35+ മൈലേജില്‍ 'നീന്തിത്തുടിക്കാം'! ടൊയോട്ട അക്വ ഹൈബ്രിഡ് ഇന്ത്യയില്‍ ടെസ്റ്റിംഗിനിടെ വീണ്ടും ക്യാമറയില്‍
ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ ജനപ്രിയമാക്കിയ കമ്പനിയാണ് ടൊയോട്ട. കാമ്രി സെഡാന്‍, ഇന്നോവ ഹൈക്രോസ് എംപിവി, ഹൈറൈഡര്‍ എസ്‌യുവി എന്നിങ്ങനെ വിവിധ ബോഡിസ്‌റ്റൈലുകളിലായി ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള കാറുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. അടുത്തിടെ കമ്പനി മറ്റൊരു ഹൈബ്രിഡ് കാര്‍ കൂടി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. ടൊയോട്ട അക്വ എന്ന് പേരുള്ള ഹൈബ്രിഡ് കാര്‍ വീണ്ടും ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്. മറയില്ലാത്ത നിലയില്‍ ടെസ്റ്റിംഗ് നടത്തിയ ഈ ഹൈബ്രിഡ് ഹാച്ച്ബാക്ക് ലിറ്ററിന് 35.8 കിലോമീറ്റര്‍ എന്ന അതിശയകരമായ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
ടൊയോട്ട അക്വ തുടര്‍ച്ചയായി പരീക്ഷണയോട്ടം നടത്തുന്നത് ഈ മോഡല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി ടൊയോട്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ വിലയിരുത്തുന്നതിന്റെ സൂചനയാണ്. ഹൈബ്രിഡ് സാങ്കേതികവിദ്യക്ക് ഇന്ത്യയില്‍ സ്വീകാര്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ മോഡലിന്റെ പരീക്ഷണയോട്ടം ശരിയായ ദിശയിലുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു. ഹോണ്ട, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍, ഹ്യുണ്ടായി, റെനോ, മഹീന്ദ്ര തുടങ്ങിയ നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഹൈബ്രിഡ് സാങ്കേതികവിദ്യക്ക് ഊന്നല്‍ നല്‍കുന്നുണ്ട്.

മാരുതി സുസുക്കി പോലും സ്വിഫ്റ്റ്, വാഗണ്‍ ആര്‍ പോലുള്ള എന്‍ട്രി ലെവല്‍ മോഡലുകള്‍ക്കായി താങ്ങാനാവുന്ന ഒരു ഹൈബ്രിഡ് സിസ്റ്റം വികസിപ്പിക്കുന്നുണ്ട്. മാരുതി സ്വന്തമായി വികസിപ്പിക്കുന്ന ഈ ഹൈബ്രിഡ് സിസ്റ്റം മാര്‍ക്കറ്റില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ടൊയോട്ട അക്വ ഹൈബ്രിഡിന്റെ പരീക്ഷണത്തിന് വലിയ പ്രാധാന്യം കൈവരുന്നു.
വലിപ്പം നോക്കിയാല്‍ ടൊയോട്ട അക്വയ്ക്ക് 4,050 മില്ലിമീറ്റര്‍ നീളവും 1,695 മില്ലിമീറ്റര്‍ വീതിയും 1,485-1,505 മില്ലിമീറ്റര്‍ ഉയരവുമാണുള്ളത്. ഇതിന്റെ വീല്‍ബേസ് 2,600 മില്ലിമീറ്ററാണ്. ടിഎന്‍ജിഎ-ബി (Toyota New Global Architecture - B) പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ വാഹനത്തിന്റെ ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ്, ഡിസൈന്‍, ഇന്ധനക്ഷമത എന്നിവയിലെല്ലാം മികച്ചതാണ്. എന്നാല്‍, നാല് മീറ്ററിലധികം നീളമുള്ളതിനാല്‍, 28% ജിഎസ്ടിക്ക് പുറമെ 15% കോമ്പന്‍സേഷന്‍ സെസ് ഇതിന് ബാധകമായേക്കാം.
ഇന്ത്യയില്‍ എത്തുമ്പോള്‍ അക്വയുടെ വിലയെ ഈ ഘടകങ്ങള്‍ സ്വാധീനിക്കും. ടൊയോട്ട അക്വയുടെ ഒരു പ്രധാന സവിശേഷത അതിന്റെ ബൈപോളാര്‍ നിക്കല്‍-മെറ്റല്‍ ഹൈഡ്രൈഡ് (Ni-MH) ബാറ്ററിയാണ്. ഇത് സാധാരണ Ni-MH ബാറ്ററികളെ അപേക്ഷിച്ച് ഇരട്ടി ഔട്ട്പുട്ട് നല്‍കുന്നു. ഇത് വേഗത്തിലുള്ള ആക്‌സിലറേഷനും സുഗമമായ പെര്‍ഫോമന്‍സും നല്‍കാന്‍ സഹായിക്കുന്നു. ഈ ഒതുക്കമുള്ളതും കാര്യക്ഷമമായ കൂളിംഗുള്ളതുമായ ഈ ബാറ്ററി പായ്ക്കിന് നല്ല ഈടുമുള്ളതായി വിലയിരുത്തപ്പെടുന്നു. ഇതിന്റെ റീപ്ലേസ്‌മെന്റ് ചെലവുകള്‍ താരതമ്യേന കുറവായിരിക്കും.
അക്വയുടെ ഫുള്‍ ഹൈബ്രിഡ് പവര്‍ട്രെയിനില്‍ 1.5 ലിറ്റര്‍ ഇന്‍ലൈന്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടുന്നു. ഇത് 90 hp പവറും 120 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ കാര്‍ FWD, AWD ഡ്രൈവ്‌ട്രെയിനുകളില്‍ വിദേശരാജ്യങ്ങളില്‍ ലഭ്യമാണ്. മുന്‍വശത്തെ മോട്ടോര്‍ 80 hp പവറും 141 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍, പിന്‍വശത്തെ മോട്ടോര്‍ (ഇ-ഫോര്‍ വേരിയന്റില്‍) 6.4 hp പവറും 52 Nm ടോര്‍ക്കും നല്‍കുന്നു.

10.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, 4.2 ഇഞ്ച് കളര്‍ ടിഎഫ്ടി മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഹീറ്റഡ് സീറ്റുകള്‍, സ്റ്റിയറിംഗ് വീല്‍, അഡാസ് (ADAS) സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ നിരവധി പ്രീമിയം ഫീച്ചറുകളോടെയാണ് ടൊയോട്ട അക്വ എത്തുന്നത്. മുകളില്‍ സൂചിപ്പിച്ച പോലെ ടൊയോട്ട അക്വ ഹാച്ച്ബാക്ക് 35.8 കിലോമീറ്റര്‍/ലിറ്റര്‍ എന്ന മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു.
ഇത് ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളുടെ സിഎന്‍ജി വേരിയന്റുകളെപ്പോലും മറികടക്കുന്നു. സിറ്റി ട്രാഫിക്കില്‍ വളരെ പ്രയോജനകരമായ രീതിയില്‍ കുറഞ്ഞ ദൂരം ഫുള്‍ ഇലക്ട്രിക് മോഡില്‍ ഓടാനും അക്വയ്ക്ക് കഴിയും.ഏവര്‍ക്കും ഈ ഒരു കാര്‍ ഇന്ത്യക്ക് പുറത്ത് എന്ത് വിലയിലാണ് വില്‍ക്കുന്നത് എന്ന് അറിയാന്‍ ആകാംക്ഷയുണ്ടാകും.
അക്വ ജപ്പാന് പുറത്ത് പ്രിയസ് സി എന്ന പേരിലാണ് വില്‍ക്കുന്നത്. ഇതിന്റെ വില 2,146,000 യെന്‍ (ഏകദേശം 12.50 ലക്ഷം രൂപ) മുതലാണ് ആരംഭിക്കുന്നത്. ഈ വിലനിലവാരം ടൊയോട്ട അക്വയെ ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ഫുള്‍ ഹൈബ്രിഡ് കാറുകളിലൊന്നാക്കി മാറ്റുന്നു. ഇത് ഇന്ത്യന്‍ വിപണിയിലും ശ്രദ്ധ നേടാന്‍ സഹായിച്ചേക്കും.
ടൊയോട്ടക്ക് അക്വ ഇന്ത്യയില്‍ ഉടനടി പുറത്തിറക്കാന്‍ പദ്ധതിയില്ലെങ്കിലും അതിന്റെ ഹൈബ്രിഡ് സാങ്കേതികവിദ്യ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമാണോ എന്ന കാര്യം വിലയിരുത്തുന്നത് ശുഭസൂചകമാണ്. ഇവികളിലേക്ക് പെട്ടെന്ന് മാറാന്‍ മടിക്കുന്ന ഉപഭോക്താക്കള്‍ കൂടുതലായും ഹൈബ്രിഡ് വാഹനങ്ങളാണ് പരിഗണിക്കുന്നത്. ടൊയോട്ടയുടെ ഹൈബ്രിഡ് മോഡലുകള്‍ ഇതിനോടകം ജനപ്രിയമാണെന്ന് വസ്തുത കൂടി പരിഗണിക്കുമ്പോള്‍ അക്വക്കും മികച്ച സ്വീകരണം ലഭിക്കുമെന്നതില്‍ സംശയമില്ല. വില നിര്‍ണയത്തില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ മാത്രം മതി.


Click it and Unblock the Notifications








