33.73 കി.മീ മൈലേജ് വരെ, വില 10 ലക്ഷത്തില്‍ താഴെ! മികച്ച ഫീച്ചര്‍ പാക്ക്ഡ് സിഎന്‍ജി കാറുകള്‍ പരിചയപ്പെടാം...
ഇന്ത്യന്‍ വാഹന ഉപഭോക്താക്കള്‍ അടുത്ത കാലത്തായി പരിസ്ഥിതിക്ക് അധികം ദേശം വരുത്താത്തതും ഒപ്പം ലാഭകരവുമായ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. അത്തരക്കാരുടെ പ്രിയപ്പെട്ട ചോയ്‌സായി സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) മാറിയിട്ടുണ്ട്. കുറഞ്ഞ വില, പ്രവര്‍ത്തന ചെലവുകള്‍, മികച്ച ഇന്ധനക്ഷമത, പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കാര്‍ബണ്‍ പുറംതള്ളല്‍ കുറവാണ് എന്നീ കാരണങ്ങളാണ് സിഎന്‍ജി വാഹനങ്ങളെ ജനപ്രിയമാക്കുന്നത്. കൂടാതെ, രാജ്യത്തുടനീളമുള്ള സിഎന്‍ജി ഫ്യുവല്‍ സ്‌റ്റേഷനുകളുടെ വികാസവും പെട്രോള്‍-സിഎന്‍ജി ബൈ-ഫ്യൂവല്‍ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്ന പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതും ഇതിന്റെ സ്വീകാര്യത കൂട്ടുന്നു.
ഡിമാന്‍ഡ് കൂടുന്ന സാഹചര്യത്തില്‍ മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി തുടങ്ങിയ മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വരുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. മുമ്പ്, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്ന ആവശ്യം മുന്‍നിര്‍ത്തി കമ്പനികള്‍ വാഹനങ്ങളുടെ ബേസ് വേരിയന്റുകളില്‍ മാത്രമായിരുന്നു സിഎന്‍ജി ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രീമിയം വേരിയന്റുകള്‍ ഉള്‍പ്പെടെ അവരുടെ മോഡല്‍ ശ്രേണിയുടെ വിശാലമായ സ്‌പെക്ട്രത്തില്‍ പെട്രോള്‍-സിഎന്‍ജി ബൈ-ഫ്യൂവല്‍ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നു.

ചെലവ് ചുരുക്കാനുള്ള ഓപ്ഷന്‍ എന്നതില്‍ നിന്ന് മാറി സവിശേഷതകളിലോ ഡ്രൈവിംഗ് അനുഭവത്തിലോ വിട്ടുവീഴ്ച ചെയ്യാതെ പാരിസ്ഥിതിക നേട്ടങ്ങള്‍ക്കും ഇന്ധനക്ഷമതയ്ക്കും പരിഗണന കൊടുക്കുന്നവരുടെ ഗുഡ്ബുക്കില്‍ സിഎന്‍ജി കാറുകള്‍ കയറിപ്പറ്റിയെന്ന് നമുക്ക് മനസ്സിലാക്കാം. ഒരു സിഎന്‍ജി വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫീച്ചറുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത 10 ലക്ഷത്തില്‍ താഴെ വിലയുള്ള നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്. വ്യത്യസ്ത സെഗ്മെന്റുകളിലായി പണത്തിനൊത്ത മൂല്യം വാഗ്ദാനം ചെയ്യുന്ന ചില സിഎന്‍ജി മോഡലുകള്‍ പരിചയപ്പെടാം.
മാരുതി സുസുക്കി ഡിസയര്‍: എസ്‌യുവി ട്രെന്‍ഡിനിടയില്‍ സെഡാന്‍ കാറുകളുടെ വില്‍പ്പന ഇടിഞ്ഞെങ്കിലും അതൊന്നും അധികം ഏശാത്ത മോഡലാണ് മാരുതി സുസുക്കി ഡിസയര്‍. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഈ കാര്‍ തലമുറമാറ്റത്തിന് വിധേയമായത്. അടിമുടി പരിഷ്‌കാരിയായി എത്തിയ ന്യൂജെന്‍ ഡിസര്‍ സേഫ്റ്റിയുടെ കാര്യത്തിലാണ് ശരിക്കും ഞെട്ടിച്ചത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയ ഡിസയറിന്റെ ഏറ്റവും പുതിയ പതിപ്പ് ഇപ്പോള്‍ സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറാണ്.

സബ് കോംപാക്ട് സെഡാന്റെ VXi, ZXi വേരിയന്റുകളില്‍ സിഎന്‍ജി ഓപ്ഷന്‍ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 8.79 ലക്ഷം രൂപയും 9.89 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ഡിസയറിന്റെ ZXi വേരിയന്റില്‍ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ആറ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സവിശേഷതകള്‍ വരുന്നുണ്ട്. കിലോഗ്രാമിന് 33.73 കിലോമീറ്ററാണ് ഡിസയര്‍ സിഎന്‍ജിയുടെ മൈലേജ്.
മാരുതി സുസുക്കി സ്വിഫ്റ്റ്: ഇപ്പോള്‍ പറയത്തക്ക ബന്ധമൊന്നുമില്ലെങ്കിലും ഡിസയറിന്റെ ഹാച്ച്ബാക്ക് സഹോദരനായ സ്വിഫ്റ്റും പെട്രോള്‍-സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനില്‍ വാങ്ങാം. മാരുതിയുടെ പുതിയ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ട് കാറുകളുടെയും ഹൃദയം. സിലിണ്ടര്‍ 1 കുറഞ്ഞെങ്കിലും സ്വിഫ്റ്റിന്റെയം മൈലേജ് കൂടിയിട്ടുണ്ട്. കിലോഗ്രാമിന് 32.85 കിലോമീറ്ററാണ് സ്വിഫ്റ്റ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.
9.20 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള സ്വിഫ്റ്റിന്റെ ZXi ട്രിമില്‍ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, റിയര്‍ വെന്റുകളുള്ള ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടോടുകൂടിയ കീലെസ് എന്‍ട്രി തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഫീച്ചറുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മികച്ച മൈലേജുള്ള കാര്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച ചോയ്‌സായി സ്വിഫ്റ്റ് മാറുന്നു.
ടാറ്റ ടിഗോര്‍ സിഎന്‍ജി: ഡിസയറിന്റെ എതിരാളിയായ ടാറ്റ ടിഗോറും പെട്രോള്‍-സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനില്‍ ലഭ്യമാണ്. ടോപ്പ്-എന്‍ഡ് XZ പ്ലസ് ലക്‌സ് ട്രിം 9.50 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ സിഎന്‍ജി-എഎംടി കോംബോ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില കാറുകളില്‍ ഒന്നായി ഇത് വേറിട്ടുനില്‍ക്കുന്നു. ടാറ്റയുടെ തന്നെ ടിയാഗോയും സിഎന്‍ജി-ഓട്ടോമാറ്റിക് ഓപ്ഷനില്‍ വാങ്ങാം.

എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ എസി, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, 8 സ്പീക്കര്‍ സിസ്റ്റം എന്നിവ ഈ ടാറ്റ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ടാറ്റ കാറുകളെയും പോലെ സേഫ്റ്റിയുടെ കാര്യത്തില്‍ ടിഗോറും കിടുവാണ്. കിലോഗ്രാമിന് 26.49 കിലോമീറ്ററാണ് മൈലേജ് പറയുന്നത്.
പഞ്ച് സിഎന്‍ജി: 2024 കലണ്ടര്‍ വര്‍ഷത്തില്‍ മാരുതി കാറുകളെ പിന്തള്ളി ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാറായി മാറിയത് ടാറ്റ പഞ്ച് ആയിരുന്നു. അതിനുള്ള കാരണങ്ങളില്‍ ഒന്ന് ഈ കാറിലെ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ്. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ മൈക്രോ എസ്‌യുവി വാങ്ങാന്‍ സാധിക്കും. 10 ലക്ഷത്തില്‍ താഴെ വിലയില്‍ അക്കംപ്ലിഷ്ഡ് പ്ലസ് ട്രിമ്മില്‍ പഞ്ച് സിഎന്‍ജി ഓഫര്‍ ചെയ്യുന്നു.

പ്രീമിയം അനുഭവം നല്‍കുന്ന വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഓട്ടോ എസി, റിയര്‍ എസി വെന്റുകള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, സണ്‍റൂഫ് തുടങ്ങിയ നിരവധി സവിശേഷതകള്‍ ഇതില്‍ ഒരുക്കിയിരിക്കുന്നു. കിലോഗ്രാമിന് 26.99 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ കുഞ്ഞന്‍ കാറിന് 5 സ്റ്റാര്‍ സേഫ്റ്റിയുമുണ്ട്.
ഹ്യുണ്ടായി എക്‌സ്റ്റര്‍ സിഎന്‍ജി: പഞ്ചിന്റെ എതിരാളിയായ എക്‌സ്റ്ററും സിഎന്‍ജി ഓപ്ഷനില്‍ വില്‍പ്പനക്കെത്തുന്നു. കഴിഞ്ഞ വര്‍ഷമാണ് കൊറിയന്‍ കമ്പനി ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായി എക്‌സ്റ്ററിന്റെ പെട്രോള്‍-സിഎന്‍ജി ബൈഫ്യുവല്‍ പതിപ്പ് പുറത്തിറക്കിയത്. എക്സ്റ്റര്‍ സിഎന്‍ജി ഏഴോളം വേരിയന്റുകളില്‍ വാങ്ങാം. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് 8.56 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്ന S എക്‌സിക്യുട്ടീവ് സിഎന്‍ജി വേരിയന്റാണ്. അടുത്തിടെ ഉള്‍പ്പെടുത്തിയ SX ടെക് സിഎന്‍ജിക്ക് 9.53 ലക്ഷം രൂപയാണ് വില.
കിലോഗ്രാമിന് 27.1 കിലോമീറ്ററാണ് എക്‌സ്റ്റര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, പവര്‍ അഡ്ജസ്റ്റബിള്‍ എക്സ്റ്റീരിയര്‍ റിയര്‍ വ്യൂ മിറര്‍, ടച്ച്സ്‌ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), റിയര്‍ പവര്‍ വിന്‍ഡോകള്‍, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, വീല്‍ കവറുകള്‍ എന്നിവയാണ് എക്‌സ്റ്റര്‍ സിഎന്‍ജിയില്‍ വരുന്ന സവിശേഷതകള്‍.
പ്രകടനത്തിലോ ആഡംബരത്തിലോ വിട്ടുവീഴ്ച ചെയ്യാതെ കൂടുതല്‍ സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഇന്ധന ബദലുകളിലേക്ക് ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായം മാറുന്നതിന്റെ സൂചനകളാണ് ഈ കാറുകളുടെ ജനപ്രീതി. ഇന്ത്യയുടെ ഗതാഗത മേഖലയില്‍ സിഎന്‍ജി വാഹനങ്ങള്‍ക്ക് ഇപ്പോള്‍ വലിയ സ്വാധീനമുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത കൂടുതല്‍ ലാഭകരവുമായ ഇന്ധന ഓപ്ഷനിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ നിരവധി ഓപ്ഷനുകളുണ്ട്. നിങ്ങളുടെ കൈയ്യില്‍ 10 ലക്ഷം രൂപയാണുള്ളതെങ്കില്‍ പോലും മികച്ച സവിശേഷതകളുള്ള വാഹനങ്ങള്‍ സ്വന്തമാക്കാം.


Click it and Unblock the Notifications








