ഫോര്‍ച്യൂണറിന് കുറയുന്നത് 3.5 ലക്ഷം വരെ! ടൊയോട്ടയിലെ വിലക്കുറവ് കണ്ടാല്‍ ആരായാലും വാങ്ങിപ്പോകും
ഇന്ത്യയില്‍ ഒരാള്‍ കാര്‍ വാങ്ങുമ്പോള്‍ മുടക്കുന്ന വിലയില്‍ വലിയൊരു പങ്ക് നികുതിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഗള്‍ഫ് രാജ്യങ്ങളിലും ഇവിടെയുമുള്ള നികുതി വ്യത്യാസം കാറുകളുടെ വിലകളില്‍ പ്രതിഫലിക്കുന്ന വാര്‍ത്തകളും വീഡിയോകളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അടുത്തിടെ രാജ്യത്തെ വാഹനപ്രേമികള്‍ക്ക് സന്തോഷം തരുന്ന ഒരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടു. ചരക്കു സേവന നികുതിയില്‍ (ജിഎസ്ടി) കേന്ദ്രം മാറ്റം വരുത്തിയതോടെ വില കുറയുന്ന ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ കാറുകളും ബൈക്കുകളുമുണ്ടായിരുന്നു. ജിഎസ്ടി 2.0 പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ കാറുകളുടെയും ബൈക്കുകളുടെയും വില ഉടന്‍ തന്നെ ഗണ്യമായി കുറയാന്‍ പോകുകയാണ്.
1,200 സിസി എഞ്ചിന്‍ ശേഷിയും 4,000 മില്ലിമീറ്ററില്‍ കൂടാത്ത നീളവുമുള്ള പെട്രോള്‍ കാറുകള്‍, പെട്രോള്‍ ഹൈബ്രിഡ് കാറുകള്‍, എല്‍പിജി കാറുകള്‍, സിഎന്‍ജി കാറുകള്‍ എന്നിവയ്ക്കുണ്ടായിരുന്ന 28 ശതമാനം ജിഎസ്ടി ഇപ്പോള്‍ വെറും 18 ശതമാനമായി കുറച്ചിരിക്കുകയാണ്. മറ്റ് വാഹനങ്ങള്‍ക്ക് 40 ശതമാനവുമാണ് നികുതി ചുമത്തുന്നത്. ജിഎസ്ടി പരിഷ്‌കാരം വരുന്നതോടെ അതില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണ് കാര്‍ ബ്രാന്‍ഡുകള്‍.

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നായ ടൊയോട്ടയും അക്കൂട്ടത്തില്‍ ഉണ്ട്. ഹാച്ച്ബാക്ക് മുതല്‍ കോടികള്‍ വിലമതിക്കുന്ന പ്രീമിയം എംപിവി വരെ ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നു. ജിഎസ്ടിയില്‍ വരുത്തിയ പരിഷ്‌കാരങ്ങളുടെ ഫലമായി തങ്ങളുടെ കാറുകള്‍ക്ക് എത്ര രൂപ വരെ കുറയുമെന്ന വിവരങ്ങള്‍ ടൊയോട്ട ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ടൊയോട്ട തങ്ങളുടെ കാറുകളുടെ വില ഏകദേശം 3.49 ലക്ഷം രൂപ വരെ കുറച്ചു. ടൊയോട്ട കാറുകളുടെ വില പരിഷ്‌കരണം നമുക്ക് വിശദമായി നോക്കാം.
ഗ്ലാന്‍സ, ടൈസര്‍, റൂമിയോണ്‍, ഹൈറൈഡര്‍, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഫോര്‍ച്യൂണര്‍, ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍, ഹൈലക്‌സ്, കാമ്രി, വെല്‍ഫെയര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ടൊയോട്ട കാറുകളുടെയും വിലയില്‍ മാറ്റമുണ്ട്. ജിഎസ്ടി പരിഷ്‌കരണം കാരണം ഏറ്റവും കൂടുതല്‍ വിലക്കുറവ് ലഭിച്ചിരിക്കുന്ന ടൊയോട്ട കാര്‍ ഫോര്‍ച്യൂണര്‍ ആണ്. ഫുള്‍സൈസ് എസ്‌യുവിയുടെ വില
3.49 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഫോര്‍ച്യൂണറിനേക്കാള്‍ വില കൂടിയ ടൊയോട്ട കാറുകള്‍ ഉണ്ടെങ്കിലും, ഫോര്‍ച്യൂണറിനാണ് ഏറ്റവും ഉയര്‍ന്ന വിലക്കുറവ് ലഭിച്ചത്. ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ എക്‌സ്-ഷോറൂം വില 3.34 ലക്ഷം രൂപ വരെ കുറച്ചു. ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറായ വെല്‍ഫെയറിന് 2.78 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും. ഏറ്റവും കുറഞ്ഞ വിലക്കുറവ് രേഖപ്പെടുത്തിയ ടൊയോട്ട കാര്‍ റുമിയോണ്‍ എംപിവിയാണ്.
റൂമിയോണിന്റെ എക്‌സ്-ഷോറൂം വില 48,700 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. റൂമിയോണിനെ കൂടാതെ ഗ്ലാന്‍സ (85,300 രൂപ), ഹൈറൈഡര്‍ (65400 രൂപ) എന്നീ കാറുകള്‍ക്ക് മാത്രമാണ് 1 ലക്ഷം രൂപയില്‍ താഴെ വില കുറയുന്നുള്ളൂ. ബാക്കി മോഡലുകള്‍ക്കെല്ലാം 1 ലക്ഷം രൂപയില്‍ കൂടുതല്‍ വിലക്കുറവ് ലഭിക്കും. മുഴുവന്‍ കാറികളുടെയും വിലക്കുറവിനെ കുറിച്ച് ടൊയോട്ട പുറത്തിറക്കിയ പട്ടിക താഴെ കാണാം.
| മോഡൽ | വിലക്കുറവ് |
| ഗ്ലാൻസ | ₹85,300 വരെ |
| ടൈസർ | ₹1,11,100 വരെ |
| റൂമിയോൺ | ₹48,700 വരെ |
| ഹൈറൈഡർ | ₹65,400 വരെ |
| ക്രിസ്റ്റ | ₹1,80,600 വരെ |
| ഹൈക്രോസ് | ₹1,15,800 വരെ |
| ഫോർച്യൂണർ | ₹3,49,000 വരെ |
| ലെജൻഡർ | ₹3,34,000 വരെ |
| ഹൈലക്സ് | ₹2,52,700 വരെ |
| കാമ്രി | ₹1,01,800 വരെ |
| വെൽഫെയർ | ₹2,78,000 വരെ |
മുകളില്‍ പരാമര്‍ശിച്ചതെല്ലാം ടൊയോട്ട കാറുകളുടെ എക്‌സ്‌ഷോറൂം വിലയില്‍ വരാന്‍ പോകുന്ന കുറവാണ്. ഈ കാര്‍ മോഡലുകളുടെ ഓണ്‍-റോഡ് വില അറിയാന്‍ മാന്യ വായനക്കാര്‍ ഏറ്റവും അടുത്തുള്ള ടൊയോട്ട ഷോറൂം സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നു. ജിഎസ്ടി 2.0 സെപ്റ്റംബര്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഒട്ടുമിക്ക കമ്പനികളും പുതിയ വിലകള്‍ ഈ തീയതി മുതലാണ് നടപ്പാക്കുന്നത്.
ടൊയോട്ടയും അങ്ങിനെ തന്നെയാണ്.
എന്നാല്‍ മഹീന്ദ്ര തങ്ങളുടെ എസ്‌യുവികളുടെ പുതിയ വിലകള്‍ സെപ്റ്റംബര്‍ ആറാം തീയതി മുതല്‍ തന്നെ പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണ്. ഈ ഉത്സവ സീസണില്‍ ഒരു ടൊയോട്ട കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍് ജിഎസ്ടി പരിഷ്‌കാരത്തിന്റെ ഗുണം ലഭിക്കാനായി സെപ്റ്റംബര്‍ അവസാന വാരം ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. വമ്പന്‍ വിലക്കുറവ് ലഭിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ ടൊയോട്ട കാറുകളുടെ വില്‍പ്പന കൂടുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








