സംഗതി മാരുതിയാണെങ്കിലും സേഫ്റ്റി മുഖ്യമെന്ന് ടൊയോട്ട! 6.90 ലക്ഷത്തിന്റെ ബേസ് വേരിയന്റിലും 6 എയര്‍ബാഗ്

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ക്കും കോംപാക്ട് എസ്‌യുവികള്‍ക്കും ഇടയില്‍ ഇടത്തരക്കാരായ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന കാര്‍ വിഭാഗമാണ് പ്രീമിയം ഹാച്ച്ബാക്ക്. ആദ്യമായി വാങ്ങിയ ചെറുകാറില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഇത്തരം കാറുകള്‍. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ടൊയോട്ട ഗ്ലാന്‍സ. ഇത് യഥാര്‍ത്ഥത്തില്‍ മാരുതി സുസുക്കി ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പാണ്. സെഗ്‌മെന്റില്‍ വമ്പന്‍ അപ്‌ഡേറ്റുകളുമായി എതിരാളിയായ ടാറ്റ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങിയതോടെ കാറിനെ സവിശേഷമാക്കാനുള്ള മാറ്റങ്ങള്‍ മാരുതിക്ക് മുമ്പേ നടപ്പാക്കുകയാണ് കമ്പനി.

പ്രീമിയം ഹാച്ച്ബാക്കില്‍ സുരക്ഷയ്ക്കും ഫീച്ചറുകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അപ്ഡേറ്റ് നടപ്പാക്കിയത്. ഇനി മുതല്‍ ഗ്ലാന്‍സയുടെ ബേസ് വേരിയന്റില്‍ വരെ ആറ് എയര്‍ബാഗുകള്‍ ലഭിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കി മാറ്റുക വഴി ഇന്ത്യക്കാരുടെ മാറുന്ന ഉപഭോക്തൃ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഞങ്ങളും സഞ്ചരിക്കുന്നുവെന്ന് വിളിച്ച് പറയുകയാണ് ജാപ്പനീസ് ബ്രാന്‍ഡ്.

toyota glanza prestige package 6 airbags

ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നത്. ഉയര്‍ന്ന സെഗ്മെന്റുകളിലെ പല മോഡലുകളും എയര്‍ബാഗ് സുരക്ഷ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. ഈ അപ്ഡേറ്റിലൂടെ ടൊയോട്ട തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നു എന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ്.

അതേ സമയം ബലേനോയുടെ താഴ്ന്ന വേരിയന്റുകളായ സിഗ്മയിലും ഡെല്‍റ്റയിലും ഇപ്പോഴും രണ്ട് എയര്‍ബാഗുകളാണ് ലഭിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകളായ സീറ്റയിലും ആല്‍ഫയിലും മാത്രമാണ് 6 എയര്‍ബാഗുകള്‍ നല്‍കുന്നത്. മുഴുവന്‍ അരീന നിരയിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയതിനാല്‍ അധികം വൈകാതെ ബലേനോയിലും മാരുതി ഈ അപ്‌ഡേറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

സേഫ്റ്റി അപ്ഗ്രേഡിനൊപ്പം ടൊയോട്ട 'പ്രെസ്റ്റീജ് പാക്കേജ്' എന്ന പേരില്‍ ഒരു പുതിയ ലിമിറ്റഡ് പീരിയഡ് ആക്‌സസറി ബണ്ടിലും അവതരിപ്പിച്ചിട്ടുണ്ട്. കാറിന്റെ സ്‌റ്റൈലിംഗും ഇന്‍-കാബിന്‍ എക്‌സ്പീരിയന്‍സും മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത പാക്കേജില്‍ നിരവധി ആക്‌സസറികളാണ് കമ്പനി നല്‍കുന്നത്. ക്രോം ട്രിം ചെയ്ത ബോഡി സൈഡ് മോള്‍ഡിംഗുകള്‍, പ്രീമിയം ഡോര്‍ വിസറുകള്‍, റിയര്‍ ലാമ്പ്, ലോവര്‍ ഗ്രില്‍ ഗാര്‍ണിഷുകള്‍, ഇല്യൂമിനേറ്റഡ് ഡോര്‍ സില്‍സ്, റിയര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു.

ഓപ്ഷനലായി നല്‍കുന്ന ഈ ആക്‌സസറികള്‍ ഡീലര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ജൂലൈ 31 വരെയായിരിക്കും പ്രസ്റ്റീജ് പാക്കേജുമായി ഗ്ലാന്‍സ് ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കുക. ഇവയല്ലാതെ ഗ്ലാന്‍സയില്‍ മെക്കാനിക്കലായി പരിഷ്‌കാരങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ച 1.2-ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട ഗ്ലാന്‍സക്ക് തുടിപ്പേകുന്നത്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും ഗ്ലാന്‍സ വാങ്ങാവുന്നതാണ്. പ്രീമിയം ഹാച്ചിന്റെ പെട്രോള്‍ ഓട്ടോമാറ്റിക്കിന് ലിറ്ററിന് 22.94 കിലോമീറ്ററാണ് മൈലോജ്.

ഗ്ലാന്‍സ സിഎന്‍ജിയുടെ ഇന്ധനക്ഷമത കിലോഗ്രാമിന് 30.61 കിലോമീറ്ററാണെന്ന് കമ്പനി അവകാശപ്പെടുന്നു. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, ടൊയോട്ട ഐ-കണക്ട് വഴിയുള്ള കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും ഈ കാറില്‍ ടൊയോട്ട സജ്ജീകരിച്ചിട്ടുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് ആറ് എയര്‍ബാഗുകളും ഓപ്ഷനല്‍ പ്രെസ്റ്റീജ് പാക്കേജും ചേര്‍ത്തതോടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഗ്ലാന്‍സ കൂടുതല്‍ മികച്ച ഓപ്ഷന്‍ ആയി മാറുന്നു. 6.90 ലക്ഷം രൂപ മുതലാണ് അപ്‌ഡേറ്റഡ് ഗ്ലാന്‍സയുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ടൊയോട്ടയുടെ സാധാരണ 3 വര്‍ഷം / 100,000 കി.മീ വാറണ്ടി ഈ കാറിന് ലഭിക്കും. ഇത് 5 വര്‍ഷം / 220,000 കി.മീ വരെ നീട്ടാവുന്നതാണ്.

ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പായിട്ടും ഇതിനോടകം രണ്ട് ലക്ഷത്തിലധികം ടൊയോട്ട ഗ്ലാന്‍സകള്‍ ഇന്ത്യന്‍ നിരത്തിലുണ്ട്. മൈലേജ്, ഒതുക്കമുള്ള രൂപം, ഫീച്ചര്‍ സമ്പന്നമായ ക്യാബിന്‍ എന്നിവയ്‌ക്കൊപ്പം ടൊയോട്ടയുടെ വിശ്വാസ്യതയും കൂടി ചേരുന്നതോടെ ആദ്യമായി കാര്‍ വാങ്ങുന്നവരെയും അപ്‌ഗ്രേഡ് ചെയ്യുന്നവരെയും ഈ പ്രീമിയം ഹാച്ച്ബാക്ക് ഒരുപോലെ ആകര്‍ഷിക്കുന്നു.

More from DriveSpark

Article Published On: Friday, July 11, 2025, 17:09 [IST]
English summary
Toyota glanza updated with six airbags standard prestige package offering cosmetic enhancements
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X