ടൊയോട്ടക്ക് മാരുതിയെന്ന പോലെ ഒരു കൂട്ടുകാരന്‍ എല്ലാവര്‍ക്കും വേണം! അജ്ജാതി കച്ചോടമല്ലേ നടക്കുന്നേ
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടക്ക് മാരുതി സുസുക്കി (Maruti Suzuki) എങ്ങിനെയാണോ അതുപോലെ ഒരു കൂട്ടുകാരന്‍ വേണമെന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം. കാരണം മാരുതി സുസുക്കിയുടെ കാറുകള്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കാന്‍ തുടങ്ങിയ ശേഷം ഇന്ത്യയില്‍ ടൊയോട്ടയുടെ ഗ്രാഫ് മുകളിലോട്ടാണ്. പരസ്പരം കൈകോര്‍ത്താല്‍ ഇരുകൂട്ടര്‍ക്കും വളരാനാകുമെന്നാണ് ഈ ജാപ്പനീസ് കമ്പനികളുടെ സഹകരണം ഉയര്‍ത്തിക്കാണിക്കുന്നത്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (Toyota Kirloskar Motor) 2025 ജൂണ്‍ മാസത്തില്‍ ഇന്ത്യയില്‍ വിറ്റ കാറുകളുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അത് വിശദമായി പരിശോധിക്കാം.
കഴിഞ്ഞ മാസം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യയില്‍ മെത്തം 28,869 യൂണിറ്റ് വില്‍പ്പന നടത്തി. 2024 ജൂണ്‍ മാസത്തില്‍ വിറ്റ 27,474 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 5 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇതില്‍ 26,453 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിതരണം ചെയ്തപ്പോള്‍ 2,416 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യപകുതി പിന്നിടുമ്പോഴും ടൊയോട്ടക്ക് നേട്ടമാണ്.

2025 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ ടൊയോട്ടയുടെ മൊത്തം വില്‍പ്പന 1,74,885 യൂണിറ്റായി ഉയര്‍ന്നു. 2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1,50,250 യൂണിറ്റായിരുന്നു ടൊയോട്ടയുടെ വില്‍പ്പന. ഈ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ 16 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി നേടിയത്. മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിലൂടെ അര്‍ബന്‍ ക്രൂയിസര്‍ ടൈസോര്‍ (ഫ്രോങ്ക്‌സ്), ഗ്ലാന്‍സ (ബലേനോ), റൂമിയോണ്‍ (എര്‍ട്ടിഗ) തുടങ്ങിയ മോഡലുകള്‍ ടൊയോട്ടയുടെ മൊത്തം വില്‍പ്പനയില്‍ വലിയ സംഭാവന നല്‍കുന്നുണ്ട്.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കപ്പെടുന്ന ഹൈ്ര്രബിഡ് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനും മികച്ച ഡിമാന്‍ഡ് ആണുള്ളത്. കഴിഞ്ഞ മാസം ടൊയോട്ട ജനപ്രിയ മോഡലായ ഫോര്‍ച്യൂണറിന്റെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കിയിരുന്നു. ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ മോഡലുകളുടെ 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് പതിപ്പുകള്‍ക്ക് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ടൊയോട്ട അവകാശപ്പെട്ടു.

മാത്രമല്ല സേഫ്റ്റി രംഗത്തും ടൊയോട്ട നേട്ടം കുറിച്ച മാസമാണ് കഴിഞ്ഞ് പോയത്. രാജ്യത്തെ വാഹന ക്രാഷ് അസസ്മെന്റ് പ്രോഗ്രാമായ ഭാരത് NCAP (BNCAP) ഇടിപ്പരീക്ഷയില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ് 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി. BNCAP-ല്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടുന്ന ആദ്യ എംപിവിയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ്.
BNCAP ഇതുവരെ പരീക്ഷിച്ചതില്‍ വച്ച് ഏറ്റവും സുരക്ഷിതമായ മൂന്ന്-വരി മോഡലായും ഹൈക്രോസ് ഉയര്‍ന്നുവരുന്നു. എംപിവി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ ഓപ്ഷനായി മാറിയതിനാല്‍ ഹൈക്രോസിന്റെ വില്‍പ്പന ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കാം. കര്‍ണാടകയിലെ ബിഡദിയില്‍ ടികെഎമ്മിന് രണ്ട് നിര്‍മ്മാണ പ്ലാന്റുകളുണ്ട്. ഇവയ്ക്ക് സംയുക്തമായി പ്രതിവര്‍ഷം 342,000 യൂണിറ്റുകളുടെ ഉല്‍പാദന ശേഷിയാണുള്ളത്.

1997-ല്‍ സ്ഥാപിതമായ ആദ്യ പ്ലാന്റില്‍ ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ തുടങ്ങിയ മോഡലുകള്‍ ഉത്പാദിപ്പിക്കുന്നു. 2010 മുതല്‍ പ്രവര്‍ത്തനക്ഷമമായ രണ്ടാമത്തെ പ്ലാന്റില്‍ കാമ്രി ഹൈബ്രിഡ്, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹൈലക്‌സ് എന്നിവ നിര്‍മ്മിക്കുന്നു. വെല്‍ഫയര്‍, എല്‍സി 300 എന്നിവ കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായി (സിബിയു) ഇറക്കുമതി ചെയ്യുന്നു.
ഐസിഇ വാഹനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള പരിപാടിയിലാണ് ടൊയോട്ട. ഇന്ത്യയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇവിയായ അര്‍ബന്‍ ക്രൂയിസര്‍ ബിഇവിക്ക് മാരുതി സുസുക്കി ഇ-വിറ്റാരയുമായി ഏറെ സാമ്യതകളുണ്ട്. ഇ-വിറ്റാര സെപ്റ്റംബറില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നതിനാല്‍ ടൊയോട്ടയുടെമോഡല്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ഇത് രണ്ട് ബാറ്ററി പായ്ക്കുകളോടെയാകും പുറത്തിറങ്ങുക. കൂടാതെ 500 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഐസിഇ വാഹനങ്ങള്‍ക്കൊപ്പം ഇവി കൂടി ഉള്‍പ്പെടുത്തി പോര്‍ട്‌ഫോളിയോ വലുതാക്കുന്നത് ടൊയോട്ടക്ക് ഗുണംചെയ്യും. 2025 ജൂണില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മികച്ച വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തി. പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിലും സുസ്ഥിര ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വരും മാസങ്ങളിലും വിപണിയില്‍ മുന്നേറ്റം നടത്താന്‍ ടൊയോട്ട ലക്ഷ്യമിടുന്നു.


Click it and Unblock the Notifications








