7 പേര്‍ക്കിരിക്കാം, 26 കി.മീ മൈലേജും! കുറഞ്ഞ വിലയുള്ള ബേബി ക്രിസ്റ്റക്കായി ഇരച്ചെത്തി ജനം
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ മികച്ച വില്‍പ്പനയാണ് നേടുന്നത്. മാരുതിയില്‍ നിന്നുള്ള റീബാഡ്ജ്ഡ് കാറുകളുടെ വരവ് ടൊയോട്ടയുടെ മൊത്തം വില്‍പ്പന കുത്തനെ ഉയര്‍ത്തി. 2025 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 13 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 26414 കാറുകളാണ് ടൊയോട്ട ഇന്ത്യയില്‍ വിറ്റത്. 2024 ഫെബ്രുവരിയില്‍ വില്‍പ്പന 23,300 യൂണിറ്റ് മാത്രമായിരുന്നു. ഇന്നോവ, ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ എന്നീ കാര്‍ മോഡലുകള്‍ കമ്പനിയുടെ വില്‍പ്പനയില്‍ കാര്യമായ സംഭാവന ചെയ്തു.
പോയ മാസം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടൊയോട്ട കാറുകളിലൊന്നാണ് റൂമിയോണ്‍ (Toyota Rumion). ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൊയോട്ട കാറുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് റൂമിയോണ്‍. 2025 ഫെബ്രുവരിയില്‍ ഈ റീബാഡ്ജ്ഡ് കാറിന്റെ എത്ര യൂണിറ്റ് വിറ്റുപോയെന്ന് നമുക്ക് വിശദമായി വായിക്കാം. റൂമിയോണ്‍ എംപിവിയുടെ വിജയത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ച നല്‍കുന്നതാണ് പോയ മാസത്തെ വില്‍പ്പന കണക്കുകള്‍.

2025 ഫെബ്രുവരിയില്‍ റൂമിയോണിന്റെ മൊത്തം വില്‍പ്പന 2,099 യൂണിറ്റായിരുന്നു. 2024 ഫെബ്രുവരിയില്‍ റൂമിയോണിന്റെ വില്‍പ്പന വെറും 730 യൂണിറ്റ് മാത്രമായിരുന്നു. 188 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒരിക്കല്‍ പോലും റൂമിയോണിന്റെ വില്‍പ്പന 1750 യൂണിറ്റിന് താഴെ പോയിട്ടില്ല.
2169 യൂണിറ്റുകള്‍ വിറ്റ 2024 ഒക്‌ടോബറിലായിരുന്നു ഇക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന. ഉത്സവകാലമായതിനാല്‍ തന്നെ ഒക്‌ടോബറില്‍ മികച്ച വില്‍പ്പന പ്രതീക്ഷിക്കുന്നതാണ്. 6 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രതിമാസ വില്‍പ്പന 2000 യൂണിറ്റ് കടക്കുന്നത്. 2025 ജനുവരിയില്‍ വില്‍പ്പന 1944 യൂണിറ്റായിരുന്നു. അതായത് ഓരോ മാസവും ടൊയോട്ട റൂമിയോണ്‍ വില്‍പ്പന ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

മാരുതി എര്‍ട്ടിഗയുടെ റീബാഡ്ജ് പതിപ്പാണെങ്കിലും 'ബേബി ക്രിസ്റ്റ' ലുക്കില്‍ ടൊയോട്ട നല്‍കിയ ഡിസൈന്‍ പരിഷ്‌കാരങ്ങളാണ് റൂമിയോണിനെ ശ്രദ്ധേയമാക്കിയത്. S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ടൊയോട്ട റൂമിയോണിന് അടുത്തിടെ 10,000 രൂപയുടെ വില വര്‍ധനവ്് ലഭിച്ചിരുന്നു.
വില പരിഷ്‌കാരത്തോടെ കോംപാക്ട് എംപിവിയുടെ പ്രാരംഭ വില 10.54 ലക്ഷം രൂപയായി. റേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ വില13.83 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, മിനുക്കിയ ബമ്പര്‍ എന്നിവയാണ് ടൊയോട്ട റൂമിയോണിന്റെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

ഇന്റീരിയര്‍ ലേഔട്ടും ഫീച്ചറുകളും മാരുതി കസിന്‍ മോഡലിന് സമാനമാണ്. 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പോലുള്ള ഫീച്ചറുകളെല്ലാമാണ് ടൊയോട്ട റൂമിയോണിലുള്ളത്.
എര്‍ട്ടിഗയുടെ അതേ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന്റെയും ഹൃദയം. 102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കുന്ന രീതിയില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. റൂമിയോണ്‍ സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനിലും ലഭ്യമാണ്.
സിഎന്‍ജി പതിപ്പിന്റെ പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും ഉയര്‍ന്ന മൈലേജ് നല്‍കും. സിഎന്‍ജി മോഡില്‍ റൂമിയോണ്‍ 87 bhp പവറില്‍ 121 Nmടോര്‍ക്ക് ആണ് നല്‍കാനാവുക. കിലോഗ്രാമിന് 26.11 കിലോമീറ്ററാണ് റൂമിയോണ്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. അതേസമയം 7-സീറ്റര്‍ എംപിവിയുടെ പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 20.51 കിലോമീറ്ററും പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്ന് പറയപ്പെടുന്നു.


Click it and Unblock the Notifications








