എല്ലാരും ഈ ഫീച്ചര്‍ ചേര്‍ക്കുമ്പോള്‍ ഫോര്‍ച്യൂണറില്‍ നിന്ന് ഒഴിവാക്കി! ടൊയോട്ടയുടെ 'കുറുമ്പുകള്‍'
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഫുള്‍സൈസ് എസ്‌യുവിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫോര്‍ച്യൂണറും ലെജന്‍ഡറും ചേര്‍ന്ന് 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. സെഗ്‌മെന്റിലെ എതിരാളികള്‍ തട്ടിമുട്ടി കച്ചവടം നടത്തുമ്പോള്‍ ഫോര്‍ച്യൂണര്‍ ടൊയോട്ടയുടെ രാശിയാണ്. അടുത്തിടെ ഫോര്‍ച്യൂണറില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച കമ്പനി കാറിന്റെ ഫീച്ചര്‍ ലിസ്റ്റിലും ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് കാറുകളിലെ ഒരു ട്രെന്‍ഡിംഗ് ഫീച്ചര്‍ ഇപ്പോള്‍ നഷ്ടമാകുന്നതിനൊപ്പം കാറിന്റെ വിലയും ഇപ്പോള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി അറിയാം.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണര്‍ 4×2 പെട്രോള്‍ ഓട്ടോമാറ്റിക് ട്രിമ്മിന്റെ എക്‌സ്-ഷോറൂം വില 68,000 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. സെഗ്മെന്റില്‍ മുന്നിട്ട് നില്‍ക്കുന്ന ഫോര്‍ച്യൂണറിന്റെ ഡീസല്‍ ശ്രേണിയുടെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. 4×2 ഡീസല്‍ മാനുവല്‍, 4×2 ഡീസല്‍ ഓട്ടോമാറ്റിക്, 4×4 ഡീസല്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 40,000 രൂപയാണ് ഇനി അധികം മുടക്കേണ്ടത്.

അതേസമയം, ഫോര്‍ച്യൂണര്‍ GR-S, ലെജന്‍ഡറിന്റെ 4×4 ഡീസല്‍ MT, AT പതിപ്പുകള്‍ക്കും ഇതേ 40,000 രൂപയുടെ വര്‍ധനവ് ബാധകമാണ്. ജൂണ്‍ ആദ്യവാരമാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V, ലെജന്‍ഡര്‍ നിയോ ഡ്രൈവ് 48V എന്നീ വേരിയന്റുകള്‍ വിപണിയില്‍ എത്തിച്ചത്. ഇവയ്ക്ക് യഥാക്രമം 44.72 ലക്ഷം രൂപ, 50.09 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ഡിസൈനില്‍ മാറ്റമൊന്നുമില്ലാതെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V വേരിയന്റുകള്‍ കമ്പനി കൊണ്ടുവന്നിരിക്കുന്നത്. വൈറ്റ്, ബ്ലാക്ക് നിറങ്ങളിലുള്ള ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍, ഷാര്‍പ്പ് ഹെഡ്‌ലാമ്പ് ഡിആര്‍എല്‍, വ്യത്യസ്ത ബമ്പറുകള്‍ എന്നിവയുമായാണ് ലെജന്‍ഡര്‍ വരുന്നത്. 20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് എസ്‌യുവി ഓടുക.
പുതിയ ഫോര്‍ച്യൂണര്‍ വേരിയന്റുകളില്‍ സജ്ജീകരിച്ചിരിക്കുന്ന നൂതമായ 48-വോള്‍ട്ട് സിസ്റ്റം മെച്ചപ്പെട്ട മൈലേജ്, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് പെര്‍ഫോമന്‍സ്, കൂടുതല്‍ സുഖസൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫുള്‍സൈസ് എസ്‌യുവിയുടെ നിയോ ഡ്രൈവ് 48V പതിപ്പില്‍ മുമ്പുണ്ടായിരുന്ന അതേ 2.8 ലിറ്റര്‍, 4-സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 48-വോള്‍ട്ട് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. ബെല്‍റ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലിഥിയം-അയണ്‍ ബാറ്ററിയും അതില്‍ ഉള്‍പ്പെടുന്നു.
പുതിയ സ്മാര്‍ട്ട് ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഫോര്‍ച്യൂണറിന്റെ മൈലേജ് കൂടുതല്‍ മെച്ചപ്പെടുത്തുന്നു. സാധാരണ ഡീസലിന് 14.01 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്. മൈല്‍ഡ്-ഹൈബ്രിഡ് ഡീസല്‍ മില്ലിന്റെ മൈലേജ് 14.55 കിലോമീറ്ററായി വര്‍ധിച്ചു. വണ്ടി നില്‍ക്കുമ്പോള്‍ എഞ്ചിന്‍ സ്വമേധയ ഓഫ് ചെയ്യുന്നതിലൂടെ മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു.

വിവിധ ഭൂപ്രദേശങ്ങളില്‍ പെര്‍ഫോമന്‍സ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് ത്രോട്ടില്‍ റെസ്പോണ്‍സ്, ബ്രേക്കിംഗ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ക്രമീകരിക്കുന്ന മള്‍ട്ടി-ടെറൈന്‍ സെലക്ട് സിസ്റ്റവും എസ്‌യുവിയിലുണ്ട്. ഡ്യുവല്‍-ടോണ്‍ ഇന്റീരിയറുകള്‍, ലെതര്‍ അപ്ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ഇന്‍ഫോടെയ്ന്‍മെന്റിനായി ഒരു ഡിജിറ്റല്‍ സ്‌ക്രീന്‍, സബ്വൂഫറും ആംപ്ലിഫയറും ഉള്ള 11 പ്രീമിയം ജെബിഎല്‍ സ്പീക്കറുകള്‍ എന്നിവയാണ അകത്തളത്തിലെ പ്രധാന ഹൈലൈറ്റുകള്‍.
രണ്ട് മോഡലുകളിലും ഇപ്പോള്‍ 360 ഡിഗ്രി ക്യാമറ സജ്ജീകരണം സ്റ്റാന്‍ഡേര്‍ഡാണ്. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗും മൈല്‍ഡ്-ഹൈബ്രിഡ് പതിപ്പുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫോര്‍ച്യൂണര്‍ 4×4, ലെജന്‍ഡര്‍ 4×4 ട്രിമ്മുകളില്‍ നിന്ന് ടൊയോട്ട വെന്റിലേറ്റഡ് സീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. 4×2 വേരിയന്റുകളില്‍ ഇത് തുടര്‍ന്നും ലഭ്യമാകും. നിയോ ഡ്രൈവ് 48V ഫോര്‍ച്യൂണറിനും ലെജന്‍ഡറിനും വേണ്ടിയുള്ള ബുക്കിംഗുകള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്, ജൂണ്‍ മൂന്നാം വാരത്തില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








