ആൾട്രോസ് അയ്യത്തിരിക്കുമോ? ഗ്ലാൻസയോടു പോലും മുട്ടാനാവാതെ ടാറ്റ ഹാച്ച്ബാക്ക്
ഇന്ത്യൻ വിപണിയിൽ ഒരു കാലത്ത് വളരെയധികം ശോഭിച്ചിരുന്ന ഒരു വിഭാഗമാണ് ഹാച്ച്ബാക്ക് എന്നത്, അക്കാലത്ത് അവ ഉണ്ടാക്കിയ ഓളം ഒന്നും പിന്നീട് ഒരു വിഭാഗത്തിനും പുനർസൃഷ്ടിക്കാനായിട്ടില്ല എന്ന് വേണം പറയാൻ. എന്നാൽ ഇപ്പോൾ ഹാച്ച്ബാക്ക് വിഭാഗത്തിന്റെ പ്രൗഡിയും ഗാംഭീര്യവും എല്ലാം ക്ഷയിച്ചിരിക്കുകയാണ്. ഇന്ന് എസ്‌യുവി പ്രഭാവത്തിനു മുൻപിൽ കാര്യമായി ചെറുത്തു നിൽക്കാൻ കഴിയില്ല എങ്കിലും രാജ്യത്തെ ഹാച്ച്ബാക്ക് സെഗ്മെന്റ് അടിയറവു വെച്ച് കീഴടങ്ങിയിട്ടില്ല. പല പ്രമുഖ ബ്രാൻഡുകളും ഇന്നും ഈ സെഗ്മെന്റിൽ നിരവധി മോഡലുകൾ അവതരിപ്പിക്കുന്നുണ്ട്.
അത്തരത്തിൽ ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയിൽ നിന്ന് വിൽപ്പനയ്ക്ക് എത്തുന്ന ഏക ഹാച്ച്ബാക്കായ ടൊയോട്ട ഗ്ലാൻസ പുതിയ വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. മാരുതി ബലേനോയുടെ ബാഡ്ജ് -എഞ്ചിനീയറിംഗ് പതിപ്പ് കഴിഞ്ഞ മാസം രണ്ട് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടു. 2025 ജനുവരിയിൽ വാഹനത്തിന്റെ 26,178 യൂണിറ്റുകൾ ടൊയോട്ട വിറ്റു. പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് 66 മാസത്തിനുള്ളിൽ അല്ലെങ്കിൽ അഞ്ചര വർഷത്തിനുള്ളിലാണ് ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.

സുസുക്കി മോട്ടോർ കോർപ്പറേഷന്റെ (SMC) ഗുജറാത്ത് പ്ലാന്റിലാണ് മാരുതി, ടൊയോട്ട ഗ്ലാൻസ പ്രീമിയം ഹാച്ച് നിർമ്മിക്കുന്നത്. ഗ്ലാൻസ 2019 ജൂണിലാണ് കമ്പനി പുറത്തിറക്കിയത്. ഒരു ലക്ഷം വിൽപ്പന എന്ന നാഴികക്കല്ലിൽ എത്താൻ നാല് വർഷത്തിൽ താഴെ സമയമെടുത്തെങ്കിലും, അടുത്ത ഒരു ലക്ഷം മോഡലുകളുടെ വിൽപ്പന വെറും ഒരു വർഷവും ഒമ്പത് മാസവും കൊണ്ടാണ് കൈവരച്ചത്.
12 മാസ കാലയളവിൽ 52,262 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ടൊയോട്ട ഗ്ലാൻസയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സാമ്പത്തിക വർഷമായിരുന്നു 2024 സാമ്പത്തിക വർഷം എന്നതും ശ്രദ്ധേയമാണ്. 2024 സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളിൽ, ടൊയോട്ട പ്രീമിയം ഹാച്ച്ബാക്ക് 40,742 യൂണിറ്റുകളോളം വിറ്റഴിച്ചു.

വിപണിയിലെ മറ്റ് എതിരാളികളുടെ കാര്യത്തിൽ, ഈ സാമ്പത്തിക വർഷത്തിൽ ഗ്ലാൻസയുടെ വിൽപ്പന 47,434 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായി i20 -യ്ക്കും 31,925 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച ടാറ്റ ആൾട്രോസിനും ഇടയിലാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ഇതേ കാലയളവിൽ 1,39,324 യൂണിറ്റുകളുടെ വിൽപ്പനയുമായി ഗ്ലാൻസയുടെ മാരുതി പതിപ്പായ ബലേനോ വളരെ മുന്നിലാണ്.
അടുത്ത കാലങ്ങളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ബലേനോയുടെ വിൽപ്പന സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ടൊയോട്ട ഗ്ലാൻസയുടെ വിൽപ്പനയുടെ അനുപാതം ക്രമാനുഗതമായി വർധിച്ചു കൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് മനസിലാക്കാനാവും. 2020 സാമ്പത്തിക വർഷത്തിൽ, ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്ലാൻസയുടെ വിൽപ്പന വെറും 13.51 ശതമാനമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

അതേസമയം ഈ സാമ്പത്തിക വർഷത്തിൽ ഇത് 29.24 ശതമാനമായി ഉയർന്നിരിക്കുകയാണ്. നിലവിലെ വിൽപ്പന നിരക്ക് തുടരുകയാണെങ്കിൽ, SMC ഫാക്ടറിയിൽ നിന്നുള്ള ബലേനോയുടെയും ഗ്ലാൻസയുടെയും സംയോജിത വിതരണം എന്നത് 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എളുപ്പത്തിൽ രണ്ട് ലക്ഷം കടക്കും എന്ന് പ്രതീക്ഷിക്കാം.
ഗ്ലാൻസ പെട്രോൾ, CNG പവർട്രെയിൻ ഓപ്ഷനുകളുമായി ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ പതിപ്പിന് മാനുവൽ, AMT ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭിക്കുന്നു, മറുവശത്ത് CNG പതിപ്പിന് മാനുവൽ മാത്രമാണ് ലഭിക്കുക. ആകെ ഒമ്പത് വേരിയന്റുകളിൽ ലഭ്യമായ ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ എക്സ്-ഷോറൂം വില 6.90 ലക്ഷം മുതൽ 9.99 ലക്ഷം രൂപ വരെയാണ്.


Click it and Unblock the Notifications








