കാട്ടില്‍ വെച്ച് കണ്ടാല്‍ ആന വരെ മാറിനില്‍ക്കും! ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ എത്തി, വില അറിയാം
ഇന്ത്യയില്‍ ഇപ്പോള്‍ ടൊയോട്ടക്ക് നല്ല കാലമാണ്. ടൊയോട്ട ഷോറൂമില്‍ കയറിയാല്‍ ഇപ്പോള്‍ പ്രീമിയം കാറുകള്‍ മുതല്‍ ബജറ്റ് വിലയിലുള്ള ഹാച്ച്ബാക്ക് കാറുകള്‍ വാങ്ങാന്‍ പറ്റുമെന്നതിനാല്‍ തന്നെ നല്ല തിരക്കാണ്. 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹൈലക്‌സ് പിക്ക്-അപ്പ് ട്രക്കിന്റെ ബ്ലാക്ക് എഡിഷന്‍ വിപണിയിലി റക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ഫുള്ളി-ലോഡഡ് ഹൈ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രം വരുന്നതുമാണ് ഇത്. പരമ്പരാഗത ഹൈലക്‌സ് മോഡലിന്റെ ശക്തമായ മെക്കാനിക്കല്‍ അടിത്തറ നിലനിര്‍ത്തിക്കൊണ്ട് ഈ പതിപ്പ് അതിന്റെ എക്‌സ്റ്റീരിയിറിലും ഇന്റീരിയറിലും നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നു.
ഹൈലക്‌സ് നിരയ്ക്ക് പുതിയതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഒരു രൂപം സമ്മാനിക്കുന്ന ഈ വാഹനത്തിന്റെ ബുക്കിംഗ് രാജ്യവ്യാപകമായി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഡെലിവറി ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഓള്‍-ബ്ലാക്ക് എക്സ്റ്റീരിയര്‍ ഡിസൈനിലാണ് വരുന്നത്, അതേസമയം ഇന്റീരിയര്‍ റെഗുലര്‍ മോഡലിന്റെ ഓള്‍-ബ്ലാക്ക് തീം അവതരിപ്പിക്കുന്നത് തുടരുന്നു. വിലയില്‍ തുടങ്ങി റെഗുലര്‍ മോഡലില്‍ നിന്ന് ബ്ലാക്ക് എഡിഷന് ഉള്ള എല്ലാ വ്യത്യാസങ്ങളും നമുക്ക് നോക്കാം.

ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ 37.90 ലക്ഷം രൂപയ്ക്കാണ് ടൊയോട്ട വിപണിയിലെത്തിച്ചിരിക്കുന്നത്. പിക്ക്-അപ്പ് ട്രക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് MT വേരിയന്റിന് 30.4 ലക്ഷം രൂപയാണ് വില. അതേസമയം ഹൈ വേരിയന്റ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം 37.15 ലക്ഷം രൂപയ്ക്കും ഓട്ടോമറ്റിക്കില്‍ 37.90 ലക്ഷം രൂപ വിലയിലും വാങ്ങാം. എക്‌സ്‌ഷോറൂം വിലകളാണിത്. ടോപ്‌സ്‌പെക് ഹൈ വേരിയന്റിന്റെ വിലയ്ക്ക് തുല്യമാണ് ബ്ലാക്ക് എഡിഷന്.
ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ അതിന്റെ ശ്രദ്ധേയമായ ഓള്‍ ബ്ലാക്ക് തീം കൊണ്ട് വേറിട്ടുനില്‍ക്കുന്നു. എക്‌സ്റ്റീരിയറില്‍ ഒരു സ്ലീക്ക് ബ്ലാക്ക് ഫ്രണ്ട് റേഡിയേറ്റര്‍ ഗ്രില്‍ കാണാം. 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഒആര്‍വിഎം കവറുകള്‍, ഫെന്‍ഡര്‍ ഗാര്‍ണിഷ് എന്നിവ അലങ്കരിക്കുന്ന ബ്ലാക്ക് ആക്‌സന്റുകള്‍ എന്നിവ ഹൈലക്‌സിന്റെ ബോള്‍ഡ് ലുക്ക് കൂടുതല്‍ മെച്ചപ്പെടുത്തുകയും ആരും കണ്ടാല്‍ നോക്കിപ്പോവുന്ന പരുവത്തിലേക്ക് മാറ്റുകയും ചെയ്യുന്നു.
എന്നിരുന്നാലും, പ്രൊജക്ടര്‍-എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ടെയില്‍ഗേറ്റിലെ 'ടൊയോട്ട' ലെറ്ററിംഗ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഡിസൈന്‍ ഘടകങ്ങള്‍ സാധാരണ ഹൈലക്‌സിന് സമാനമാണ്. അകത്തളത്തില്‍ ബ്ലാക്ക് എഡിഷന്‍ ഒരു പിക്കപ്പ് ട്രക്കിലെ ആഡംബരത്തിനും സാങ്കേതികവിദ്യയ്ക്കും മുന്‍തൂക്കം നല്‍കുന്നു. പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ഡ്യുവല്‍-സോണ്‍ ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റവും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഇത് ക്യാബിനില്‍ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ക്യാബിനില്‍ സജ്ജീകരിച്ചതിലൂടെ യാത്രക്കാര്‍ക്ക് വിനോദവും ഉറപ്പാക്കുന്നു. ദീര്‍ഘദൂര യാത്രകളില്‍ കൂടുതല്‍ സൗകര്യത്തിനായി എട്ട്-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റും രാത്രി ഡ്രൈവുകളില്‍ ഓട്ടോമാറ്റിക് ഡിം സൗകര്യമുള്ള ഒരു ഇലക്ട്രോക്രോമിക് റിയര്‍-വ്യൂ മിററും നല്‍കിയിട്ടുണ്ട്.
മെക്കാനിക്കലായി ഹൈലക്‌സ് ബ്ലാക്ക് എഡിഷന് മാറ്റങ്ങള്‍ ഒന്നുമില്ല. ടൊയോട്ട ഹൈലക്‌സ് ബ്ലാക്ക് എഡിഷന് 2.8 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 201.15 bhp പവറും 500 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റവും വഴി നാല് വീലുകളിലേക്കും പവര്‍ കാര്യക്ഷമമായി കൈമാറുന്നു. ഈ കോമ്പിനേഷന്‍ ബ്ലാക്ക് എഡിഷന് ഹൈവേയില്‍ എന്ന പോലെ ഓഫ്-റോഡിലും കാര്യക്ഷമത ഉറപ്പാക്കുന്നു.
ഏഴ് SRS എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ട്രാക്ഷന്‍ കണ്‍ട്രോള്‍ (TC), ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് (EDL) എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ സേഫ്റ്റിയുടെ കാര്യത്തിലും മുറ്റാണ്. ഓട്ടോമാറ്റിക് ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (HAC), ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (DAC), ഓട്ടോമാറ്റിക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ (ALSD) എന്നിവ വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങള്‍ മികച്ച കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. സാധാരണ മോഡലിനെ പോലെ ഇസുസു വി-ക്രോസിന് എതിരാളിയായി തുടരുന്നു.


Click it and Unblock the Notifications








