ലോകത്തെ ഞെട്ടിച്ച 36KM മൈലേജുള്ള ടൊയോട്ട കാര്‍ ഇന്ത്യയിലേക്ക്! ടെസ്റ്റിംഗ് തകൃതി, ഈ വിലയാണെങ്കില്‍ സൂപ്പര്‍
നമ്മുടെ രാജ്യത്ത് മൈലേജുള്ള കാറുകള്‍ ഹോട്ട് ഫേവറിറ്റുകള്‍ ആണ്. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന മൈലേജുള്ള കാര്‍ ലഭിച്ചാല്‍ ഇന്ത്യക്കാര്‍ ഹാപ്പിയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മൈലേജ് കിംഗുകളായ എന്‍ട്രി ലെവല്‍ കാറുകളുടെ വിളയാട്ടമായിരുന്നു വിപണിയില്‍. എന്നാല്‍ അടുത്ത കാലത്തായി മികച്ച ഇന്ധനക്ഷമതയുള്ള എസ്‌യുവികള്‍ക്കും ഹാച്ച്ബാക്കുകള്‍ക്കും അനുകൂലമായാണ് ഉപഭോക്തൃ വികാരം മാറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ടൊയോട്ട അടക്കമുള്ള പ്രമുഖ വാഹന നിര്‍മാതാക്കള്‍ മികച്ച മൈലേജ് തരുന്ന ഹൈബ്രിഡ് കാറുകള്‍ വിപണിയിലെത്തിക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഉയര്‍ന്ന മൈലേജുള്ള സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ മിതമായ വിലയില്‍ അവതരിപ്പിക്കാനാണ് ടൊയോട്ട പദ്ധതിയിടുന്നത്.
ഇതിന്റെ ഭാഗമായി ടൊയോട്ട അക്വ ഹൈബ്രിഡ് (Toyota Aqua Hybrid) ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്. ടൊയോട്ടയുടെ മാതൃരാജ്യമായ ജപ്പാനിലടക്കം ഏറെ പ്രചാരമുള്ള ഹാച്ച്ബാക്ക് വിഭാഗത്തില്‍പ്പെട്ട ഹൈബ്രിഡ് കാറാണിത്. ചില വിപണികളില്‍ പ്രിയസ് C എന്ന് വിളിക്കപ്പെടുന്നു. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകളില്‍ ഒന്ന് കൂടിയാണ് ടൊയോട്ട അക്വ.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടൊയോട്ട അക്വ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഇന്ത്യന്‍ നിരത്തില്‍ ടെസ്റ്റിംഗിന് ഇറങ്ങിയിരിക്കുകയാണ്. ഡല്‍ഹിയിലെ റോഡുകളിലാണ് അക്വ ഹൈബ്രിഡ് പരീക്ഷണം നടത്തിയത്. ഇതിന്റെ വീഡിയോ Throttle Pilot എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷണം നടത്തുന്ന ഈ കാര്‍ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമോ എന്ന ചോദ്യമാണ് സ്വാഭാവികമായും ഈ സമയത്ത് ഉയര്‍ന്ന് വരുന്നത്.
ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുമില്ല. ഒരുപക്ഷേ, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അതിന്റെ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ സാധ്യതാ പഠനം നടത്തുന്നതാകാം. ടൊയോട്ട മിറായ്, ഹ്യുണ്ടായി നെക്‌സോ എന്നീ കാറുകള്‍ ഇത്തരത്തില്‍ പൈലറ്റ് റണ്‍ നടത്തിയിരുന്നു. അക്വയിലെ ഹൈബ്രിഡ് പവര്‍ട്രെയിന്‍ മറ്റ് മോഡലുകളില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒരുപക്ഷേ മാരുതി സുസുക്കിക്കും ഇതിന്റെ ഗുണമുണ്ടാകും. രണ്ട് കമ്പനികളും തമ്മില്‍ ദീര്‍ഘകാലമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

TNGA-B പ്ലാറ്റ്ഫോമിലാണ് ഹാച്ച്ബാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 4,050 mm നീളവും 1,695 mm വീതിയും 1,485-1,505 mm ഉയരവുമുള്ള ഇത് നല്ല ഒതുക്കവും വിശാലവുമായ ഒരു ഹാച്ച്ബാക്കാണ്. 10.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 4.2 ഇഞ്ച്-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഹീറ്റഡ് സീറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ പ്രീമിയം സവിശേഷതകളോടെയാണ് ടൊയോട്ട അക്വ വരുന്നത്. ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗ് എന്നിവയടങ്ങുന്ന ADAS സ്യൂട്ടും ഇതില്‍ ഉള്‍പ്പെടുന്നു.
ടൊയോട്ട അക്വ ഹൈബ്രിഡ് കാറില്‍ 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. സ്‌ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ ഈ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 85 bhp പവറും 120 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഇത് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഫ്രണ്ട്-വീല്‍ ഡ്രൈവ് (FWD), ഓള്‍-വീല്‍ ഡ്രൈവ് (AWD) പതിപ്പുകളില്‍ കാര്‍ ലഭ്യമാണ്.

ബൈപോളാര്‍ നിക്കല്‍ ഹൈഡ്രജന്‍ ബാറ്ററി പായ്ക്കുമായി വരുന്ന ലോകത്തിലെ ആദ്യത്തെ കാര്‍ കൂടിയാണ് അക്വ. പരമ്പരാഗത നോണ്‍-ബൈപോളാര്‍ നിക്കല്‍ ഹൈഡ്രജന്‍ ബാറ്ററികളെ അപേക്ഷിച്ച് 1.5 മടങ്ങ് കൂടുതല്‍ സര്‍വീസ് ലൈഫ് നല്‍കുമെന്ന് ബ്രാന്‍ഡ് പറയുന്നു. അക്വ ഹൈബ്രിഡ് ലിറ്ററിന് 35.80 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.
ജപ്പാനില്‍ ഏകദേശം 12.5 ലക്ഷം രൂപയാണ് അക്വയുടെ വില. ഇന്ത്യന്‍ വിപണിയില്‍ എത്തുകയാണെങ്കില്‍ 11-12.50 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലു, ടെസ്റ്റിംഗും വിലയിരുത്തലുകളും കമ്പനി അത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന സൂചനകളാണ് നല്‍കുന്നത്. ടൊയോട്ടയുടെ ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ് കാറുകള്‍ ചൂടപ്പം പോലെയാണ് വിറ്റപോകുന്നത്.
ഈ സാഹചര്യത്തില്‍ ടൊയോട്ട അക്വ ഹൈബ്രിഡ് കാര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്താല്‍ നല്ല പ്രതികരണം ലഭിക്കുമെന്നാണ് കരുതുന്നത്. താങ്ങാനാവുന്ന വില, മികച്ച ഇന്ധനക്ഷമത, പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് പവര്‍ട്രെയിന്‍ എന്നിവയാല്‍ വളര്‍ന്നുവരുന്ന ഇന്ത്യയിലെ ഗ്രീന്‍ മൊബിലിറ്റിക്ക് അക്വ ഒരു മുതല്‍കൂട്ടാകും. പുറത്തിറങ്ങി കഴിഞ്ഞാല്‍ പരമ്പരാഗത പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം കാര്യക്ഷമവും കുറഞ്ഞ എമിഷന്‍ ഉള്ളതുമായ ഒരു ബദലായി ഇത് ഇന്ത്യക്കാരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








