ഇന്നോവ ഇരട്ടകളെ താഴെയിറക്കി ടൊയോട്ട ബെസ്റ്റ് സെല്ലറായി 27.97Km മൈലേജുള്ള എസ്‌യുവി! എല്ലാം മാരുതിയുടെ കടാക്ഷം
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ പകുതിയിലധികവും സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ ആണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഒട്ടുമിക്ക ബ്രാന്‍ഡുകളും എസ്‌യുവികളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് തന്ത്രങ്ങള്‍ മെനയുന്നത്. ടൊയോട്ടയുടെ സ്‌റ്റൈലും മൈലേജും ഗുണനിലവാരവും ലോകപ്രസിദ്ധമായ വിശ്വാസ്യതയും ഒത്തുചേരുന്ന എസ്‌യുവിയാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. കുറഞ്ഞ ചെലവും കൂടുതല്‍ സുഖസൗകര്യങ്ങളും ദൈനംദിന ഡ്രൈവിംഗിന് പറ്റിയ നൂതന സവിശേഷതകളും ആഗ്രഹിക്കുന്നവരെ മനസ്സില്‍ വെച്ചുകൊണ്ടാണ് ഈ കാര്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹൈറൈഡറിന്റെ ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതിനെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും കാര്യക്ഷമമായ എസ്‌യുവികളില്‍ ഒന്നാക്കി മാറ്റുന്നു.
മാരുതി സുസുക്കിയുമായി ചേര്‍ന്ന് ടൊയോട്ട വികസിപ്പിച്ച വാഹനം ഓരോ മാസവും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. പലരും സ്വപ്‌നത്തില്‍ പോലും കാണാത്ത ഒരു നേട്ടമാണ് ഇപ്പോള്‍ ഹൈറൈഡര്‍ എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്. വില്‍പ്പനയില്‍ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ച ഹൈറൈഡര്‍ ബ്രാന്‍ഡിന്റെ ദീര്‍ഘകാലമായുള്ള ബെസ്റ്റ് സെല്ലറായ ഇന്നോവയെ ആദ്യമായി മറികടന്നു. ദീപാവലിയ ഡിമാന്‍ഡിന്റെ കൂടെ ജിഎസ്ടി നിരക്ക് ഇളവുകളും കൂടിയായതോടെ ഇന്ത്യക്കാര്‍ കുട്ടത്തോടെ ഹൈറൈഡര്‍ വാങ്ങാന്‍ ഷോറൂമലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2025 ഒക്ടോബറില്‍ 11,555 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് ഹൈറൈഡര്‍ ഇന്നോവയെ വരെ ഓവര്‍ടേക്ക് ചെയ്തത്. 2024 ഒക്‌ടോബറിലെ 5449 യൂണിറ്റിനെ അപേക്ഷിച്ച് 112 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കോംപാക്ട് എസ്‌യുവി രേഖപ്പെടുത്തിയത്.അതേസമയം 2025 ഒക്‌ടോബറില്‍ ഇന്നോവ ഹൈക്രോസിന്റെയും ക്രിസ്റ്റയുടെയും സംയുക്ത വില്‍പ്പന 11,294 യൂണിറ്റായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്നോവ ഇരട്ടകള്‍ക്ക് ഇപ്പോഴും വില്‍പ്പനയില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.
2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്നോവകളുടെ വില്‍പ്പന 64,678 യൂണിറ്റുകളായിരുന്നു. 20242025 സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ നേടിയ വില്‍പ്പനയേക്കാള്‍ 5 ശതമാനം വളര്‍ച്ച നേടാന്‍ ഇക്കുറി സാധിച്ചു. അതേസമയം ഇതേകാലയളവില്‍ ഹൈറൈഡറിന്റെ വില്‍പ്പന 56754 യൂണിറ്റാണ്. ഇന്നോവ മോഡലുകളേക്കാള്‍ 7,924 യൂണിറ്റ് കുറവാണെങ്കിലും 57 ശതമാനമെന്ന അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഹൈറൈഡറിന് നേടാനായത്.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ടൊയോട്ട ബ്രാന്‍ഡിനെ സംബന്ധിച്ചും മികച്ച മാസമായിരുന്നു. 43 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 40247 യൂണിറ്റ് വില്‍പ്പനയാണ് ടൊയോട്ട നേടിയത്. ഇതില്‍ എംപിവികളും എസ്‌യുവികളും ഉള്‍പ്പെടുന്ന യൂടിലിറ്റി വാഹനങ്ങള്‍ 33,809 യൂണിറ്റായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി യൂടിലിറ്റി വാഹന വില്‍പ്പനയും റെക്കോഡ് ഉയരത്തിലെത്തി. യുവി സെഗ്‌മെന്റാണ് ടൊയോട്ടയുടെ വില്‍പ്പനയുടെ 67 ശതമാനവും സംഭാവന ചെയ്യുന്നത്.
2022 സെപ്റ്റംബറിലാണ് ജാപ്പനീസ് ബ്രാന്‍ഡ് ഹൈറൈഡര്‍ മിഡ്‌സൈസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുറത്തിറങ്ങിയ സമയം മുതല്‍ തന്നെ ഹൈറൈഡര്‍ വളര്‍ച്ചാ പാതയിലായിരുന്നു. 2025 ഓഗസ്റ്റില്‍ 9,100 യൂണിറ്റുകള്‍ വിറ്റഴിച്ചതായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പന. ഇതാദ്യമായാണ് ഹൈറൈഡറിന്റെ പ്രതിമാസ വില്‍പ്പന 10000 യൂണിറ്റിന് മുകളില്‍ പോകുന്നത്. ലോഞ്ച് ചെയ്തതുമുതല്‍ ഇതുവരെ 1,60,000 ഹൈറൈഡറുകൾ വിറ്റഴിക്കാന്‍ ടൊയോട്ടക്ക് സാധിച്ചിട്ടുണ്ട്.

മാരുതി സുസുക്കിയുമായി സഹകരിച്ച് വികസിപ്പിച്ച ഹൈറൈഡറിന്റെ മാരുതി കസിന്‍ മോഡല്‍ ആണ് ഗ്രാന്‍ഡ് വിറ്റാര. ടൊയോട്ടയുടെയും മാരുതിയുടെയും സഹകരണത്തില്‍ പിറന്ന ഏറ്റവും വിജയകരമായ മോഡലാണ് ഹൈറൈഡര്‍. ഈ കാറിനെ ഏറ്റവും ആകര്‍ഷകമാക്കുന്ന ഘടകങ്ങളില്‍ ഒന്ന് അതിന്റെ ഇന്ധനക്ഷമത തന്നെയാണ്. ഹൈറൈഡറിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 27.97 കിലോമീറ്റര്‍ വരെയാണ് മൈലേജ് അവകാശപ്പെടുന്നത്. ഇതോടെ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഓപ്ഷനുകളിലൊന്നായി ഹൈറൈഡര്‍ മാറുന്നു.
5 സീറ്റര്‍ എസ്‌യുവിയുടെ ബേസ് വേരിയന്റിന്റെ വില 10.95 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 19.57 ലക്ഷം രൂപ മുടക്കണം. സ്‌ട്രോംഗ് ഹൈബ്രിഡ് അടക്കം രണ്ട് പെട്രോള്‍ ഒരു സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഹൈറൈഡര്‍ വാങ്ങാം. മറുവശത്ത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില 18.66 ലക്ഷം രൂപ മുതല്‍ 25.36 ലക്ഷം രൂപ വരെ പോകുന്നു. ഇന്നോവ ക്രിസ്റ്റ 7-സീറ്റര്‍, 8-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
ക്രിസ്റ്റയില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് ലഭ്യമാകുന്നത്. മാത്രമല്ല ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമല്ല. ഇന്നോവ ഹൈക്രോസ് എംപിവിയുടെ വില 18.06 ലക്ഷം മുതല്‍ 31.90 ലക്ഷം രൂപ വരെയാണ്. ഹൈക്രോസും 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളില്‍ വാങ്ങാം. എക്സ്-ഷോറൂം വിലകളാണ് ഇവയെല്ലാം. സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ഇന്നോവ ഹൈക്രോസിന് ലിറ്ററിന് 23 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്.


Click it and Unblock the Notifications








