സ്വന്തം 'കുഴി' തോണ്ടുകയായിരുന്നോ മാരുതി? ഗ്രാന്‍ഡ് വിറ്റാരയെ വമ്പന്‍ മാര്‍ജിനില്‍ പിന്നിലാക്കി ഹൈറൈഡര്‍
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയും സുസുക്കിയും ആഗോള തലത്തിലുണ്ടാക്കിയ ധാരണ പ്രകാരം പരസ്പരം വാഹനങ്ങളും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്ത് വരുന്നുണ്ട്. റീബാഡ്ജ്ഡ് കാറുകള്‍ക്കുള്ള ഡിമാന്‍ഡ് കാരണം ടൊയോട്ട ഷോറൂമുകളില്‍ തിരക്ക് കൂടി. ടൊയോട്ടയും മാരുതിയും ചേര്‍ന്ന് നിര്‍മിച്ച മിഡ്‌സൈസ് എസ്‌യുവിയാണ് ഗ്രാന്‍ഡ് വിറ്റാര. ഇതേകാര്‍ തന്നെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന പേരില്‍ ടൊയോട്ട വില്‍ക്കുന്നുണ്ട്. വിപണിയില്‍ എത്തി ഇതുവരെ ഗ്രാന്‍ഡ് വിറ്റാരയായിരുന്നു വില്‍പ്പനയുടെ കാര്യത്തില്‍ മുന്നിട്ട് നിന്നത്. എന്നാല്‍ 2025 മെയ് മാസത്തില്‍ ഹൈറൈഡര്‍ ആദ്യമായി ഗ്രാന്‍ഡ് വിറ്റാരയെ മറികടന്നു. അതിനെ കുറിച്ച് വിശദമായി വായിക്കാം.
2024 മെയ് മാസത്തില്‍ ടൊയോട്ട മൊത്തം 29,280 വാഹനങ്ങള്‍ വിറ്റു. 2024 മെയ് മാസത്തില്‍ വിറ്റ 23,959 യൂണിറ്റിനെ അപേക്ഷിച്ച് വില്‍പ്പന വളര്‍ച്ച 22 ശതമാനമാണ്. ബെസ്റ്റ് സെല്ലറുകളായ ഇന്നോവ, ഫോര്‍ച്യൂണര്‍ എന്നിവക്കൊപ്പം കഴിഞ്ഞ മാസം ജാപ്പനീസ് കമ്പനിക്കായി മികച്ച പ്രകടനം കാഴ്ചവെച്ച മോഡലാണ് ഹൈറൈഡര്‍. 2025 മെയ് മാസത്തില്‍ മിഡ്‌സൈസ് എസ്‌യുവിക്ക് 7573 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

2024 മെയ് മാസത്തില്‍ ഈ കാറിന്റെ വില്‍പ്പന 3906 യൂണിറ്റായിരുന്നു. ഒരു കൊല്ലം കൊണ്ട് ഇരട്ടിയോട് അടുത്താണ് വില്‍പ്പന കൂടിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ വാര്‍ഷിക വളര്‍ച്ച 94 ശതമാനമാണ്. 2025 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പന 63 ശതമാനം കൂടിയിട്ടുണ്ട്. നമ്മള്‍ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഹൈറൈഡറിന്റെ അതേ പ്ലാറ്റ്‌ഫോം പങ്കിടുന്ന കാര്‍ ആണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര.
പരസ്പരം വേര്‍തിരിച്ചറിയാന്‍ പാകത്തിനുള്ള ചില ഡിസൈന്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇരു കസിന്‍ മോഡലുകളുടെയും മെക്കാനിക്കലുകളും ഫീച്ചറുകളും സമമാണ്. ഹൈറൈഡര്‍ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രാന്‍ഡ് വിറ്റാരക്ക് കോട്ടം തട്ടി. 2025 മെയില്‍ വമ്പന്‍ മാര്‍ജിനിലാണ് ഹൈറൈഡര്‍ ഗ്രാന്‍ഡ് വിറ്റാരയെ തോല്‍പ്പിച്ചത്. കഴിഞ്ഞ മാസം മാരുതി എസ്‌യുവിയുടെ വില്‍പ്പന 5197 യൂണിറ്റ് ആയിരുന്നു. 2024 മെയ് മാസത്തില്‍ വിറ്റ 9736 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന 47 ശതമാനം ഇടിഞ്ഞു.

മുന്‍ മാസമായ 2025 ഏപ്രിലുമായി തട്ടിച്ച്‌നോക്കുമ്പോഴും വില്‍പ്പന 27 ശതമാനം കുറവാണ്. ഹൈറൈഡറിന്റെ ഈ പ്രകടനത്തിന് പിന്നില്‍ അടുത്ത കാലത്തായി നടപ്പാക്കിയ ചില അപ്‌ഡേറ്റുകള്‍ക്ക് വലിയ റോള്‍ ഉണ്ടെന്ന് മനസ്സിലാക്കാം. ടൊയോട്ട അടുത്തിടെ ഹൈറൈഡര്‍ പുതിയ സവിശേഷതകളും വേരിയന്റുകളും ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തിരുന്നു. എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കിയതായിരുന്നു ഇതില്‍ പ്രധാനം.
ഇതിനുപുറമെ, ചില സേഫ്റ്റി ഫീച്ചറുകളും അപ്ഡേറ്റ് ചെയ്തു. ടൊയോട്ട ഇപ്പോള്‍ ഹൈറൈഡര്‍ കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് ഓഫര്‍ ചെയ്യുന്നു. മാത്രമല്ല എസ്‌യുവിയുടെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിന് ഇപ്പോള്‍ പുതിയ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കുന്നു. നേരത്തെ ഇതില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനായിരുന്നു ലഭിച്ചിരുന്നത്.

മാത്രമല്ല ഈ കാറിന്റെ ടോപ്പ് വേരിയന്റില്‍ 8-വേ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റും ഫ്രണ്ട് സീറ്റുകള്‍ക്ക് വെന്റിലേഷന്‍ ഫംഗ്ഷനും നല്‍കി സുഖകരമാക്കിയിട്ടുണ്ട്. റിയര്‍ സീറ്റ് യാത്രക്കാരുടെ സൗകര്യത്തിനായി റിട്രാക്റ്റബിള്‍ സണ്‍ഷെയ്ഡുകളും വരുന്നുണ്ട്. ഇതിനുപുറമെ, പരിഷ്‌കരിച്ച സ്പീഡോമീറ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, ഡെഡിക്കേറ്റഡ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്, എല്‍ഇഡി റീഡിംഗ്, സ്‌പോട്ട് ലൈറ്റുകള്‍, ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങിയ സവിശേഷതകളും കാറില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഗ്രാന്‍ഡ് വിറ്റാര. അടുത്തിടെയാണ് കാര്‍ 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ലും താണ്ടിയത്. കഴിഞ്ഞ മാസം കാറിന്റെ വില്‍പ്പന കുറഞ്ഞതിന് ഒരു കാരണം ഹൈറൈഡറില്‍ നടപ്പാക്കിയ ഈ അപ്‌ഡേറ്റുകള്‍ തന്നെയായിരിക്കും. ഏതായാലും കസിന്‍ മോഡല്‍സ് തമ്മിലുള്ള പോരാട്ടത്തില്‍ ഹൈറൈഡര്‍ ആദ്യമായി മുന്നിലെത്തിയത് ടൊയോട്ടക്ക് ആരോഗ്യകരമായ മത്സരം കൂടുതല്‍ രസകരമാക്കാന്‍ ഊര്‍ജ്ജം നല്‍കും.


Click it and Unblock the Notifications








