8 പേര്‍ ലഡാക്ക് വരെ പോയാലും ക്ഷീണിക്കില്ല, വാങ്ങാന്‍ പേര് തന്നെ ധാരാളം! കഴിഞ്ഞ മാസം 11089 വീടുകളിലെത്തി
ഒരു കാലത്ത് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയ കാറുകളില്‍ ഒന്നായിരുന്നു ടൊയോട്ട ക്വാളിസ്. ഈ കാറിന് ഇന്നും യൂസ്ഡ് കാര്‍ വിപണിയിലുള്ള മാര്‍ക്കറ്റ് നോക്കിയാല്‍ അറിയാം ഇതിറെ ജനപ്രീതി. കേരള ഗതാഗത മന്ത്രിയും വലിയ വാഹനപ്രേമിയുമായ കെബി ഗണേഷ്‌കുമാര്‍ അടക്കം പല പ്രമുഖരും ഇന്നും ടൊയോട്ട ക്വാളിസ് ഉപയോഗിക്കുന്നു. ക്വാളിസിന്റെ പകരക്കാരനായി ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിച്ച ഇന്നോവ എംപിവിയും പ്രതീക്ഷകള്‍ തെറ്റിച്ചില്ല. 2005-ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിയ ഇന്നോവ ഈ വര്‍ഷമാണ് 20-ാം വാര്‍ഷികം ആഘോഷിച്ചത്. 20 കൊല്ലം കൊണ്ട് 12 ലക്ഷം ഇന്നോവകളാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്.
പ്രീമിയം എംപിവി വിഭാഗത്തില്‍ പെടുന്ന ഇന്നോവയുടെ രണ്ട് തലമുറ മോഡലുകള്‍ ഇപ്പോള്‍ ഒരുമിച്ച് വില്‍പ്പനക്കെത്തുന്നുണ്ട്. ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ് എന്നിവ ഒരുമിച്ച് മികച്ച വില്‍പ്പനയാണ് ഇന്ത്യയില്‍ നിന്ന് നേടുന്നത്. പ്രീമിയം വിലയില്‍ വരുന്ന വാഹനമായിരുന്നിട്ട് കൂടി ഇന്നോവക്ക് ഇന്ത്യയില്‍ നിന്ന് ഇത്രയധികം വില്‍പ്പന നേടാന്‍ സാധിച്ചത് എല്ലാ മാസവും സ്ഥിരമായി മികച്ച വില്‍പ്പന നേടാന്‍ സാധിച്ചത് കൊണ്ടാണ്.

2025 ഒക്ടോബറിലും ടൊയോട്ട ഇന്നോവ വളരെ മികച്ച വില്‍പ്പന നേടി. ഗാഡിവാഡി സൈറ്റില്‍ പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 ഒക്ടോബറില്‍ ആകെ 11,089 ടൊയോട്ട ഇന്നോവ കാറുകള്‍ (ടൊയോട്ട ഇന്നോവ ക്രിസ്റ്റ + ടൊയോട്ട ഇന്നോവ ഹൈക്രോസ്) വിറ്റഴിക്കപ്പെട്ടു. ഒരു വര്‍ഷം മുമ്പ് അതായത് 2024 ഒക്ടോബറില്‍ ഇന്നോവ കാറുകളുടെ വില്‍പ്പന 8838 യൂണിറ്റ് മാത്രമായിരുന്നു. 2024 ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ പോയമാസം ടൊയോട്ട 2,251 ഇന്നോവകളാണ് അധികം വിറ്റത്.
ഇതോടെ, ടൊയോട്ട ഇന്നോവ 25 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രാരംഭ വില 18.66 ലക്ഷം രൂപയാണ്. അതേസമയം, അതിന്റെ ടോപ്പ് വേരിയന്റിന്റെ വില 25.36 ലക്ഷം രൂപയാണ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവി 7-സീറ്റര്‍, 8-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
അതേസമയം, ടൊയോട്ട ഇന്നോവ ഹൈക്രോസ് എംപിവിയുടെ പ്രാരംഭ വില 18.06 ലക്ഷം രൂപയാണ്. അതേസമയം, അതിന്റെ ടോപ്പ് വേരിയന്റിന്റെ വില 31.90 ലക്ഷം രൂപയാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസും 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളില്‍ വില്‍ക്കുന്നു. മുകളില്‍ പരാമര്‍ശിച്ചതെല്ലാം എക്‌സ്-ഷോറൂം വിലകളാണ്. യാത്രാസുഖത്തിന് പേരുകേട്ട എംപിവി മൂന്നാം തലമുറ മോഡലായ ഹൈക്രോസിലെത്തിയപ്പോള്‍ ഇന്ധനക്ഷമതയുടെ കാര്യത്തിലും കേമനായിരുന്നു.
സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ഇന്നോവ ഹൈക്രോസിന് ലിറ്ററിന് 23 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. ഹൈക്രോസിന് കരുത്ത് പകരുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ശക്തമായ ഹൈബ്രിഡ് സിസ്റ്റവും 173 bhp പവറും 209 Nm ടോര്‍ക്കും നല്‍കുന്നു. e-CVT ഗിയര്‍ബോക്സ് വഴിയാണ് വീലുകളിലേക്ക് പവര്‍ അയക്കുന്നത്.

വിശാലവും പ്രീമിയവുമായ ഇന്റീരിയറിനൊപ്പം നിരവധി സുരക്ഷാ, സുഖസൗകര്യ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് അതിന്റെ സെഗ്മെന്റില്‍ വേറിട്ടുനില്‍ക്കുന്നു. ലെവല്‍ 2 ADAS, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍ എന്നിവയാണ് കാറിന്റെ പ്രധാന സേഫ്റ്റി ഫീച്ചറകള്‍. ക്യാബിനില്‍ ഒരു പനോരമിക് സണ്‍റൂഫ്, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ഒരു പവര്‍ഡ് ടെയില്‍ഗേറ്റ് എന്നീ ഫീച്ചറുകളും കാറിലുണ്ട്.
അതേസമയം സ്വകാര്യ ഉപഭോക്താക്കള്‍ക്കൊപ്പം ടാക്‌സിക്കാര്‍ക്കും പ്രിയപ്പെട്ട ഇന്നോവ ക്രിസ്റ്റ നിലവില്‍ ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. ക്രിസ്്റ്റയിലെ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പെട്രോള്‍ എഞ്ചിന്‍ മാത്രമല്ല ക്രിസ്റ്റയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കുന്നില്ല. എംപിവിയുടെ അകത്തളത്തിലും ഫീച്ചറുകള്‍ക്ക് പഞ്ഞമില്ല.

ഇന്നോവ ക്രിസ്റ്റയില്‍ വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുന്നു.
പ്രകടനത്തിലോ സവിശേഷതകളിലോ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച മൈലേജുള്ള 7 സീറ്റര്‍ കാര്‍ തിരയുന്നവര്‍ക്ക് ഇന്നോവ ആകര്‍ഷകമായ ഓപ്ഷനാണ്. ടൊയോട്ട ഇന്നോവ പണത്തിനൊത്ത മൂല്യമുള്ള ഉല്‍പ്പന്നമായതിനാലും ബ്രാന്‍ഡിന്റെ വിശ്വാസ്യതയുമാണ് സ്ഥിരമായി സെയില്‍സ് ചാര്‍ട്ടില്‍ മുന്നിലെത്താന്‍ ഇന്നോവക്ക് സാധിക്കുന്നത്. യാത്രാ സുഖം, മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷന്‍സ്, മൈലേജ് എന്നിവയെല്ലാം മറ്റ് അനുകൂല ഘടകങ്ങളാണ്.


Click it and Unblock the Notifications








