വണ്ടിയൊന്ന് മാറ്റി വാങ്ങാൻ തോന്നും, ഇന്ത്യയിലേക്ക് വരാനിരിക്കുന്ന പുത്തൻ എസ്‌യുവികൾ
ഇന്ത്യൻ എസ്‌യുവി പ്രേമികളെ അടുത്ത വർഷം കാത്തിരിക്കുന്നത് പുത്തൻ മിഡ്-സൈസ് എസ്‌യുവികളുടെ വലിയൊരു നിരയാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര, ടൊയോട്ട, റെനോ, നിസാൻ തുടങ്ങിയ മുൻനിര വാഹന നിർമാതാക്കളെല്ലാം അവരുടെ അടുത്ത വലിയ ലോഞ്ചുകൾക്കായുള്ള ഒരുക്കത്തിലാണിപ്പോൾ. പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നിങ്ങനെ വൈവിധ്യമാർന്ന എസ്‌യുവികളുടെ ഒരു നീണ്ടനിരതന്നെ വരും വർഷം നിരത്തിലിറങ്ങും. അണിയറയിലൊരുങ്ങുന്ന കിടിലൻ പുത്തൻ മിഡ്-എസ്‌യുവികളുടെ കൂടുതൽ വിശേഷങ്ങൾ എന്തെല്ലാമാണെന്ന് അറിയേണ്ടേ. എങ്കിൽ ഈ ലേഖനം തുടർന്ന് വായ്ച്ചോളൂ...
ടാറ്റ സിയറ: വരും വർഷം നിരത്തിലിറക്കാൻ പോകുന്ന ന്യൂ-ജെൻ സിയറയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ICE എഞ്ചിൻ പ്രേമികളെയും ഇലക്ട്രിക് വാഹന പ്രേമികളെയും ഒരുപോലെ ആകർഷിക്കാൻ കഴിവുള്ളവനായിരിക്കും ഇവൻ. കൂടാതെ മികച്ച ഇൻ്റീയർ ഡിസൈനിലും പുത്തൻ സിയറ ഞെട്ടിക്കുമെന്നാണ് വിവരം. എക്സ്റ്റീരിയറിലും പ്രീമിയം മോഡലുകൾ തോറ്റുപോവുന്ന ചന്തമായിരിക്കും ഇവന്.

മാരുതി ഇ വിറ്റാര: ജനപ്രിയ ബ്രാൻഡായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായി ഇ വിറ്റാരയും അടുത്ത വർഷം വിൽപ്പനയ്ക്ക് എത്തും. എസ്‌യുവി വിപണിയിലേക്കുള്ള വിറ്റാരയുടെ വരവ് 2025 അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളിലാവും വാഹനം വാഗ്ദാനം ചെയ്യുക. കൂടാതെ കിടിലൻ ഫീച്ചറുകളും ലെവൽ-2 ADAS സവിശേഷതകളും ഉൾപ്പെടുത്തിയാണ് ആശാന്റെ വരവ്.
ടൊയോട്ട അർബൻ ക്രൂയിസർ BEV: ഇന്ത്യൻ മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലേക്ക് വരവിനൊരുങ്ങുന്ന അടുത്ത മോഡലാണ് ടൊയോട്ടയുടെ അർബൻ ക്രൂയിസർ BEV. മാരുതി സുസുക്കി ഇ വിറ്റാരയുടെ റീബാജ്‌ഡ് മോഡലായിരിക്കും ഇത്. പ്ലാറ്റ്ഫോമും ബാറ്ററിയും പോലുള്ള എല്ലാ ഘടകങ്ങളും പങ്കിടുന്ന ഈ ഇവിക്കും രണ്ട് ബാറ്ററി ഓപ്ഷനുകൾ ഉണ്ടാവും. ഇ വിറ്റാരയുടെ പിന്നാലെ ടൊയോട്ട ഇവിയും ഇന്ത്യയിലെത്തിയേക്കും.

ന്യൂജെൻ റെനോ ഡസ്റ്റർ: 2026 പകുതിയോടെ ഇന്ത്യയിൽ ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് റെനോ ഡസ്റ്റർ. 1.2 ലിറ്റർ ടർബോ-പെട്രോൾ മൈൽഡ്-ഹൈബ്രിഡ്, 1.6 ലിറ്റർ സ്ട്രോംഗ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാവും എസ്‌യുവി മാറ്റുരയ്ക്കാൻ എത്തുക. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ പോലുള്ള മോഡലുകളുമായി മുട്ടാൻതക്കമുള്ള തിരിച്ചുവരവായിരിക്കും റെനോ ഡസ്റ്ററിന്റേത്.
നിസാൻ ടെക്റ്റൺ: അടുത്ത വർഷം പകുതിയോടെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന നിസാന്റെ മിഡ്‌സൈസ് എസ്‌യുവിയാണ് ടെക്റ്റൺ. ഡസ്റ്ററിന്റെ അതേ CMF-B+ പ്ലാറ്റ്‌ഫോമിലാണ് ഇവനെയും നിർമിച്ചിരിക്കുന്നത്. പെട്രോൾ, ഹൈബ്രിഡ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ഒരു 5 സീറ്റർ എസ്‌യുവിയായിരിക്കും. എല്ലാത്തിലുമുപരി നൂതന സുരക്ഷാസംവിധാനങ്ങളും സാങ്കേതികവിദ്യകളും സമ്മാനിച്ചുക്കൊണ്ടായിരിക്കും ടെക്റ്റണിൻ്റെ വരവ്.

മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ്: ഇത്തവണ മഹീന്ദ്രയുടെ പോർക്കളം നയ്ക്കുന്നത് രണ്ട് ചുണക്കുട്ടികളാണ്. ഒന്ന് അടുത്ത വർഷം പകുതിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XUV700 ഫെയ്‌സ്‌ലിഫ്റ്റാണ് ഇതിൽ ആദ്യത്തേത്. മികച്ച അലങ്കാരപ്പണികളോടൊപ്പം പെട്രോൾ, ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളും എസ്‌യുവിയിൽ ഇത്തവണ ഉണ്ടായിരിക്കും. മഹീന്ദ്രയുടെ ഈ ചുണക്കുട്ടി മിഡ്സൈസ് എസ്‌യുവി വിഭാഗത്തിൽ ഒരു തരംഗം സൃഷ്ടിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.
മഹീന്ദ്ര XEV 7e: രണ്ടാമതായി മഹീന്ദ്ര ഇറക്കുന്നത് ഒരു ഇലക്ട്രിക് എസ്‌യുവിയാണ്. XEV 7e-യുടെ വരവോടെ മഹീന്ദ്ര തങ്ങളുടെ എസ്‌യുവി നിര ഒന്നുകൂടി വിപുലീകരിക്കും. മഹീന്ദ്രയുടെ INGLO EV പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഈ എസ്‌യുവി രണ്ട് ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്തേക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ BEV തുടങ്ങിയ മോഡലുകളുമായി മത്സരിക്കാൻ മഹീന്ദ്രയുടെ ഈ രണ്ടു എസ്‌യുവികൾക്ക് സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.


Click it and Unblock the Notifications








