ബേസ് വേരിയന്റിലടക്കം 6 എയര്‍ബാഗുകളുള്ള 15 കാറുകള്‍! പ്രീമിയം ബൈക്കിന്റെ വിലയുള്ള കാർ അടക്കമുണ്ട്
ഇന്ത്യക്കാര്‍ പണ്ട് കാര്‍ വാങ്ങുമ്പോള്‍ വിലയും മൈലേജും മാത്രം പരിഗണിച്ച സ്ഥാനത്ത് നിന്ന് മാറി ഇപ്പോള്‍ സേഫ്റ്റിയും ഒരു മുന്‍ഗണനയായി മാറിയിട്ടുണ്ട്. ടാറ്റ എന്ന കമ്പനി 'സേഫ്റ്റി' മോട്ടോയാക്കി വിപണിയില്‍ തിളങ്ങുന്നത് നാം കാണുന്നു. മുമ്പ് കാറുകളുടെ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രം കണ്ടുവന്നിരുന്ന 6 എയര്‍ബാഗുകള്‍ ഇപ്പോള്‍ ബേസ് വേരിയന്റില്‍ വരെ കിട്ടിത്തുടങ്ങി. രസകരമായ വസ്തുത എന്തെന്നാല്‍ നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറില്‍ പോലും ഈ സവിശേഷതയുണ്ടെന്നതാണ്. ഈ സാഹചര്യത്തില്‍ 6 എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 15 കാറുകള്‍ നമുക്ക് നോക്കാം.
ഈ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത് ഹോണ്ട അമേസ ആണ്. കോംപാക്ട് സെഡാന്‍ കാറിന്റെ വില 8.14 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറക്കിയ മൂന്നാം തലമുറ ഹോണ്ട അമേസില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ഈ കാര്‍ ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല. പുതിയ ഷീറ്റ് മെറ്റലുള്ള ഒരു പുതിയ ഡിസൈന്‍ ലഭിക്കുന്ന മെച്ചപ്പെടുത്തിയ ഇന്റീരിയറും കാറിന് ലഭിക്കുന്നു.

കിയയുടെ സബ് 4 മീറ്റര്‍ എസ്‌യുവിയായ സോനെറ്റും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നു. ഈ കാറും ഇതുവരെ ക്രാഷ് ടെസ്റ്റ് നടത്തിയിട്ടില്ല. 8 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ സിറോസിനേക്കാള്‍ 1 ലക്ഷം രൂപയാണ് വില. കിയയുടെ പരമ്പരാഗത ഡിസൈന്‍ ഭാഷയുമായി വരുന്ന ഈ കാറാണ് നിലവില്‍ കിയയുടെ ബെസ്റ്റ് സെല്ലര്‍.
ക്രാഷ് റേറ്റിംഗില്‍ 5 സ്റ്റാര്‍ നേടിയ ഇന്ത്യയിലെ ആദ്യത്തെ വാഹനമായ ടാറ്റ നെക്സോണ്‍ ഈ പട്ടികയിലുണ്ട്. 8 ലക്ഷം രൂപ രൂപ വിലയില്‍ തുടങ്ങുന്ന നെക്‌സോണിന്റെ സേഫ്റ്റി തെളിയിക്കാന്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് തന്നെ ധാരാളം. നെക്സോണ്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു. നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പും ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്.
ഈ പട്ടികയില്‍ ഇടംപിടിച്ച ഏക മഹീന്ദ്ര കാര്‍ XUV 3XO ആണ്. ഇത് ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയാണ്. എസ്‌യുവിയുടെ ബേസ് വേരിയന്റിന്റെ വില 7.99 ലക്ഷം രൂപയാണ്. ഈ കാറില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. മുന്‍ഗാമിയായ XUV300-യെ അപേക്ഷിച്ച് അപ്‌ഡേറ്റഡ് ഇന്റീരിയറും ഡിസൈനുമായി വരുന്ന ഈ കാര്‍ പോയ വര്‍ഷത്തെ വമ്പന്‍ ഹിറ്റായിരുന്നു. കാറിന്റെ മുന്‍ഗാമി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.
ഇന്ത്യയില്‍ എല്ലാ കാറുകളിലും സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഹ്യുണ്ടായി. കൊറിയന്‍ കമ്പനി 7.94 ലക്ഷം രൂപക്ക് വില്‍ക്കുന്ന വെന്യുവില്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, കിയ സോനെറ്റ് എന്നിവയുമായി മത്സരിക്കുന്നതിനാല്‍ സേഫ്റ്റിയുടെ കാര്യത്തില്‍ ഹ്യുണ്ടായി ഒട്ടും മോശമാക്കിയിട്ടില്ല.

ഇന്ത്യന്‍ വിപണിയിലെത്തിയ ഏറ്റവും പുതിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ സ്‌കോഡ കൈലാക്കും പട്ടികയിലുണ്ട്. സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇതിന്റെ വില 7.89 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. കുഷാഖ്, സ്ലാവിയ തുടങ്ങിയ കാറുകള്‍ നിര്‍മിച്ച അതേ MQB A0 IN പ്ലാറ്റ്ഫോമിലാണ് കുഷാക്കും പണിതിരിക്കുന്നത്. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്്റ്റി റേറ്റിംഗാണ് ഈ രണ്ട് കാറുകളും നേടിയത്. അതേ ബില്‍ഡ് ക്വാളിറ്റി കുഷാക്കിനും കാണും.
വേരിയന്റ് ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ ലിസ്റ്റിലെ ഏക പ്രീമിയം ഹാച്ച്ബാക്കാണ് ഹ്യുണ്ടായി i20. മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ് എന്നീ മോഡലുകളുടെ എതിരാളിയായ ഈ കാറിന്റെ വില ആരംഭിക്കുന്നത് 7.04 ലക്ഷം രൂപ മുതലാണ്. ഇത് ഇതുവരെ ക്രാഷ് ടെസ്റ്റ് ചെയ്തിട്ടില്ല. മുഖംമിനുക്കിയെത്തുന്ന ആള്‍ട്രോസിലും 6 എയര്‍ബാഗുകളും പായ്ക്ക് ചെയ്‌തേക്കാം.
അടുത്ത കാലത്ത് സേഫ്റ്റിയില്‍ വിപ്ലവം സൃഷ്ടിച്ച കാറാണ് മാരുതി സുസുക്കി ഡിസയര്‍. കഴിഞ്ഞ വര്‍ഷം അവസാനം വിപണിയില്‍ എത്തിയ നാലാം തലമുറ ഡിസയര്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മാരുതി കാറാണ് ഡിസയര്‍. സബ് കോംപാക്ട് സെഡാന്‍ കാറിന്റെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകളുണ്ട്. ഡിസയറിന്റെ വില തുടങ്ങുന്നത് 6.84 ലക്ഷം രൂപ മുതലാണ്.
പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു ഹ്യുണ്ടായി കാര്‍ ഓറയാണ്. ഡിസയര്‍, ടാറ്റ ടിഗോര്‍, അമേസ് എന്നീ മോഡലുകളുമായി മത്സരിക്കുന്ന ഓറയുടെ വില തുടങ്ങുന്നത് 6.54 ലക്ഷം രൂപയിലാണ്. ഓറ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുവെങ്കിലും ഇതുവരെ ക്രാഷ് ടെസ്റ്റ് ചെയ്തിട്ടില്ല. മറ്റ് ഹ്യുണ്ടായി കാറുകളെ പോലെ ലുക്ക്, ഫീച്ചര്‍, സേഫ്റ്റി എന്നിവയുടെ കാര്യത്തില്‍ ഓറയും യാതൊരു വിട്ടുവീഴചയും ചെയ്യില്ല.

കഴിഞ്ഞ വര്‍ഷമാണ് മാരുതി അടിമുടി മാറ്റങ്ങളുമായി നാലാം തലമുറ സ്വിഫ്റ്റ് അവതരിപ്പിച്ചത്. എക്‌സ്റ്റീരിയര്‍ ഇന്റീരിയര്‍ അപ്‌ഡേറ്റുകള്‍ക്കൊപ്പം പുതിയ എഞ്ചിനും സ്വിഫ്റ്റിന് ലഭിച്ചു. 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തി സേഫ്റ്റി മെച്ചപ്പെടുത്തി കൂടിയായിരുന്നു കാറിന്റെ വരവ്. ജനപ്രിയ ഹാച്ച്ബാക്കിന്റെ ബേസ് LXi വേരിയന്റിന്റെ വില 6.49 ലക്ഷം രൂപയാണ്. ഇന്ത്യ സ്‌പെക്ക് സ്വിഫ്റ്റ് ഇതുവരെ ക്രാഷ് ടെസ്റ്റ് ചെയ്തിട്ടില്ല.
ഹ്യുണ്ടായി പുറത്തിറക്കുന്ന മൈക്രോ എസ്‌യുവിയാണ് എക്‌സ്റ്റര്‍. കമ്പനിയുടെ മോഡല്‍ നിരയില്‍ വെന്യുവിന് താഴെയാണ് എക്‌സ്റ്റര്‍ ഇടംപിടിക്കുന്നത്. ഈ കുഞ്ഞന്‍ എസ്‌യുവിയുടെ വില ആരംഭിക്കുന്നത് 6.21 ലക്ഷം രൂപ മുതലാണ്. ടാറ്റ പഞ്ചുമായി ഏറ്റുമുട്ടുന്നതിനാല്‍ തന്നെ ഈ കാറിന്റെ ബേസ് വേരിയന്റില്‍ അടക്കം 6 എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്. എക്‌സ്റ്ററിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല. എയര്‍ബാഗുകള്‍ കൂടാതെ മറ്റ് നിരവധി സേഫ്റ്റി ഫീച്ചറുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മാഗ്‌നൈറ്റ് ഫെയ്സ്ലിഫ്റ്റ് പുതിയ അപ്ഗ്രേഡുകളും സവിശേഷതകളും കൊണ്ടുവന്നതിനൊപ്പം നിസാന്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റാക്കി നല്‍കിയിട്ടുണ്ട്. ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ എസ്‌യുവിയാണ് ഇത്. സബ് 4 മീറ്റര്‍ എസ്‌യുവി 6.12 ലക്ഷം രൂപ മുതല്‍ സ്വന്തമാക്കാം. നിലവില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ പിടിച്ച് നില്‍ക്കുന്നത് ഈ കാറിന്റെ വില്‍പ്പനയുടെ പുറത്താണ്.
ഹ്യുണ്ടായിയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാര്‍ മോഡലാണ് ഗ്രാന്‍ഡ് i10 നിയോസ്. 5.98 ലക്ഷം രൂപ പ്രാരംഭ വിലയിലെത്തുന്ന ഈ ഹാച്ച്ബാക്ക് മാരുതി സുസുക്കി സ്വിഫ്റ്റുമായി നേരിട്ട് ഏറ്റുമുട്ടുന്നു. മറ്റ് ഹ്യുണ്ടായി കാറുകളെപ്പോലെ ഇത് സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാറും ഇതുവരെ ഇടിക്കൂട്ടില്‍ പരീക്ഷിച്ചിട്ടില്ല.

ഡിസയറിന്റെയും സ്വിഫ്റ്റിന്റെ സേഫ്റ്റി കൂട്ടിയതിന് പിന്നാലെ മാരുതി അപ്‌ഡേറ്റ് ചെയ്ത മോഡലാണ് സെലേറിയോ. മാരുതി സുസുക്കി സെലേറിയോ 5.64 ലക്ഷം രൂപ വിലയിലാണ് വില്‍ക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് സെലേറിയോ അപ്‌ഡേറ്റ് ചെയ്തിരുന്നു. മൈലേജ്, സേഫ്റ്റി, വില എന്നീ മൂന്ന് ബോക്‌സുകളും ടിക്ക് ചെയ്ത് കഴിഞ്ഞതിനാല്‍ സെലേറിയോ ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് വാങ്ങാന്‍ പറ്റിയ മികച്ച കാറുകളില്‍ ഒന്നായി മാറിയിട്ടുണ്ട്.
മാരുതി സമീപകാലത്ത് കൈക്കൊണ്ട ഏറ്റവും സര്‍പ്രൈസിംഗ് തീരുമാനമാണ് ആള്‍ട്ടോ K10 ഹാച്ചില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയത്. എയര്‍ബാഗുകളെക്കുറിച്ചുള്ള മാരുതിയുടെ മുന്‍ നിലപാടില്‍ നിന്ന് വിപരീതമായി പോസിറ്റീവായ മാറ്റമായിരുന്നു അത്. വെറും 4.23 ലക്ഷം രൂപ മാത്രം വിലയുള്ള ആള്‍ട്ടോ K10 ഇതോടെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറായി മാറി. മുകളില്‍ പറഞ്ഞ വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണെന്ന് ശ്രദ്ധിക്കുക.


Click it and Unblock the Notifications








