിയാണ് വിക്‌ടോറിസ്. മാരുതി ഉല്‍പ്പാദിപ്പിച്ചതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഫീച്ചറുകളുള്ള കാറായി കണക്കാക്കപ്പെടുന്ന വിക്ടോറിസ് നല്ല സ്റ്റൈലിഷായി കാണപ്പെടുന്നു. ഗ്രാന്‍ഡ് വിറ്റാരയെ പോലെ മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ വിക്ടോറിസ് മാരുതി വാഗ്ദാനം ചെയ്യുന്നു. വിക്ടോറിസിന്റെ സിഎന്‍ജി ടാങ്ക് താഴെയായി സ്ഥാനം പിടിക്കുന്നതിനാല്‍ ധാരാളം ബൂട്ട് സ്പെയ്സ് ലഭിക്കുന്നു.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഒരു പനോരമിക് സണ്‍റൂഫ്, ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), ജെസ്ചര്‍ കണ്‍ട്രോളോടുകൂടിയ പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവ പ്രധാന സവിശേഷതകളാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും ഈ കാര്‍ നേടിയിട്ടുണ്ട്. വിക്ടോറിസിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 10.50 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ്.
2025 ടാറ്റ സിയറ
2023 ഓട്ടോ എക്സ്പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ച സിയറ എസ്‌യുവി ഇക്കഴിഞ്ഞ നവംബറില്‍ ടാറ്റ പുറത്തിറക്കി. ആധുനിക രൂപത്തിലെത്തുന്ന ഐതിഹാസിക എസ്‌യുവിയുടെ പ്രാരംഭ എക്സ്ഷോറൂം വില 11.49 ലക്ഷം രൂപയാണ്. ഒറിജിനല്‍ മോഡലിന്റെ ഡിസൈന്‍ പിന്തുടരുമ്പോള്‍ തന്നെ സ്റ്റൈലിഷ് അലോയ് വീലുകളും ഓള്‍-എല്‍ഇഡി ലൈറ്റിംഗ് അടക്കമുള്ള ഫീച്ചറുകള്‍ നല്‍കിക്കൊണ്ട് മോഡേണ്‍ ടച്ച് കൈവരുത്തിയിട്ടുണ്ട്.
ട്രിപ്പിള്‍-ഡിസ്‌പ്ലേ സെറ്റപ്പ്, 12-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ഓട്ടോ-ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. രണ്ട് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഇവയ്‌ക്കെല്ലാം മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ചോയ്‌സുകള്‍ ലഭ്യമാണ്. ടര്‍ബോ പതിപ്പില്‍ ഓട്ടോമാറ്റിക് മാത്രമാണ് ലഭിക്കുക.
മഹീന്ദ്ര XEV 9S
ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കിയ ആദ്യ 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയുടെ വില 19.95 ലക്ഷം രൂപ മുതല്‍ 29.45 ലക്ഷം രൂപ വരെ പോകുന്നു. ക്ലോസ്ഡ് ഗ്രില്ലും എയറോഡൈനാമിക് ഡിസൈനിലുള്ള അലോയ് വീലുകളും ഉള്‍പ്പെടെ ഇവി-നിര്‍ദ്ദിഷ്ട ഡിസൈന്‍ അപ്‌ഡേറ്റുകള്‍ ഇതിനുണ്ട്. ട്രിപ്പിള്‍-സ്‌ക്രീന്‍ സെറ്റപ്പ്, വെന്റിലേറ്റഡ് ഫ്രണ്ട് റിയര്‍ സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

540-ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ലെവല്‍-2 ADAS, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു. 59 kWh, 70 kWh, 79 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇത് ഓഫര്‍ ചെയ്യുന്നത്. സിംഗിള്‍ റിയര്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഫുള്‍ ചാര്‍ജില്‍ പരമാവധി 679 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്.
കിയ സിറോസ്
ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025-ല്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച കിയ സിറോസ് തൊട്ടുപിന്നാലെ 9 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ജിഎസ്ടി കുറച്ചതോടെ നിലവില്‍ വില തുടങ്ങുന്നത് 8.67 ലക്ഷം രൂപ മുതലാണ്. കിയ എസ്‌യുവി നിരയില്‍ സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ സ്ഥാനം പിടിക്കുന്ന സിറോസിനെ വേറിട്ട് നിര്‍ത്തുന്നത് അതിന്റെ ബോക്സി ഡിസൈനും സവിശേഷതകളുമാണ്.
മുന്‍, പിന്‍ സീറ്റുകളില്‍ വെന്റിലേഷന്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ 12.3 ഇഞ്ച് ഡിസ്‌പ്ലേകള്‍, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 6 എയര്‍ബാഗുകള്‍, ലെവല്‍-2 ADAS, ഫ്രണ്ട്, സൈഡ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ എടുത്തുപറയേണ്ട സവിശേഷതകളാണ്. 1 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ടാറ്റ ഹാരിയര്‍ ഇവി
2025-ല്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ലോഞ്ചുകളില്‍ ഒന്നായിരുന്നു ഹാരിയര്‍ ഇവി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഇവി 21.49 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുറത്തിറങ്ങിയത്. ടാറ്റയുടെ നിലവിലെ മോഡല്‍ നിരയില്‍ ഓള്‍-വീല്‍-ഡ്രൈവ് (AWD) സെറ്റപ്പ് ലഭിക്കുന്ന ഏക കാറാണിത്. ഹാരിയര്‍ ഇവിക്ക് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ട്. 65 kWh, 75 kWh ബാറ്ററി പായ്ക്കുകള്‍ ലഭിക്കുന്ന ഇവിയുടെ പരമാവധി റേഞ്ച് 627 കിലോമീറ്ററാണ്.

രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ വരെ ലഭിക്കുന്ന ഇവിയുടെ QWD സെറ്റപ്പ് വൈകാതെ കുറഞ്ഞ വിലയുള്ള വേരിയന്റുകളില്‍ ഉള്‍പ്പെടുത്താന്‍ പോകുകയാണ്. 14.5 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെവല്‍-2 ADAS, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയടക്കമുള്ള സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്.
ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ ആര്‍-ലൈന്‍
ഫോക്‌സ്വാഗന്റെ ഇന്ത്യയിലെ മുന്‍നിര മോഡലായ 2025 ടിഗുവാന്‍ ആര്‍-ലൈന്‍ കംപ്ലീറ്റ്ലി ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് (CBU) ഇന്ത്യയിലെത്തുന്നത്. 49 ലക്ഷം രൂപയ്ക്ക് പുറത്തിറങ്ങിയ കാറിന്റെ വില ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം 45.73 ലക്ഷം രൂപയായി മാറിയിരുന്നു. 5-സീറ്റ് ലേഔട്ടില്‍ ലഭ്യവുകുന്ന ആര്‍-ലൈന്‍ പതിപ്പ് ആദ്യമായാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് 2025 ടിഗ്വാന്‍ ആര്‍-ലൈനിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡിസിടി (ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍) ഓള്‍-വീല്‍-ഡ്രൈവ് (AWD) ഓപ്ഷനോടുകൂടിയാണ് ഇത് വരുന്നത്. പനോരമിക് സണ്‍റൂഫ്, ട്രൈ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍, ഒമ്പത് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ADAS എന്നീ ഫീച്ചറുകള്‍ എസ്‌യുവിക്ക് ലഭിക്കുന്നു.
2025 സ്‌കോഡ കോഡിയാക്
ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം 46.89 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയില്‍ ഫുള്‍സൈസ് എസ്‌യുവി ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തി. ജിഎസ്ടി കുറച്ചതിന് ശേഷം ഇതിന്റെ വില 39.99 ലക്ഷം രൂപ മുതല്‍ 45.96 ലക്ഷം രൂപ വരെ പോകുന്നു. രണ്ടാം തലമുറ അവതാരത്തില്‍ എത്തിയിരിക്കുന്ന ഈ എസ്‌യുവി പെട്രോള്‍ എഞ്ചിനില്‍ മാത്രമായി രണ്ട് വേരിയന്റുകളില്‍ തെരഞ്ഞെടുക്കാം.
12.9 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ട്രൈ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 9 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഫോക്‌സ്വാഗണ്‍ ടിഗുവാന്‍ ആര്‍-ലൈനിന് സമാനമായ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് കൊഡിയാക്കിന് ലഭിക്കുന്നത്.
വിന്‍ഫാസ്റ്റ് VF6, VF7
വിയറ്റ്നാമീസ് ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റ് VF6, VF7 എന്നീ രണ്ട് പുതിയ ഇലക്ട്രിക് കാറുകളുമായാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. വിന്‍ഫാസ്റ്റ് VF 6 ന് 16.49 ലക്ഷം രൂപയാണ് വില. 59.6 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന ഈ മോഡല്‍ ഫുള്‍ചാര്‍ജില്‍ 468 കിലോമീറ്റര്‍ ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.രണ്ടാമത്തെ മോഡല്‍ കൂടുതല്‍ സ്‌പോര്‍ട്ടിയായ VF7 ആണ്. ഇതിന് കമ്പനി 20.89 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

വിന്‍ഫാസ്റ്റ് VF7 ഇലക്ട്രിക് എസ്‌യുവി 59.6 kWh, 70.8 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നു. ഇതിന്റെ പരമാവധി റേഞ്ച് 532 കിലോമീറ്റര്‍ വരെയാണ്. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് എയര്‍ബാഗുകള്‍, ലെവല്‍-2 ADAS, ഒരു 360 ഡിഗ്രി ക്യാമറ എന്നിവ ഇവികളുടെ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
2025 ടെസ്ല മോഡല്‍ Y
2025 ജൂലൈയില്‍ മോഡല്‍ Y ഇലക്ട്രിക് എസ്‌യുവിയും കൊണ്ടാണ് ടെസ്ല ഇന്ത്യന്‍ വിപണിയില്‍ ഗ്രാന്‍ഡ് എന്‍ട്രി നടത്തിയത്. ചൈനയില്‍ നിന്ന് സിബിയു യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ടെസ്ല മോഡല്‍ Y ഇവിയുടെ ഇന്ത്യയിലെ പ്രാരംഭ വില 59.89 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).
15.4 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, 9-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ടെസ്ലയുടെ പൂര്‍ണ്ണ ADAS സ്യൂട്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മോഡല്‍ Y ഇന്ത്യയില്‍ RWD (റിയര്‍-വീല്‍-ഡ്രൈവ്) രൂപത്തിലാണ് വാഗ്ദാനം ചെയ്യുന്നത്. മോഡല്‍ Y ഇലക്ട്രിക് സെഡാന് 661 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഓട്ടോണോമസ് ഡ്രൈവിംഗ്, ഫാസ്റ്റ് ചാര്‍ജിംഗ്, 15.4 ഇഞ്ച് സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍, 8 ഇഞ്ച് റിയര്‍ ഡിസ്പ്ലേ, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ടെസ്ല മോഡല്‍ Y-യുടെ പ്രധാന സവിശേഷതകള്‍. ഈ കാര്‍ മോഡലിന് 4 വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വാറണ്ടിയും ഓഫര്‍ ചെയ്യുന്നുണ്ട്. ഈ എസ്‌യുവികളില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഡല്‍ ഏതാണെന്ന് കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








