17 പേര്‍ക്ക് ഒരുമിച്ച് പോകാം, മിനി തീയറ്റര്‍ വരെ സെറ്റപ്പാക്കാം! ടൊയോട്ട ഇവിയുടെ വില പുറത്ത്
ലോകം ഇലക്ട്രിക് വാഹന വിപ്ലവത്തിലേക്ക് അതിവേഗം നടന്നു നീങ്ങുകയാണ്. പല ലോകോത്തര ബ്രാന്‍ഡുകളും ഇതിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കുന്നു. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഒന്നിലേറെ ഇലക്ട്രിക് വാഹനങ്ങള്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇപ്പോള്‍ ടൊയോട്ട ജപ്പാനില്‍ ഇ-പാലറ്റ് എന്ന പേരില്‍ സെല്‍ഫ് ഡ്രൈവിംഗ് ബാറ്ററി ഇലക്ട്രിക് വാഹനം അവതരിപ്പിച്ചു. 29 ദശലക്ഷം ജാപ്പനീസ് യെന്‍ ആണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ വില ഏകദേശം 1.74 കോടി രൂപ വരും. ടൊയോട്ടയുടെ പുത്തന്‍ വാഹനത്തെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
2018 CES-ല്‍ കണ്‍സെപ്റ്റ് രൂപത്തിലാണ് ടൊയോട്ട ഇ-പാലറ്റ് ആദ്യമായി ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ടൊയോട്ടയുടെ ഈ ഫ്യൂചറിസ്റ്റിക് ഇലക്ട്രിക് വാഹനത്തില്‍ 72.82 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

150KW അതായത് 204 PS പവര്‍ ഉത്പാദിപ്പിക്കുന്ന AC സിങ്ക്രണസ് മോട്ടോറാണ് ഈ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 266 Nm ടോര്‍ക്കും നല്‍കുന്നു. ഈ വാഹനത്തിന് പരമാവധി 80 കിലോമീറ്റര്‍ വേഗതയുണ്ട്. 90KW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക ഇത് 40 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. ഒരു പരമ്പരാഗത 6KW ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12 മണിക്കൂര്‍ എടുക്കും.
ഈ വാഹനത്തിന് സ്റ്റിയര്‍-ബൈ-വയര്‍ സാങ്കേതികവിദ്യയുണ്ട്. വാഹനത്തിലെ ബാറ്ററി പവര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്ന വെഹിക്കിള്‍ ടു ലോഡ് സവിശേഷതയും ഇതിലുണ്ട്. വലിപ്പം നോക്കിയാല്‍ ഇതിന് 4950 mm നീളവും 2080 mm വീതിയും 2650 mm ഉയരവുമുണ്ട്. ഈ വാഹനത്തിന്റെ ആകെ ഭാരം 2950 കിലോഗ്രാം ആണ്.

ലോ ഫേ്‌ലാര്‍ ഡിസൈന്‍ ഘടനയോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇതിന് വശങ്ങളില്‍ വലിയ സ്ലൈഡിംഗ് ഡോറുകളുണ്ട്. അതുകൊണ്ട് തന്നെ ഇ-പാലറ്റില്‍ കയറാനും ഇറങ്ങാനും എളുപ്പമാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ ആകെ 17 പേര്‍ക്ക് ഈ വാഹനത്തില്‍ സഞ്ചരിക്കാം. കാണാന്‍ ഒരു ബസിനെ പോലെ ഇരിക്കുമെങ്കിലും ഈ വാഹനം വിവിധ ഉപയോഗങ്ങള്‍ക്കായി കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
ഫുഡ് ട്രക്കായും, മൊബൈല്‍ റെസ്റ്റോറന്റായും, അല്ലെങ്കില്‍ ഒരു ചെറിയ എന്റര്‍ടെയിന്‍മെന്റ് വെഹിക്കികള്‍ ആയും ഉപയോഗിക്കാം. വലിയ സ്‌ക്രീനും മികച്ച ശബ്ദ സംവിധാനവും ഉപയോഗിച്ച് ഒരു മിനി തീയറ്ററായി ഇത് മാറ്റിയെടുക്കാം. കുടുംബത്തിനും സുഹൃത്തുക്കളോടൊപ്പം സിനിമ കാണുന്നതിനും, ലൈവ് സ്പോര്‍ട്സ് മത്സരങ്ങള്‍ കാണുന്നതിനും ഇത് ഉപയോഗിക്കാം. മാത്രമല്ല ടൂറുകള്‍ക്ക് കൊണ്ടുപോകാന്‍ പറ്റിയ വാഹനമായും ഇ-പാലറ്റ് മാറ്റാം.

നിലവില്‍ ലെവല്‍ 2 ഓട്ടോണോമസ് സാങ്കേതികവിദ്യയാണ് ഈ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഒട്ടുമിക്ക മൂവ്‌മെന്റുകളും ഓട്ടോമേറ്റഡ് ആണെങ്കിലും ഒരു ഡ്രൈവറുടെ സാന്നിധ്യം ആവശ്യമാണ്. എന്നിരുന്നാലും, 2027 ഓടെ ഡ്രൈവറില്ലാതെ ഓടുന്ന തരത്തില്‍ ലെവല്‍ 4 ഓട്ടോണമസ് സാങ്കേതികവിദ്യ സജ്ജീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ലിഡാര്‍, ക്യാമറകള്‍, ഓട്ടോണമസ് ഡ്രൈവിംഗ് കിറ്റ് എന്നിവ സിസ്റ്റത്തില്‍ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടൊയോട്ട ഇപ്പോള്‍ ജപ്പാനില്‍ മാത്രമാണ് ഇ-പാലറ്റ് അവതരിപ്പിച്ചത്. കമ്പനി ഉടന്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് ഇത് കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ഈ തരത്തിലുള്ള വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഒറ്റ ചാര്‍ജില്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇതിന്റെ ബാറ്ററി മാറ്റേണ്ടി വരും. നിലവില്‍ ടൊയോട്ടയുടെയും ലെക്‌സസിന്റെ ആഡംബര വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ആണ്. ഇവികള്‍ക്ക് പ്രചാരമേറി വരുന്ന സാഹചര്യത്തില്‍ ഇ-പാലറ്റിനും രാജ്യത്ത് ആവശ്യക്കാര്‍ ഉണ്ടാകും.


Click it and Unblock the Notifications








