10 മുതല്‍ 20 ലക്ഷം രൂപ വരെ കൈയ്യില്‍ ഉണ്ടോ? ഈ മികച്ച കാറുകള്‍ പരിഗണിക്കാം
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായി വളര്‍ന്ന ഇന്ത്യയില്‍ ഇന്ന് ഒരാള്‍ കാര്‍ വാങ്ങാന്‍ തുനിഞ്ഞാല്‍ കടലോളം ഓപ്ഷനുകള്‍ മുന്നില്‍ തെളിഞ്ഞ് വരും. വിവിധ സെഗ്മെന്റുകളിലും വ്യത്യസ്ത വില നിലവാരത്തിലുമായി വിരലില്‍ എണ്ണാന്‍ പറ്റാത്ത അത്രയും കാര്‍ മോഡലുകള്‍ ഇന്ന് ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ 10 ലക്ഷം രൂപയില്‍ താഴെ വിലയുണ്ടായിരുന്ന കാറുകള്‍ ആയിരുന്നു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയെല്ലാം മാറി.
സ്വന്തമായി കാറുള്ളവര്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോഴും അത്യാവശ്യം തരക്കേടില്ലാത്ത ഒരു എസ്‌യുവിയോ സെഡാനോ പരിഗണിക്കുന്നവരും 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ബജറ്റ് ഇടുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന പല കാറുകളും പണത്തിനൊത്ത മൂല്യവും നല്‍കുന്നവയാണ്. 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ചില കോംപാക്റ്റ് എസ്‌യുവി, മിഡ്-സൈസ് എസ്‌യുവി, മിഡ്-സൈസ് സെഡാന്‍, എംപിവി എന്നിവ വരുന്നുണ്ട്.

ഒന്നിലധികം സെഗ്മെന്റുകളിലുടനീളമുള്ള മോഡലുകള്‍ വാങ്ങാം എന്നതാണ് ഈ പ്രൈസ് ബ്രാക്കറ്റില്‍ ഒരു കാര്‍ തെരഞ്ഞെടുക്കാന്‍ നോക്കുന്നവര്‍ക്കുള്ള ഏറ്റവും വലിയ മെച്ചം. അതിനാല്‍ 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ബജറ്റില്‍ നിലവില്‍ ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ചില മികച്ച കാറുകള്‍ പരിശോധിക്കാം.
മാരുതി സുസുക്കി എര്‍ട്ടിഗ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മാരുതി സുസുക്കി എര്‍ട്ടിഗ. ഈ പ്രൈസ് ബ്രാക്കറ്റില്‍ കൂടുതല്‍ സീറ്റിംഗ് കപാസിറ്റിയുള്ള എംപിവി തേടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മികച്ച കാറുകളില്‍ ഒന്നാണ് എര്‍ട്ടിഗ. ഈ 7-സീറ്റര്‍ എംപിവിയുടെ വില 8.84 ലക്ഷം മുതല്‍ 13.13 ലക്ഷം രൂപ വരെ മാത്രമാണ്. എക്‌സ്-ഷോറൂം വിലയാണ് ഇത്.

103 PS പവറും 137 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന K15C സ്മാര്‍ട്ട് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയുടെ ഹൃദയം. ഈ എഞ്ചിന്‍ 5-സ്പീഡ് MT അല്ലെങ്കില്‍ 6-സ്പീഡ് AT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പും വില്‍പ്പനക്കെത്തുന്നുണ്ട്.
സിഎന്‍ജി പവര്‍ട്രെയിനിന്റെ പവര്‍ഔട്ട്പുക്ക് കുറവാണെങ്കിലും മൈലേജ് കൂടുതലായിരിക്കും. എര്‍ട്ടിഗ പെട്രോള്‍ ലിറ്ററിന് 20 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് അവകാശപ്പെടുമ്പോള്‍ എര്‍ട്ടിഗ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 26 കിലോമീറ്ററില്‍ കൂടുതലാണ്. 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, രണ്ടാം നിര റൂഫ്-മൗണ്ടഡ് എസി, കളര്‍ഡ് ടിഎഫ്ടിയുള്ള എംഐഡി തുടങ്ങിയ ഫീച്ചറുകളും എംപിവിയില്‍ മാരുതി സജ്ജീകരിച്ചിരിക്കുന്നു.
കിയ സിറോസ്: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഏറ്റവും ഒടുവിലായി പുറത്തിറക്കിയ കോംപാക്ട് എസ്‌യുവിയാണ് സിറോസ്. കിയയുടെ വാഹന നിരയില്‍ സോനെറ്റിനും സെല്‍റ്റോസിനും ഇടയിലാണ് ബോക്‌സി ശൈലിയില്‍ വരുന്ന ഈ കാര്‍ ഇടംപിടിക്കുന്നത്. കിയ സിറോസിന്റെ വില 9 ലക്ഷം മുതല്‍ 17.80 ലക്ഷം രൂപ വരെയാണ്. എക്സ്-ഷോറൂം വിലകളാണ് ഇത്. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും ഫീച്ചര്‍ റിച്ചായ കോംപാക്ട് എസ്‌യുവികളില്‍ ഒന്നാണ് സിറോസ്.
എല്‍ഇഡി ലൈറ്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, 30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്പ്ലേ പാനല്‍ (ഇന്‍ഫോടെയ്ന്‍മെന്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റ് പാനല്‍), ഹര്‍മന്‍ കാര്‍ഡണ്‍ 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, രണ്ടാം നിര വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യുവല്‍-പാനല്‍ പനോരമിക് സണ്‍റൂഫ്, ലെവല്‍-2 ADAS എന്നിവയാണ് സിറോസില്‍ കിയ വാഗ്ദാനം ചെയ്യുന്ന പ്രധാനപ്പെട്ട ഫീച്ചറുകള്‍.
രണ്ട് എഞ്ചിന്‍ ഓപ്ഷനുകില്‍ സിറോസ് തെരഞ്ഞെടുക്കാം. സ്മാര്‍ട്ട്‌സ്ട്രീം 1.0-ലിറ്റര്‍ T-GDi പെട്രോള്‍, 1.5-ലിറ്റര്‍ CRDi VGT ഡീസല്‍ എന്നിവയാണവ. പെട്രോള്‍ യൂണിറ്റ് 120PS പവറും 172Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ഡീസല്‍ യൂണിറ്റ് 116PS പരമാവധി പവറും 250Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് MT, 7-സ്പീഡ് DCT, C6-സ്പീഡ് AT എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.
ഹ്യുണ്ടായി ക്രെറ്റ: മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാവായ ഹ്യുണ്ടായി ക്രെറ്റയെ കുറിച്ച് വാഹനപ്രേമികള്‍ക്ക് മുഖവുരയുടെ ആവശ്യമില്ല. കഴിഞ്ഞ വര്‍ഷം മുഖംമിനുക്കി എത്തിയ ക്രെറ്റ 2025 മാര്‍ച്ചില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്നു. രണ്ടാം തലമുറയില്‍ എത്തിനില്‍ക്കുന്ന ഈ കാര്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 2015-ലായിരുന്നു. അന്ന് മുതല്‍ ഇന്ന് വരെ സെയില്‍സ് ചാര്‍ട്ടുകള്‍ വിറപ്പിച്ചാണ് മുന്നേറ്റം.

മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റിന്റെ വില 11.11 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 20.50 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വിയായി മുടക്കേണ്ടത്. പെട്രോള്‍, ഡീസല്‍ എന്നിവ കൂടാതെ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും ജനുവരിയില്‍ കമ്പനി പുറത്തിറക്കിയിരുന്നു. ക്രെറ്റയുടെ ഐസിഇ പതിപ്പ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. 1.5 ലിറ്റര്‍ MPi പെട്രോള്‍ എഞ്ചിന്‍ 115PS പവറും 144Nm ടോര്‍ക്കും നല്‍കുന്നു.
രണ്ടാമത്തെ 1.5 ലിറ്റര്‍ കപ്പ ടര്‍ബോ GDi പെട്രോള്‍ എഞ്ചിന്‍ 160PS പവറും 253Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 1.5 ലിറ്റര്‍ U2 CRDi ഡീസല്‍ എഞ്ചിനാണ് മൂന്നാമത്തെ ഓപ്ഷന്‍. 6-സ്പീഡ് MT, IVT ഓട്ടോമാറ്റിക്, 7-സ്പീഡ് DCT ഓട്ടോമാറ്റിക്, 6-സ്പീഡ് AT എന്നിവ ട്രാന്‍സ്മിഷന്‍ ചോയ്‌സുകളില്‍ ഉള്‍പ്പെടുന്നു.

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്: ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ എത്തിക്കുന്ന മിഡ്‌സൈസ് സെഡാനായ വെര്‍ട്ടിസും പട്ടികയിലുണ്ട്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ സ്ലാവിയ എന്നീ കാറുകളോട് മത്സരിക്കുന്ന വെര്‍ട്ടിസാണ് നിലവില്‍ സെഗ്‌മെന്റില്‍ വില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കുന്നത്. എസ്‌യുവി ട്രെന്‍ഡിനിടെ സെഡാനുകളുടെ വില്‍പ്പന മന്ദഗതിയിലാണെങ്കിലും യാത്രാസുഖവും സേഫ്റ്റിയും ജര്‍മന്‍ ടെക്‌നോളജിയും വേണ്ടവര്‍ക്ക് ഈ മോഡല്‍ പരിഗണിക്കാവുന്നതാണ്.
11.56 ലക്ഷം മുതല്‍ 19.40 ലക്ഷം രൂപ വരെയാണ് വെര്‍ട്ടിസിന്റെ എക്സ്-ഷോറൂം വില പോകുന്നത്. എല്‍ഇഡി ലൈറ്റുകള്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, 40-ലധികം സുരക്ഷാ സവിശേഷതകള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച കാര്‍ കൂടിയാണിത്.
രണ്ട് ടര്‍ബോ പെട്രാള്‍ എഞ്ചിനുകളില്‍ വെര്‍ട്ടിസ് വാങ്ങാം. ആദ്യത്തെ 1.0-ലിറ്റര്‍ ടിഎസ്ഐ എഞ്ചിന്‍ 115 PS പവറും 178 Nm ടോര്‍ക്കും നല്‍കുന്നു. രണ്ടാമത്തെ 1.5-ലിറ്റര്‍ ടിഎസ്ഐ ഇവിഒ 150 PS പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 1.0-ലിറ്റര്‍ യൂണിറ്റിനെ 6-സ്പീഡ് എംടി അല്ലെങ്കില്‍ 6-സ്പീഡ് എടി ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായി ജോടിയാക്കുന്നു. 1.5-ലിറ്റര്‍ യൂണിറ്റ് 6-സ്പീഡ് എംടി, 7-സ്പീഡ് ഡിഎസ്ജി ചോയ്‌സുകളില്‍ വാങ്ങാം.


Click it and Unblock the Notifications








