മാരുതിയുടെ തണലില്‍ പടര്‍ന്ന് പന്തലിച്ച് ടൊയോട്ട! വില്‍പ്പനയില്‍ ആദ്യമായി ആ മാജിക് നമ്പര്‍ പിന്നിട്ടു
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കമ്പനിയാണ് ടൊയോട്ട. മാരുതി സുസുക്കിയുമായി ചങ്ങാത്തം കൂടിയ ശേഷം ടൊയോട്ടയില്‍ നിന്ന് വരുന്നതെല്ലാം നല്ല വാര്‍ത്തകളാണ്. 2024 സാമ്പത്തിക വര്‍ഷം അവസാനിച്ചതോടെ ടൊയോട്ടയുടെ വില്‍പ്പന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിന്ന് വന്‍ നേട്ടമാണ് കൊയ്തത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തുടങ്ങിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ നന്നായി വിറ്റഴിക്കപ്പെടുന്നു. 2025 മാര്‍ച്ചിലെയും 2024-2025 സാമ്പത്തിക വര്‍ഷത്തിലെയും ടൊയോട്ടയുടെ വില്‍പ്പന കണക്കുകള്‍ വിശദമായി നോക്കാം.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 3,37,148 യൂണിറ്റുകള്‍ വിറ്റു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റ 2,63,512 യൂണിറ്റുകളെ അപേക്ഷിച്ച് 28 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. എക്കാലത്തെയും മികച്ച വാര്‍ഷിക വില്‍പ്പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. 2025 മാര്‍ച്ചില്‍ കമ്പനി 30,043 കാറുകള്‍ വിറ്റു. 2024 മാര്‍ച്ചില്‍ വില്‍പ്പന 27,180 യൂണിറ്റുകള്‍ മാത്രമായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനമാണ് വളര്‍ച്ച.

2025 മാര്‍ച്ചില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 28,373 യൂണിറ്റായിരുന്നു. അതേസമയം 1,670 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ടൊയോട്ടയുടെ അഭിപ്രായത്തില്‍ കമ്പനിയുടെ വിജയത്തില്‍ എസ്‌യുവികളും എംപിവികളും പ്രധാന പങ്ക് വഹിക്കുന്നു. ഗ്ലാന്‍സ ഹാച്ച്ബാക്ക്, ഹൈലക്സ് പിക്ക്-അപ്പ് ട്രക്ക്, കാമ്രി സെഡാന്‍ എന്നിവ മാറ്റിനിര്‍ത്തിയാല്‍ ടൊയോട്ടയുടെ അധികം മോഡലുകളും എസ്യുവിയോ അല്ലെങ്കില്‍ എംപിവിയോ ആണ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വിഭാഗങ്ങളില്‍ ടൊയോട്ട 35 ശതമാനം വളര്‍ച്ച നേടി. ഇന്ത്യന്‍ ഡ്രൈവിംഗ് മുന്‍ഗണനകളെ അടിസ്ഥാനമാക്കിയുള്ള മോഡലുകള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കമ്പനിയുടെ കയറ്റുമതിയില്‍ 59% വര്‍ധിച്ചു. ആഗോളതലത്തില്‍ ടൊയോട്ടയുടെ തന്ത്രപ്രധാനമായ നിര്‍മ്മാണ, കയറ്റുമതി കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം വളര്‍ന്നുവരികയാണെന്ന സൂചനയാണ് ഈ നേട്ടങ്ങള്‍.

ഇന്ത്യയില്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ടൊയോട്ട കാറുകളുടെ ഡിമാന്‍ഡ് കൂടിയതായാണ് കമ്പനി പറയുന്നത്. റീബാഡ്ജ് ചെയ്ത മാരുതി സുസുക്കി മോഡലുകളുടെ സഹായത്താല്‍ ടൊയോട്ടയുടെ കാറുകള്‍ കൂടുതല്‍ പ്രാപ്യമായതിനാലാണ് ഇവിടങ്ങളില്‍ കൂടുതല്‍ വില്‍പ്പന നേടാന്‍ സഹായിക്കുന്നതെന്നാണ് തോന്നുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ളത് ഇവിടെയാണ്.
ഇന്ത്യയില്‍ പതിനൊന്ന് ടൊയോട്ട മോഡലുകള്‍ ലഭ്യമാണ്. ഫോര്‍ച്യൂണറിന്റെ ലെജന്‍ഡര്‍ വേരിയന്റ് കൂടി കണക്കാക്കിയാല്‍ അത് പന്ത്രണ്ടാകും. എന്നിരുന്നാലും ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന നാല് മോഡലുകള്‍ റീബാഡ്ജ് ചെയ്ത മാരുതി സുസുക്കി കാറുകളാണ്. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍, റൂമിയോണ്‍, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവയാണവ.

യഥാര്‍ത്ഥ ടൊയോട്ട ലൈനപ്പ് ആരംഭിക്കുന്നത് ഇന്നോവ ഹൈക്രോസില്‍ നിന്നാണ്. 19.09 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ളതിനാല്‍ സാധാരണക്കാരായ ഇന്ത്യക്കാര്‍ ഇതേ കുറിച്ച് ചിന്തിക്കേണ്ട. LC 300, കാമ്രി ഹൈബ്രിഡ് എന്നിവയാണ് ഏറ്റവും ഒടുവിലായി ടൊയോട്ട പുറത്തിറക്കിയ കാറുകള്‍. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ് എന്നീ ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ടി കെയര്‍, ടി ഗ്ലോസ് തുടങ്ങിയ സമഗ്രമായ ഓണര്‍ഷിപ്പ് സെല്യൂഷന്‍സ് വഴി ഉപഭോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ഹൈബ്രിഡ് പോര്‍ട്ട്‌ഫോളിയോയുടെ വികാസവും വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് ടികെഎമ്മിലെ സെയില്‍സ്-സര്‍വീസ്-യൂസ്ഡ് കാര്‍ ബിസിനസ് ആന്‍ഡ് പ്രോഫിറ്റ് എന്‍ഹാന്‍സ്‌മെന്റ് വൈസ് പ്രസിഡന്റ് വരീന്ദര്‍ വാധ്വ പറഞ്ഞു.
വിദേശ വിപണികളിലും ഇന്ത്യന്‍ നിര്‍മ്മിത ടൊയോട്ടകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് രേഖപ്പെടുത്തുന്നുണ്ട്. 2027 ആകുമ്പോഴേക്കും എഞ്ചിനീയര്‍മാരുടെ എണ്ണം 200-ല്‍ നിന്ന് 1,000 ആയി ഉയര്‍ത്താനുള്ള പദ്ധതികളോടെയാണ് ടൊയോട്ട ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഗവേഷണ വികസന കേന്ദ്രം തുറക്കാന്‍ പോകുന്നത്. കമ്പനി ഹൈബ്രിഡ് കാറുകള്‍ അടക്കമുള്ളവയ്ക്ക് പ്രാധാന്യം നല്‍കി സ്ഥാപിക്കുന്ന ഈ കേന്ദ്രം രാജ്യത്തിന് മുതല്‍ക്കൂട്ടാകും.


Click it and Unblock the Notifications








