ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങാന്‍ തോന്നൂല..! ത്രില്ലിംഗ് ഡ്രൈവ് സമ്മാനിക്കുന്ന ടോപ് 5 കോംപാക്ട് എസ്‌യുവികള്‍
നമ്മുടെ രാജ്യത്ത് നിലവില്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ പകുതിയോളം സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ ആണ്. എസ്‌യുവികള്‍ക്കിടയില്‍ തന്നെ കോംപാക്ട് എസ്‌യുവികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. എസ്‌യുവിയുടെ പരുക്കന്‍ ലുക്കും ഉയര്‍ന്ന പൊസിഷനും പ്രദാനം ചെയ്യുന്നതിനൊപ്പം തന്നെ ഇവ ഓടിക്കാനും എളുപ്പമാണ്. താങ്ങാനാവുന്ന വിലയില്‍ കൂടി കിട്ടുന്നതിനാല്‍ സിറ്റി ഉപയോഗത്തിനുള്ള കാറുകള്‍ തേടുന്നവര്‍ ആദ്യം പരിഗണിക്കുന്നത് കോംപാക്ട് എസ്‌യുവികളാണ്. ഇന്ത്യയിലെ കോംപാക്ട് എസ്‌യുവികളുടെ ലോകം കേവലം പ്രായോഗികതയിലും സ്‌റ്റൈലിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. കരുത്തുറ്റ എഞ്ചിനുകളും, സ്‌പോര്‍ട്ടി ഡ്രൈവിംഗ് ഡൈനാമിക്‌സും, ഏറ്റവും പുതിയ സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്ന ഈ വാഹനങ്ങള്‍ ആവേശകരമായ അനുഭവം സമ്മാനിക്കുന്നു.
സിറ്റി ഡ്രൈവുകളിലായാലും വാരാന്ത്യങ്ങളിലെ സാഹസിക യാത്രകള്‍ക്കായാലും ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ ഈ എസ്‌യുവികള്‍ ഒരിക്കലും നിരാശരാക്കില്ല. മികച്ച പെര്‍ഫോമന്‍സും ആകര്‍ഷകമായ യാത്രാനുഭവവും ഉറപ്പാക്കുന്ന ഇന്ത്യയിലെ അഞ്ച് ജനപ്രിയ കോംപാക്ട് എസ്‌യുവികളുടെ പട്ടിക ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. അതില്‍ ഏതൊക്കെ മോഡലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, നിങ്ങളുടെ ഇഷ്ടപ്പെട്ട മോഡല്‍ ഉണ്ടോ എന്നുമറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍
ജര്‍മ്മന്‍ എന്‍ജിനീയറിംഗ് മികവോട് കൂടി പട്ടികയില്‍ ഇടംപിടിച്ച ആദ്യ വാഹനം വോക്‌സ്‌വാഗണ്‍ ടൈഗൂണാണ്. ഇതിന്റെ കരുത്തുറ്റ 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ ആവേശകരമായ അനുഭവമാണ് സമ്മാനിക്കുക. ഇതില്‍ തന്നെ 7-സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനോട് കൂടിയ GT ട്രിമ്മുകള്‍ നല്‍കുന്ന സ്‌പോര്‍ട്ടി ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് എടുത്തു പറയേണ്ട ഒന്നാണ്.
പിന്‍ സീറ്റിലെ സ്ഥലപരിമിതി മാറ്റിവെച്ചാല്‍ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എസ്‌യുവി മികച്ച ഫീച്ചറുകള്‍, ഹാന്‍ഡ്‌ലിംഗ്, യാത്രാസുഖം എന്നിവയില്‍ മികച്ച് നില്‍ക്കുന്നു. ഡ്രൈവിംഗ് ഹരമായി കൊണ്ടുനടക്കുകയും ഒരു ആകര്‍ഷകമായ പ്രീമിയം എസ്‌യുവി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ ജര്‍മന്‍ കരുത്തന്‍ മികച്ച ചോയ്‌സ് ആണ്. നിലവില്‍ 11.41 ലക്ഷം രൂപയാണ് ടൈഗൂണിന്റെ പ്രാരംഭ വില. ടോപ് സ്‌പെക് വേരിയന്റിന്റെ വില 21.10 ലക്ഷം രൂപയാണ്.

ഹ്യുണ്ടായി ക്രെറ്റ
കോംപാക്ട് എസ്‌യുവി വിഭാഗം അടക്കിഭരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഈ വിഭാഗത്തിലെ ഒരു ബെഞ്ച്മാര്‍ക്കായി തുടരുന്നു. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, മികച്ച ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഇതിനുണ്ട്. ഹൈവേകളിലും, തിരക്കേറിയ നഗരവീഥികളിലും സുഗമമായ യാത്ര ഇത് ഉറപ്പ് നല്‍കുന്നു.
കൃത്യമായ ഗിയര്‍ ഷിഫ്റ്റുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഡീസല്‍ മാനുവല്‍ മോഡല്‍ മികച്ചതാണ്.
മഡ്, സാന്‍ഡ്, സ്‌നോ തുടങ്ങിയ ഡ്രൈവ് മോഡുകളും ട്രാക്ഷന്‍ കണ്‍ട്രോളും ഈ വാഹനത്തിന് ഒരു സാഹസിക മുഖം നല്‍കുന്നു. ഡീസല്‍ വേരിയന്റുകള്‍ ഉള്ളതിനാല്‍ മൈലേജിന്റെ കാര്യത്തിലും ആശങ്ക വേണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കിയിരുന്നു. നിലവില്‍ 10.72 ലക്ഷം മുതല്‍ 20.20 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ വില പോകുന്നത്.

കിയ സെല്‍റ്റോസ്
ഡ്രൈവിംഗ് ആസ്വാദകരുടെ പ്രിയപ്പെട്ട എസ്‌യുവിയാണ് കിയ സെല്‍റ്റോസ്. ഡിസിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഇതിലെ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ധ്രുതഗതിയിലുള്ള ആക്‌സിലറേഷനും സ്‌പോര്‍ട്ടി അനുഭവവും നല്‍കുന്നു. ഡീസല്‍ എഞ്ചിനും ഇക്കാര്യത്തില്‍ മികവ് പുലര്‍ത്തുന്നു.
പാഡില്‍ ഷിഫ്റ്ററുകള്‍, മള്‍ട്ടിപ്പിള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ എന്നിവ സെല്‍റ്റോസിനെ ഡ്രൈവര്‍മാര്‍ക്ക് പ്രിയങ്കരമാക്കുന്നു.
ടര്‍ബോ-പെട്രോള്‍ മോഡലിന്റെ ഇന്ധനക്ഷമത പരിഗണിക്കേണ്ട വിഷയമാണ്. അടുത്തിടെയാണ് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് 2026 സെല്‍റ്റോസ് അവതരിപ്പിച്ചിരുന്നു. ഡിസൈന്‍, ഫീച്ചര്‍ വശം സമൂലമായ മാറ്റങ്ങളുമായി വരുന്ന എസ്‌യുവിക്ക് പവര്‍ട്രെയിന്‍ വശം മാറ്റങ്ങളില്ല. 2026 ജനുവരി രണ്ടിന് പുതിയ സെല്‍റ്റോസിന്റെ വില പ്രഖ്യാപിക്കും. നിലവില്‍ 10.79 ലക്ഷം മുതല്‍ 19.81 ലക്ഷം രൂപ വരെയാണ് സെല്‍റ്റോസിന്റെ വില.
സ്‌കോഡ കുഷാഖ്
ഡ്രൈവിംഗ് ആസ്വാദനത്തിന് മുന്‍ഗണന നല്‍കുന്നവര്‍ക്ക് സ്‌കോഡ കുഷാഖ് മികച്ച ഓപ്ഷനാണ്്. എസ്‌യുവിയുടെ 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ TSI ടര്‍ബോ എഞ്ചിനുകള്‍ DSG ഗിയര്‍ബോക്‌സുമായി ചേര്‍ന്ന് കാര്യക്ഷമതയും പ്രകടനവും ഉറപ്പാക്കുന്നു. ഇതിന്റെ ലൈറ്റ് സ്റ്റിയറിംഗ്, കോര്‍ണറിംഗ് കണ്‍ട്രോള്‍, സ്ഥിരതയാര്‍ന്ന ഹൈ-സ്പീഡ് പെര്‍ഫോമന്‍സ് എന്നിവ വളയം പിടിക്കുമ്പോള്‍ ആത്മവിശ്വാസം കൂട്ടും.
360 ഡിഗ്രി ക്യാമറ ലഭ്യമല്ലാത്ത ഈ എസ്‌യുവിയിൽ സിംഗിള്‍ പേന്‍ സണ്‍റൂഫാണ് ലഭിക്കുന്നത്. 5 സ്റ്റാര്‍ സേഫ്റ്റി, ഉറപ്പുള്ള ബോഡി ഘടന, ആകര്‍ഷകമായ ഇന്റീരിയര്‍ എന്നിവയാണ് എസ്‌യുവിയുടെ ഹൈലൈറ്റുകളിൽ ചിലത്. 10.61 ലക്ഷം മുതലാണ് കുഷാഖിന്റെ വില തുടങ്ങുന്നത്. ടോപ് വേരിയന്റിന്റെ വില 19.01 ലക്ഷം രൂപയാണ്.

എംജി ആസ്റ്റര്‍
ഡ്രൈവിംഗ് ആവേശം ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന മോഡലാണ് എംജി ആസ്റ്റര്‍. ഇതിന്റെ 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. നോര്‍മല്‍, അര്‍ബന്‍, ഡൈനാമിക് സ്റ്റിയറിംഗ് മോഡുകള്‍ ഡ്രൈവിംഗ് മൂഡ് കസ്റ്റമൈസ് ചെയ്യാന്‍ സഹായിക്കും. ഉയര്‍ന്ന വേഗതയിലെ സ്ഥിരതയും ബോഡി റോള്‍ നിയന്ത്രണവും ഡ്രൈവ് ചെയ്യുമ്പോള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ള നൂതന ഫീച്ചറുകള്‍ ആസ്റ്ററിന്റെ ആകര്‍ഷണം കൂട്ടുന്നു. ഇന്ധനക്ഷമതയില്‍ പിന്നിലാണെങ്കിലും, ആസ്റ്റര്‍ മികച്ച യാത്രാസുഖവും പ്രീമിയം ക്യാബിന്‍ അനുഭവവും നല്‍കുന്നു. നിലവില്‍ 9.65 ലക്ഷം മുതല്‍ 15.36 ലക്ഷം രൂപ വരെയാണ് ആസ്റ്ററിന്റെ വില. മുകളില്‍ പറഞ്ഞവയെല്ലാം എക്‌സ്‌ഷോറൂം വിലകളാണ്. വണ്ടിയോടിക്കുമ്പോള്‍ ആനന്ദം സമ്മാനിക്കുന്ന കാര്‍ മോഡലുകള്‍ തിരയുന്ന പരിചയക്കാര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








