27Km മൈലേജുള്ള ഇന്നോവയുടെ അനിയന്‍! വില കുറവായിട്ടും 7-സീറ്റര്‍ എംപിക്ക് വില്‍പ്പന കുറഞ്ഞു
ഇന്ത്യന്‍ വിപണിയില്‍ 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് (എംപിവി) മികച്ച ഡിമാന്‍ഡ് ആണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനായി നല്ല സ്‌പെയ്‌സും സുഖസൗകര്യങ്ങളുമുള്ള വാഹനങ്ങളാണ് ഇപ്പോള്‍ ജനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ കാര്‍ വാങ്ങുമ്പോള്‍ ആദ്യം പരിഗണിക്കുന്നത് 7 സീറ്റര്‍ എംപിവി കാറുകളാണ്. അതില്‍ പ്രത്യേകിച്ചും മാരുതി സുസുക്കി എര്‍ട്ടിഗ എംപിവിയാണ് ഇന്ത്യക്കാര്‍ കൂടുതലായും ഇഷ്ടപ്പെടുന്നത്. ഈ കാറിന്റെ വില്‍പ്പന കണക്കുകള്‍ തന്നെ അതിന് തെളിവാണ്. 2025 ജൂണ്‍ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് എര്‍ട്ടിഗ.
കഴിഞ്ഞ മാസം എംപിവിയുടെ 14151 യൂണിറ്റ് വിറ്റഴിക്കപ്പെട്ടു. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന കുറഞ്ഞെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ എര്‍ട്ടിഗക്ക് സാധിക്കുന്നുണ്ട്. എര്‍ട്ടിഗയെ പോലെ തന്നെ ആ കാറിനെ അടിസ്ഥാനമാക്കി ടൊയോട്ട റൂമിയോണ്‍ എംപിവിയും പലരും താല്‍പര്യത്തോടെ തിരഞ്ഞെടുക്കുന്നു. ജാപ്പനീസ് ബ്രാന്‍ഡുകളായ ടൊയോട്ടയും സുസുക്കിയും തമ്മില്‍ ആഗോളതലത്തില്‍ പങ്കാളിത്തത്തില്‍ ഏര്‍പെട്ടിരിക്കുന്ന കാര്യം എല്ലാവര്‍ക്കുമറിയാം.

ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളുമടക്കം പരസ്പരം കൈമാറുന്നു. ടൊയോട്ട-സുസുക്കി കൂട്ടുകെട്ടില്‍ പിറന്ന ഒരു റീബാഡ്ജ് മോഡലാണ് റൂമിയോണ്‍. എര്‍ട്ടിഗയുടെ റീബാഡ്ജഡ് പതിപ്പ് എന്ന നിലയില്‍ റൂമിയോണും നല്ല സ്വീകാര്യത നേടിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ എന്ന പോലെ സൗത്ത് ആഫ്രിക്കയിലും ടൊയോട്ട റൂമിയോണ്‍ 7 സീറ്റര്‍ എംപിവി കാര്‍ വില്‍ക്കുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്. എന്നാല്‍ 2025 ജൂണ്‍ മാസം ടൊയോട്ട റൂമിയോണ്‍ കാറിന് അത്ര നല്ലതായിരുന്നില്ല.
2025 ജൂണ്‍ മാസത്തില്‍ ടൊയോട്ടക്ക് 1,415 റൂമിയോണ്‍ കാറുകള്‍ മാത്രമാണ് വില്‍ക്കാന്‍ പറ്റിയത്. 12 മാസം മുമ്പ് 2024 ജൂണ്‍ മാസത്തില്‍ ഇത് 1,566 ആയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന ഇടിഞ്ഞത് 10 ശതമാനമാണ്. ഇത് ചെറിയൊരു ഇടിവ് മാത്രമായതുകൊണ്ട് റൂമിയോണ്‍ പെട്ടെന്ന് തന്നെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഓഗസ്‌റ്റോടെ ഉത്സവ സീസണ്‍ ആരംഭിക്കും. ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടുതലും വാഹനങ്ങള്‍ വാങ്ങുന്ന സമയമായതിനാല്‍ വരും മാസങ്ങളില്‍ റൂമിയോണ്‍ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം.

S മാനുവല്‍, S ഓട്ടോമാറ്റിക്, G മാനുവല്‍, V മാവുവല്‍, V ഓട്ടോമാറ്റിക്, S മാനുവല്‍ സിഎന്‍ജി എന്നിങ്ങനെ ആറ് വേരിയന്റുകളില്‍ ഈ 'ബേബി ക്രിസ്റ്റ' ലുക്കിലെത്തുന്ന കാര്‍ വാങ്ങാം. റൂമിയോണ്‍ 7-സീറ്റര്‍ എംപിവിയുടെ ബേസ് മോഡലിന് 10.54 ലക്ഷം രൂപയാണ് വില. റേഞ്ച് ടോപ്പിംഗ് വേരിയന്റ് സ്വന്തമാക്കാന്‍ 13.83 ലക്ഷം രൂപ മുടക്കേണ്ടി വരും. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന്റെ ഹൃദയം. ഇത് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. എംപിവിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 20.11 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്ക് ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജുമാണ് അവകാശപ്പെടുന്നത്.

റൂമിയോണ്‍ സിഎന്‍ജിയുടെ പവര്‍, ടോര്‍ക്ക് കണക്കുകള്‍ യഥാക്രമം 87 bhp,121 Nm ആയി കുറയുന്നു. അതേസമയം മൈലേജ് കൂടും. കിലോഗ്രാമിന് 26.11 കിലോമീറ്ററാണ് റൂമിയോണ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു.
സ്റ്റാന്‍ഡേര്‍ഡായി 4 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും കാറില്‍ ടൊയോട്ട സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ മൈലേജ് നല്‍കുന്ന 7 സീറ്റര്‍ കാറിനായുള്ള ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ടൊയോട്ട റൂമിയോണ്‍ ഒരു മികച്ച ഓപ്ഷനായിരിക്കും. ഇന്ത്യന്‍ വിപണിയില്‍ കിയ കാരെന്‍സ് ക്ലാവിസ് പോലുള്ള കാറുകളുമായി ടൊയോട്ട റൂമിയോണ്‍ മത്സരിക്കുന്നു.അതുപോലെ മാരുതി സുസുക്കി എര്‍ട്ടിഗ കാറിന് ഒരു ബദല്‍ ഓപ്ഷനായി ടൊയോട്ട റൂമിയോണ്‍ കണക്കാക്കപ്പെടുന്നു.


Click it and Unblock the Notifications








