5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കിട്ടി, ഇന്നോവ ഹൈക്രോസിന്റെ വില കൂട്ടി ടൊയോട്ട; ബജറ്റ് കുറവുള്ളവർ പേടിക്കണ്ട
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടൊയോട്ട. ഒന്നിലേറെ ബോഡിസ്‌റ്റൈലുകളില്‍ ടൊയോട്ട കാറുകള്‍ വിപണനം ചെയ്യുന്നുണ്ട്. അടുത്തകാലത്തായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM) തങ്ങളുടെ ചില മോഡലുകളുടെ വിലകള്‍ പരിഷ്‌കരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം കമ്പനി ടൈസര്‍ ക്രോസ്ഓവര്‍ എസ്‌യുവിയുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മള്‍ട്ടി പര്‍പ്പസ് വാഹനമായ ഇന്നോവ ഹൈക്രോസിന്റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയതിന് പിന്നാലെയാണ് കാറിന്റെ വില കൂട്ടിയതെന്നതാണ് ശ്രദ്ധേയം.
പ്രീമിയം എംപിവിയുടെ പുതുക്കിയ വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് കൈയ്യില്‍ കുറഞ്ഞ ബജറ്റ് ഉള്ളവര്‍ പേടിക്കേണ്ട കാര്യമില്ല. കാരണം, ഇന്നോവ ഹൈക്രോസിന്റെ എന്‍ട്രി ലെവല്‍ മോഡലുകളായ GX 7S, GX 8S എന്നിവയുടെ വിലയില്‍ മാറ്റമില്ല. ഇതില്‍ GX 7 സീറ്ററിന്റെ വില 19.94 ലക്ഷം രൂപയാണ്. അതേസമയം GX 8 സീറ്ററിന് 19.99 ലക്ഷം രൂപയുമാണ് വില.

ഹൈക്രോസിന്റെ GX(O) 7S, GX(O) 8S വേരിയന്റുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇനി 11,000 രൂപ അധികം കൈയ്യില്‍ കരുതണം. ഇന്നോവ ഹൈക്രോസിന്റെ മറ്റ് എല്ലാ വേരിയന്റുകള്‍ക്കും 15,000 രൂപയാണ് കൂടിയിരിക്കുന്നത്. VX ഹൈബ്രിഡ്, VX(O) ഹൈബ്രിഡ്, ZX ഹൈബ്രിഡ്, ZX(O) ഹൈബ്രിഡ് എന്നീ 7, 8 സീറ്റര്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ വിലയേറിയിട്ടുണ്ട്.
പരിഷ്‌കാരത്തിന് ശേഷം ഇന്നോവ ഹൈക്രോസിന്റെ വില 19.94 ലക്ഷം രൂപ മുതല്‍ 31.49 ലക്ഷം രൂപ വരെയായി. എക്‌സ്‌ഷോറൂം വിലകളാണ് ഇവ. വില മാറിയത് അല്ലാതെ ഇന്നോവ ഹൈക്രോസിന് മറ്റ് മാറ്റങ്ങള്‍ ഒന്നുമില്ല. പ്രീമിയം എംപിവി GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് വാങ്ങാന്‍ സാധിക്കുക.

ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക്, സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. 10.1 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ക്വില്‍ഡ് ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഹൈക്രോസിലുണ്ട്.
പവര്‍ഡ് ടെയില്‍ഗേറ്റ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ സീറ്റുകള്‍ക്കുള്ള പവര്‍ഡ് ഓട്ടോമന്‍ സപ്പോര്‍ട്ട്, 360-ഡിഗ്രി ക്യാമറ, പാഡില്‍ ഷിഫ്റ്ററുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീ മോഡേണ്‍ ഫീച്ചറുകളും ഹൈക്രോസ് എംപിവിയുടെ പ്രധാന പ്രത്യേകതകളാണ്.

ലെയ്ന്‍-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ഓട്ടോമാറ്റിക് ഹൈ ബീം, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ ADAS ഫീച്ചറുകളും വാഹനത്തിലുണ്ട്. 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുള്ള ഈ വലിയ വാഹനം ഇലക്ട്രിക് മോട്ടോറുമായി വരുന്നതിനാല്‍ തന്നെ 184 bhp കരുത്തില്‍ പരമാവധി 188 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
ഹൈക്രോസിന്റെ ഹൈബ്രിഡ് പതിപ്പുകള്‍ക്ക് ലിറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് കമ്പനി വെബ്‌സൈറ്റില്‍ പറയുന്നത്. ഇതുകൂടാതെ 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനിലും ഇന്നോവയുടെ ഹൈക്രോസ് ലഭ്യമാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വരുന്ന മോഡലിന് 173 bhp പവറില്‍ പരമവധി 209 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ടൊയോട്ട പറയുന്നത്.
നോണ്‍ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 16.13 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ് പറയുന്നത്. കുറഞ്ഞ വിലയുള്ള വേരിയന്റുകളെ തൊടാത്തതിനാല്‍ ഈ വില വര്‍ധനവ് ഹൈക്രോസിന്റെ വില്‍പ്പനയെ ബാധിക്കില്ലെന്ന് അനുമാനിക്കാം. ഹൈക്രോസിന്റെ ടോപ് എന്‍ഡ് മോഡല്‍ വാങ്ങാന്‍ വിചാരിച്ചവര്‍ എന്തായാലും ഈ ഒരു വര്‍ധനവിന്റെ പേരില്‍ മറ്റ് മോഡലുകളിലേക്ക് തിരിയില്ലെന്ന് തന്നെയാണ് വിശ്വാസം.


Click it and Unblock the Notifications








