25 kmpl നോര്‍മല്‍ ആയെന്നേ..! ഇന്ത്യയിലെ ടോപ് 5 മൈലേജ് കാറുകള്‍
ഒരു പുതിയ കാര്‍ വാങ്ങുക എന്നത് ഇന്നും അതുല്യമായ അനുഭവമാണ്. പുത്തന്‍ കാര്‍ വാങ്ങുമ്പോള്‍ കണ്ണുംപൂട്ടി ഒരെണ്ണം വാങ്ങാതെ പല കാര്യങ്ങളും പരിഗണനയില്‍ വരും. പെര്‍ഫോമന്‍സ്, പ്രവര്‍ത്തനച്ചെലവ്, ഉടമസ്ഥാവകാശച്ചെലവ്, സുരക്ഷ, സവിശേഷതകള്‍, വിശ്വാസ്യത, വില്‍പ്പനാനന്തര സേവനം തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് ആളുകള്‍ കാറുകള്‍ വാങ്ങുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ മൈലേജിന് പ്രാധാന്യം കൊടുക്കുന്നു. പെട്രോള്‍ വില ഇനിയും മൂന്നക്കത്തില്‍ നിന്ന് താഴെ ഇറങ്ങാത്ത സാഹചര്യത്തില്‍ ഇന്ധനക്ഷമതയുള്ള വാഹനങ്ങളുടെ പ്രാധാന്യം കൈമോളം വന്നുപോയിട്ടില്ല.
പെട്രോള്‍ കാറുകള്‍ കൂടാതെ മികച്ച ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ്, സിഎന്‍ജി കാറുകളും രാജ്യത്ത് വാങ്ങാന്‍ കിട്ടും. നിങ്ങള്‍ ഒരു ഇന്ധനക്ഷമതയുള്ള കാര്‍ തിരയുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജുള്ള 5 കാറുകളുടെ ഒരു പട്ടിക ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ലിറ്ററിന് 30 കിലോമീറ്ററിന് മുകളില്‍ മൈലേജ് പറയുന്ന സിഎന്‍ജി കാറുകളെ പരിഗണിച്ചിട്ടില്ല. പട്ടികയില്‍ ഭൂരിഭാഗവും മാരുതി കാറുകളാണ്. അവ ഏതൊക്കെയാണെന്ന്് ചുവടെ വിശദമായി വായിക്കാം.

5. മാരുതി സുസുക്കി ഡിസയര്‍: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി ഡിസയര്‍. സബ് കോംപാക്ട് സെഡാന്‍ ലിറ്ററിന് 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI പറയുന്നത്. സെഡാന്റെ എഎംടി വേരിയന്റിന്റെ മൈലേജ് കണക്കുകളാണ് ഇത്. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമായ ശേഷം ഈ കാറിന്റെ ഇന്ധനക്ഷമത കൂടിയിട്ടുണ്ട്.
80 bhp പവറും 112 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി ഡിസയറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ഇണചേരുന്നു. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന വേരിയന്റിന് മൈലേജ് അല്‍പ്പം കുറയും. 24.79km/l ആണ് ഡിസയര്‍ മാനുവലിന്റെ മൈലേജ്. നിലവില്‍ 6.84 ലക്ഷം രൂപ മുതലാണ് ഡിസയറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

4. മാരുതി സുസുക്കി സ്വിഫ്റ്റ്: ഡിസയറിലെ 80 bhpപവറുള്ള പുതിയ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി ആദ്യം എത്തിയത് സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ആണ്. സിലിണ്ടര്‍ ഒരെണ്ണം കുറഞ്ഞെങ്കിലും ഇന്ധനക്ഷമത കൂടി. 5-സ്പീഡ് മാനുവലുമായി ജോടിയാക്കുമ്പോള്‍ ഈ എഞ്ചിന്‍ ലിറ്ററിന് 24.8 കിലോമീറ്റര്‍ മൈലേജും എഎംടി യൂണിറ്റുള്ള വേരിയന്റിന് 25.75 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവില്‍ 6.49 രൂപയാണ് ഹാച്ചിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.
3. മാരുതി സുസുക്കി സെലേറിയോ: മികച്ച മൈലേജുള്ള മാരുതിയുടെ എന്‍ട്രി ലെവല്‍ കാറാണ് സെലേറിയോ. 69 bhp പവറും 91Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായോ 5-സ്പീഡ് എഎംടി യൂണിറ്റുമായോ ജോടിയാക്കാം. മാനുവല്‍ വേരിയന്റുകള്‍ക്ക് 24.97km/l മുതല്‍ 25.24km/l വരെയും എഎംടി പതിപ്പുകള്‍ക്ക് 26km/l വരെയുമാണ് മൈലേജ് അവകാശപ്പെടുന്നത്. 5.64 ലക്ഷം രൂപയാണ് സെലേറിയോയുടെ പ്രാരംഭ വില.

2. ഹോണ്ട സിറ്റി e:HEV: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാനാണ് ഹോണ്ട സിറ്റി e:HEV. സ്റ്റാന്‍ഡേര്‍ഡ് സിറ്റിയില്‍ നിന്ന് വ്യത്യസ്തമായി സിറ്റി e:HEV മോഡലില്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഹൈബ്രിഡ് സിസ്റ്റം ഒരുമിച്ച് 126bhp പവര്‍ നല്‍കുന്നു. ലിറ്ററിന് 27.26 കിലോമീറ്ററാണ് സിറ്റി ഹൈബ്രിഡിന്റെ മൈലേജ്. നിലവില്‍ 19.90 ലക്ഷം രൂപ മുതലാണ് സിറ്റി ഹൈബ്രിഡിന്റെ വില.
1. ടൊയോട്ട ഹൈറൈഡര്‍ / മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര: സുസുക്കിയും ടെയോട്ടയും സംയുക്തമായി വികസിപ്പിച്ച മിഡ്‌സൈസ് എസ്‌യുവികള്‍ക്ക് കാഴ്ചയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും മെക്കാനിക്കലായി സമാനമാണ്. ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിനാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്. ലിറ്ററിന് 27.97 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്. ഹൈറൈഡറിന് 11.34 ലക്ഷം രൂപയും ഗ്രാന്‍ഡ് വിറ്റാരയ്ക്ക് 11.42 ലക്ഷം രൂപയുമാണ് പ്രാരംഭ വില.


Click it and Unblock the Notifications








