2 കുടുംബങ്ങള്‍ക്ക് പോകാം, 26Km മൈലേജും! 'ബേബി ക്രിസ്റ്റ' വാങ്ങാന്‍ ടൊയോട്ട ഷോറൂമില്‍ ജനക്കൂട്ടം
ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ വിശ്വാസ്യത എന്ന വാക്കിന് ഒരു പര്യയുമുണ്ടെങ്കില്‍ അത് ടൊയോട്ടയാണ്. ലോകത്ത് ഏറ്റവും വിശ്വാസ്യതയുള്ള രണ്ട് കാര്‍ ബ്രാന്‍ഡുകള്‍ ടൊയോട്ടയും അതിന്റെ ലക്ഷ്വറി വിഭാഗമായ ലെക്‌സസുമാണ്. ഈ വിശ്വാസ്യതയുടെ കൂടെ താങ്ങാവുന്ന വിലയില്‍ കാറുകള്‍ കൂടി കൊടുക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ ടൊയോട്ടയുടെ ഗ്രാഫ് മുകളിലേക്ക് കുതിക്കുകയാണ്. മാരുതിയുടെ റീബാഡ്ജ്ഡ് കാറുകള്‍ വില്‍ക്കാന്‍ തുടങ്ങിയതോടെ വില്‍പ്പന ചാര്‍ട്ടുകളില്‍ വലിയ മുന്നേറ്റം നടത്താന്‍ ടൊയോട്ടക്ക് സാധിച്ചിട്ടുണ്ട്. ഗ്ലാന്‍സ, ടൈസര്‍, റൂമിയോണ്‍ എന്നിങ്ങനെ ഒന്നിലേറെ റീബാഡ്ജ്ഡ് കാറുകള്‍ ടൊയോട്ട ഇന്ത്യയില്‍ വിപണനം നടത്തുന്നുണ്ട്.
ഇത് യഥാക്രമം ബലേനോ, ഫ്രോങ്ക്‌സ്, എര്‍ട്ടിഗ എന്നീ മാരുതി കാറുകളുടെ റീബാഡ്ജ്ഡ് മോഡലുകള്‍ ആണ്. ഇവയില്‍ ടൊയോട്ട റൂമിയോണ്‍ വളരെ പ്രധാനമാണ്. മാരുതി സുസുക്കി എര്‍ട്ടിഗയെപ്പോലെ, ടൊയോട്ട റൂമിയന്റെയും വില്‍പ്പന നന്നായി നടക്കുന്നു. ഇന്നോവ ക്രിസ്റ്റക്കും ഹൈക്രോസിനും താഴെയായി നില കൊള്ളുന്ന ഈ എംപിവി സഥിരമായി മികച്ച വില്‍പ്പനയാണ് കമ്പനിക്ക് നേടിക്കൊടുക്കുന്നത്. 2025 മാര്‍ച്ച് മാസത്തിലെ റൂമിയോണിന്റെ വില്‍പ്പന കണക്കുകള്‍ ഞങ്ങളുടെ പക്കലുണ്ട്. അത് വിശദമായി നോക്കാം.

2025 മാര്‍ച്ചില്‍ ടൊയോട്ട 1,793 റൂമിയോണ്‍ കാറുകള്‍ വിറ്റു. 2024 മാര്‍ച്ചില്‍ 688 റുമിയോണ്‍ കാറുകള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടിരുന്നുള്ളൂ. ഇതോടെ, റൂമിയോണ്‍ കാറിന്റെ വില്‍പ്പനയില്‍ ടൊയോട്ട 161 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് വമ്പന്‍ വളര്‍ച്ചയാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതേസമയം 2099 യൂണിറ്റുകള്‍ വിറ്റ 2025 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ ചെറിയ ഇടിവുണ്ടായിട്ടുണ്ട്.
എന്നിരുന്നാലും കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ എല്ലാ മാസവും 1700 യുണിറ്റിന് മുകളില്‍ വില്‍പ്പന നേടാന്‍ ടൊയോട്ട റൂമിയോണിന് സാധിച്ചിട്ടുണ്ട്. 2169 യൂണിറ്റുകള്‍ വിറ്റ 2024 ഒക്‌ടോബറിലായിരുന്നു കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന. ഉത്സവകാലമായതിനാലാണ് ഒക്‌ടോബര്‍ മാസത്തില്‍ റൂമിയോണിന് ബമ്പര്‍ വില്‍പ്പന നേടിയെടുക്കാന്‍ സാധിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട റൂമിയോണിന്റെ ബേസ് വേരിയന്റിന്റെ നിലവിലെ വില 10.54 ലക്ഷം രൂപയാണ്. ടോപ്പ് വേരിയന്റിന് 13.83 ലക്ഷം രൂപയുമാണ് വില. ഇവ എക്‌സ്-ഷോറൂം വിലകളാണ്. അതേസമയം മാരുതി എര്‍ട്ടിഗയുടെ വില 8.84 ലക്ഷം രൂപ മുതല്‍ 13.13 ലക്ഷം രൂപ വരെയാണ്. മാരുതി സുസുക്കി എര്‍ട്ടിഗയേക്കാള്‍ അല്‍പ്പം വില കൂടുതലാണെങ്കിലും നിരവധി ഉപഭോക്താക്കള്‍ ടൊയോട്ട റൂമിയോണ്‍ തിരഞ്ഞെടുക്കുന്നുണ്ടെന്നാണ് വില്‍പ്പന കണക്കുള്‍ സൂചിപ്പിക്കുന്നത്.
ടൊയോട്ട റൂമിയോണ്‍ 7 സീറ്റര്‍ എംപിവി S മാനുവല്‍, S ഓട്ടോമാറ്റിക്, G മാനുവല്‍, V മാവുവല്‍, V ഓട്ടോമാറ്റിക്, S മാനുവല്‍ സിഎന്‍ജി എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് വില്‍ക്കുന്നത്. ഡിസൈനിലേക്ക് വന്നാല്‍ ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, മിനുക്കിയ ബമ്പര്‍ എന്നിവയെല്ലാമാണ് ടൊയോട്ട റൂമിയോണ്‍ എംപിവിയെ വേറിട്ടുനിര്‍ത്തുന്നത്.

ഇന്റീരിയറിലെ ലേഔട്ടും ഫീച്ചറുകളമെല്ലാം എര്‍ട്ടിഗക്ക് സമാനമാണ്. 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പോലുള്ള ഫീച്ചറുകള്‍ റൂമിയോണില്‍ സജ്ജീകരിച്ചിരിക്കുന്നു. എര്‍ട്ടിഗയുടെ അതേ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ടയുടെ 7-സീറ്ററിനും തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്.
5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുമായി വരുന്ന എഞ്ചിന് 102 bhp കരുത്തില്‍ പരമാവധി 137 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. സിഎന്‍ജി മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പെര്‍ഫോമന്‍സ് കണക്കുകള്‍ കുറയുന്നുണ്ടെങ്കിലും വമ്പന്‍ മൈലേജാണ് കിട്ടുന്നത്. സിഎന്‍ജിയില്‍ ടൊയോട്ട റൂമിയോണിലെ എഞ്ചിന് 87 bhp പവറില്‍ 121 Nm ടോര്‍ക്ക് ആണ് നല്‍കാനാവുക.
പെട്രോള്‍ എഞ്ചിനേക്കാള്‍ ഉയര്‍ന്ന മൈലേജ് നല്‍കാന്‍ സിഎന്‍ജിക്ക് കഴിയും. അതായത് ടൊയോട്ട റുമിയന്‍ എംപിവിയുടെ പെട്രോള്‍/മാനുവല്‍ വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 20.51 കിലോമീറ്ററാണെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഈ കാറിന്റെ പെട്രോള്‍/ഓട്ടോമാറ്റിക് വകഭേദങ്ങള്‍ ലിറ്ററിന് 20.30 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ പ്രാപ്തമാണ്.മറുവശത്ത്, ടൊയോട്ട റൂമിയന്റെ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൊയോട്ട റൂമിയന്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി ഈ മികച്ച മൈലേജ് കണക്കാക്കപ്പെടുന്നു. കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്ക് ടൊയോട്ട റൂമിയോണ്‍ അനുയോജ്യമാണ്. 7 സീറ്റര്‍ കാര്‍ ദീര്‍ഘദൂര യാത്രകളില്‍ പോലും നല്ല സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്ന് പല ഉപഭോക്താക്കളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടിയ കാര്‍ വരും മാസങ്ങളിലും ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








