30 കി.മീ മൈലേജും പ്രീമിയം യാത്രയും; ഈ ടൊയോട്ട കാര്‍ വീട്ടിലെത്തിക്കാന്‍ കുറച്ച് പൈസ കൂടി കൈയ്യില്‍ കരുതിക്കോ
ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള സഹകരണ തന്ത്രത്തിന്റെ ഭാഗമായി പിറവികൊണ്ട മോഡലുകളില്‍ ഒന്നാണ് ഗ്ലാന്‍സ (Toyota Glanza). 2019-ല്‍ മാരുതി സുസുക്കിയുടെ പ്രീമയം ഹാച്ച്ബാക്കായ ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പിലൂടെ ടൊയോട്ട വീണ്ടും ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് റീഎന്‍ട്രി നടത്തുകയായിരുന്നു. അടുത്തിടെ വില്‍പ്പനയുടെ കാര്യത്തില്‍ ടാറ്റ ആള്‍ട്രേസിനെ വരെ പിന്നിലാക്കാന്‍ ഗ്ലാന്‍സക്ക് സാധിച്ചു. ഇക്കഴിഞ്ഞ മാസം ഗ്ലാന്‍സ 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ലും പിന്നിട്ടിരുന്നു. ഇന്ത്യന്‍ വിപണിയിലെത്തി അഞ്ചര വര്‍ഷം കൊണ്ടാണ് പ്രീമിയം ഹാച്ച് ഈ നേട്ടം സ്വന്തമാക്കിയത്. ഉടന്‍ ഒരു ടൊയോട്ട ഗ്ലാന്‍സ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് ചെറിയ സങ്കടവാര്‍ത്തയുണ്ട്.
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ടെയോട്ട ഇപ്പോള്‍ റീബാഡ്ജ്ഡ് കാറിന് 9000 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ കാറിന്റെ ബേസ് വേരിയന്റിന്റെ വില 6.9 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റ് വാങ്ങാന്‍ 10 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകളാണിത്. ടൊയോട്ട ഗ്ലാന്‍സ E, S, G, V എന്നീ നാല് വേരിയന്റുകളില്‍ ലഭ്യമാണ്.

പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും കാര്‍ വാങ്ങാം. ടൊയോട്ട ഗ്ലാന്‍സയുടെ S, G എംടി വേരിയന്റുകളുടെ വില 9,000 രൂപ വര്‍ധിച്ചു. മറ്റ് എല്ലാ വേരിയന്റുകള്‍ക്കും 4,000 രൂപയുടെ വര്‍ധനവാണ് ലഭിച്ചത്. അതേസമയം ടോപ് സ്‌പെക് V എഎംടി വേരിയന്റിന്റെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പാണെങ്കിലും നിര്‍മ്മാണത്തില്‍ ചെറിയ പരിഷ്‌കാരങ്ങളോടെയാണ് കാര്‍ വരുന്നത്. ബലോനോയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ആവശ്യമായ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഇതില്‍ ടൊയോട്ട വരുത്തിയിട്ടുണ്ട്. ക്യാബിനുള്ളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കാറിന് ലഭിക്കുന്നു.

കൂടാതെ, ടൊയോട്ട ഐ-കണക്റ്റ് സപ്പോര്‍ട്ട്, ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റ് തുടങ്ങിയവയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗ്ലാന്‍സയ്ക്ക് ലഭിക്കുന്നു. 6 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, 360 ഡിഗ്രി ക്യാമററ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ലഭിക്കുന്നു.
90 PS പവറും 113 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട ഗ്ലാന്‍സക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. ഇതിനുപുറമെ, ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിന്റെ ഓപ്ഷനിലും ഈ കാര്‍ ലഭ്യമാണ്. സിഎന്‍ജി മോഡില്‍ എഞ്ചിന്റെ പവര്‍ 77.5 PS ആയി കുറയുന്നു.
പവര്‍ ഔട്ട്പുട്ട് കുറഞ്ഞാലും മികച്ച മൈലേജാണ് ഗ്ലാന്‍സ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി മോഡലിന്റെ മൈലേജ് കിലോഗ്രാമിന് 30.61 കിലോമീറ്ററാണ്. അതേസമയം, ഗ്ലാന്‍സയുടെ പെട്രോള്‍ മോഡലിന്റെ മൈലേജ് ലിറ്ററിന് 22.35 മുതല്‍ 22.94 കിലോമീറ്റര്‍ വരെയാണ്. ഐഡില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് ഫീച്ചറും കാറില്‍ ലഭ്യമാണ്.
പ്രീമിയം സവിശേഷതകളുള്ള ഒരു വിശ്വസനീയമായ ഹാച്ച്ബാക്ക് തേടുന്നവര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ ഒരു മികച്ച ഓപ്ഷനാണ്. കുറഞ്ഞ വിലയ്ക്ക് പ്രീമിയം സവിശേഷതകളും ശക്തമായ സുരക്ഷയും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കും ടൊയോട്ട ഗ്ലാന്‍സ പരിഗണിക്കാവുന്നതാണ്. സിഎന്‍ജി പവര്‍ട്രെയിനിന്റെ ഓപ്ഷനും ഉള്ളതിനാല്‍ മൈലേജിനെക്കുറിച്ചും ടെന്‍ഷനില്ല. ബജറ്റ് അല്‍പ്പം കുറയ്‌ക്കേണ്ടതുണ്ടെങ്കില്‍ മാരുതി ബലേനോയടക്കമുള്ള മറ്റ് എതിരാളികളെയും പരിഗണിക്കാവുന്നതാണ്. ബലേനോയെ കൂടാതെ ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20 എന്നിവയാണ് ഗ്ലാന്‍സയുടെ എതിരാളികള്‍.


Click it and Unblock the Notifications








