കത്തികയറി ഹൈബ്രിഡ് കാറുകൾ; ഇനി ഏതു വാങ്ങണം എന്ന കൺഫ്യൂഷൻ വേണ്ടേ വേണ്ട
ഇന്ത്യയിൽ അതിശക്തമായ രീതിയിൽ വളർന്നു വരുന്ന ഒരു സെഗ്മെൻ്റാണ് ഹൈബ്രിഡ് കാറുകളുടേത്. ഇന്ധനവിലകൾ ഉയരുന്ന സാഹചര്യത്തിൽ ദിവസേനയുള്ള ഉപയോഗത്തിനും ദീർഘദൂര യാത്രകൾക്കും വേണ്ടി ഓടുന്നത് വലിയ ചെലവുള്ള കാര്യമായി മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുറഞ്ഞ ചെലവിൽ കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ സാധാരണക്കാർക്ക് വരെ പ്രിയങ്കരമായി മാറിയിരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ ലാഭവും പെട്രോൾ എഞ്ചിന്റെ സൗകര്യവും ഒരുമിച്ച് നൽകുന്ന ഈ ഹൈബ്രിഡുകൾ മികച്ച രീതിയിലുള്ള ഡ്രൈവിംഗ് അനുഭവം നൽകുന്നുണ്ട്. ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന കുറഞ്ഞ വിലയിലുള്ള ഹൈബ്രിഡ് കാറുകളെ പരിചയപ്പെട്ടാലോ.
ടൊയോട്ട ഇന്നോവ ഹൈക്രോസ്: ഒരു പ്രീമിയം എംപിവിയായി ഇന്ത്യൻ വാഹനപ്രേമികളുടെ ഇടയിൽ വലിയ സ്വീകരണം നേടിയ മോഡലാണിത്. 2.0 ലിറ്റർ പെട്രോൾ എഞ്ചിനോടൊപ്പം ടൊയോട്ടയുടെ ഏറ്റവും വിശ്വസനീയമായ സെൽഫ്-ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിൽ ലഭ്യമാണ്. അതിനാൽ വിദഗ്ധമായ രീതിയിൽ ഇന്ധനം ലാഭിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് അനുഭവമാണ് ഇന്നോവ ഹൈക്രോസ് നൽകുന്നത്. കൂടാതെ ഒരു ഡ്രൈവ് മോഡ് സ്വിച്ച് ഉള്ളതിനാൽ പെട്രോൾ ഓൺലി, ഹൈബ്രിഡ് എന്നീ മോഡുകൾക്കിടയിൽ എളുപ്പത്തിൽ മാറാൻ കഴിയും.

വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ പാഡിൽ ഷിഫ്റ്ററുകളും ലഭ്യമാണ്. ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഏകദേശം 23.24 കിലോമീറ്റർ എന്ന മികച്ച മൈലേജാണ് ഇന്നോവ ഹൈക്രോസ് വാഗ്ദാനം ചെയ്യുന്നത്. അകത്തെ സൗകര്യങ്ങളിൽ ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ലോംഗ്-സ്ലൈഡ് ഓട്ടോമൻ സീറ്റുകൾ, ചെസ്റ്റ്നട്ട് ലെതർ അപ്‌ഹോൾസ്റ്ററി, 25.65cm കണക്റ്റഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, JBL ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ഹൈബ്രിഡ് വേരിയൻ്റിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 25.90 ലക്ഷം മുതലാണ്.
മാരുതി സുസുക്കി ഇൻവിക്റ്റോ: ഇന്നോവ ഹൈക്രോസിന്റെ അതേ TNGA പ്ലാറ്റ്‌ഫോമിലാണ് മാറുതി സുസുക്കി ഇൻവിക്റ്റോ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഈ മോഡലിനും ഹൈക്രോസിനും ഒരേ തലത്തിലുള്ള സ്റ്റെബിലിറ്റി, യാത്രാസുഖം, സ്മൂത്ത് ഡ്രൈവിംഗ് എന്നിവ ലഭിക്കുന്നു. എഞ്ചിൻ സംബന്ധമായ കാര്യങ്ങളിലും വ്യത്യാസങ്ങൾ കാണുന്നില്ല. എന്നാൽ ഇൻവിക്റ്റോയിൽ ഹൈബ്രിഡ് വേരിയന്റുകൾ മാത്രമാണ് ലഭിക്കുന്നത്. അതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 24.97 ലക്ഷം രൂപ മുതലാണ്.

ഫീച്ചറുകളിലേക്ക് കടന്നാൽ, ഒരു പ്രീമിയം എംപിവിക്ക് ആവശ്യമായ എല്ലാ സുഖസൗകര്യങ്ങളും ഉൾക്കൊള്ളുന്നുണ്ട്. രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ ഓട്ടോ എസി, ഇവി മോഡ്, പാഡിൽ ഷിഫ്റ്ററുകൾ, പവർ-അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവ അതിൽ പെടുന്നവയാണ്. സുരക്ഷാ സജ്ജീകരണങ്ങളിലായി 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം, സുസുക്കി കണക്റ്റ് ടെക്നോളജി എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ.
ഹോണ്ട സിറ്റി e:HEV: ഈ സെഗ്‌മെന്റിൽ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഒറ്റയൊരു സെഡാൻ മോഡലാണിത്. ഈ ഹൈബ്രിഡ് ZX വേരിയൻ്റിൽ മാത്രമേ ലഭ്യമാകൂ. അതിന്റെ എക്സ്ഷോറൂം വില വരുന്നത് 19.48 ലക്ഷം മുതലാണ്. ഇതിൽ ഇൻലൈൻ 4-സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ i-VTEC പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടറുകളുമുള്ള ഒരു അഡ്വാൻസ്ഡ് ഹൈബ്രിഡ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. കാർ ഏകദേശം 27.26 കിലോമീറ്റർ എന്ന അത്യന്തം മികച്ച മൈലേജ് നൽകുന്നുണ്ട്.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ: 16.45 ലക്ഷം രൂപക്ക് സ്വന്തമാക്കാവുന്ന ഹൈബ്രിഡ് എസ്‌യുവിയാണ് ഹൈറൈഡർ. ഇതിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, ഒരു ഇലക്ട്രിക് മോട്ടർ, e-CVT ട്രാൻസ്മിഷൻ എന്നിവ ചേർന്നാണ് മികച്ച യാത്രാ അനുഭവം നൽകുന്നത്. ഇത് ഏകദേശം 27.97 കിലോമീറ്റർ മൈലേജും കൈവരിക്കുന്നു. 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, പാർക്കിംഗ് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ തുടങ്ങിയ നിരവധി സുരക്ഷാ ഫീച്ചറുകളും കാറിൽ സജ്ജീകരിച്ചിട്ടുണ്ട്.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ്: ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡിന്റെ അതേ പ്ലാറ്റ്‌ഫോമിലും അതേ എഞ്ചിൻ-ഹൈബ്രിഡ് സാങ്കേതികവിദ്യയിലും നിർമ്മിച്ച വാഹനമാണിത്. അതിനാൽ ഒരേ തരത്തിലുള്ള പ്രകടനം, സമാനമായ മൈലേജ്, ഒരേതരം സ്മൂത്ത് ഹൈബ്രിഡ് ഡ്രൈവിംഗ് അനുഭവം എന്നിവയാണ് നൽകുന്നത്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടറുമുള്ള e-CVT ഹൈബ്രിഡ് സിസ്റ്റവും ഇതിൽ ലഭ്യമാണ്. 16.63 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








