ഇന്നോവയല്ല, ടൊയോട്ട ഷോറൂമിലെത്തുന്നവര്‍ക്ക് 27KM മൈലേജുളള ഈ എസ്‌യുവി മതി! ഈ വിലക്ക് കിട്ടുമ്പോള്‍ സ്വാഭാവികം
ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡ് ആണ് ടൊയോട്ടയെന്ന കാര്യം നമ്മള്‍ എല്ലാവര്‍ക്കും അറിയാം. അതില്‍ തന്നെ ടൊയോട്ട പുറത്തിറക്കുന്ന ഒരു കാറിന്റെ പേര് പറയാന്‍ പറഞ്ഞാല്‍ പലരുടെയും നാവില്‍ വരുന്ന ആദ്യത്തെ ഉത്തരം ഇന്നോവ എന്നായിരിക്കും. വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം എംപിവിയായ ഇന്നോവയുടെ രണ്ട് പതിപ്പുകള്‍ ഇപ്പോള്‍ വില്‍പ്പനയിലുണ്ട്. ഹൈക്രോസും ക്രെറ്റയുമാണ് അവ. എന്നാല്‍ ജനപ്രിയരായ രണ്ട് ഇന്നോവകളെയും മറികടന്ന് ടൊയോട്ടയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ആയി മാറിയത് ഒരു എസ്‌യുവിയാണ്.
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയ കോംപാക്ട് എസ്‌യുവികളില്‍ ഒന്നായ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ആണ് അത്.ഇന്നോവ ഹൈക്രോസ് (6436 യൂണിറ്റ്), ക്രിസ്റ്റ (3347 യൂണിറ്റ്) എന്നീ മോഡലുകളെ വരെ മറികടന്ന് തുടര്‍ച്ചയായി ടൊയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ കാര്‍ എന്ന പദവി അലങ്കരിക്കുന്ന ഹൈറൈഡറിന്റെ 2025 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കല്‍ ഉണ്ട്.

V3കാര്‍സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2025 സെപ്റ്റംബറില്‍ ടൊയോട്ട 7608 അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവികള്‍ വിറ്റു. 12 മാസം മുമ്പ് 2024 സെപ്റ്റംബറില്‍ ഹൈറൈഡറിന്റെ വില്‍പ്പന 5385 യൂണിറ്റ് മാത്രമായിരുന്നു. 2223 യൂണിറ്റുകള്‍ അധികം വിറ്റതോടെ 41.28 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനും എസ്‌യുവിക്ക് സാധിച്ചു. അതേസമയം 2025 ഓഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈറൈഡറിന്റെ വില്‍പ്പന കുറഞ്ഞതാണ്.
9100 യൂണിറ്റ് വിറ്റ 2025 ഓഗസ്റ്റ് മാസവുമായി തട്ടിച്ച് നോക്കുമ്പോള്‍ 1492 യുണിറ്റുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇടിവ് 16.40 ശതമാനം. 2025-2026 സാമ്പത്തിക വര്‍ഷം ആരംഭിച്ച ശേഷം ഏപ്രിലില്‍ മാത്രമാണ് ഹൈറൈഡറിന്റെ വില്‍പ്പന 5000 യൂണിറ്റില്‍ താഴെ പോയത്. ഏറ്റവും ഉയര്‍ന്ന് വില്‍പ്പന ഓഗസ്റ്റിലായിരുന്നു. ടൊയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ ആയിരുന്നുവെങ്കിലും ഹൈറൈഡറിന് സെപ്റ്റംബര്‍ മാസത്തെ ടോപ് 10 എസ്‌യുവികളുടെ പട്ടികയില്‍ ഇടംനേടാന്‍ സാധിച്ചില്ല.
പത്താം സ്ഥാനത്തുള്ള മഹീന്ദ്ര XUV 3XO മോഡലിന്റെ വില്‍പ്പന 9,032 യൂണിറ്റ് ആയിരുന്നു. 22,573 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ നെക്സോണ്‍ ആണ് ഒന്നാമത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കോംപാക്റ്റ് എസ്‌യുവികളില്‍ ഒന്നാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച എസ്‌യുവിയുടെ മാരുതി പതിപ്പ് ഗ്രാന്‍ഡ് വിറ്റാരയെന്ന പേരില്‍ വില്‍പ്പനക്കെത്തുന്നു.
സ്റ്റൈല്‍, സാങ്കേതികവിദ്യ, കാര്യക്ഷമത എന്നിവ സമന്വയിക്കുന്ന ഹൈറൈഡര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കുന്ന സെഗ്മെന്റിലെ ആദ്യത്തെ എസ്‌യുവികളില്‍ ഒന്നാണ്. നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍, സിഎന്‍ജി എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഹൈറൈഡര്‍ സ്വന്തമാക്കാനാവും. മാരുതിയില്‍ നിന്നുള്ള ആദ്യത്തെ 1.5 ലിറ്റര്‍ NA K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 102 bhp പവറും 135 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ക്കുന്നു. ടൊയോട്ടയില്‍ നിന്നുള്ള 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ 116 bhp പവറും 141 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ഹൈബ്രിഡ് പതിപ്പുകളില്‍ ഇസിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. ലിറ്ററിന് 27 കിലോമീറ്റര്‍ ആണ് ഹൈബ്രിഡ് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ്. ഇവയുടെ കൂടെ പവര്‍ അല്‍പ്പം കുറയുമെങ്കിലും 26.6 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്.
ഹൈറൈഡര്‍ സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, അഡ്വാന്‍സ്ഡ് വോയ്‌സ് കണ്‍ട്രോള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, റിയര്‍ എസി വെന്റുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, 60:40 സ്പ്ലിറ്റ് സീറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. കാറില്‍ ആംബിയന്റ് ലൈറ്റിംഗും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 22.86 സെന്റീമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭ്യമാണ്.

എസ്‌യുവിയിൽ വിപുലമായ സുരക്ഷാ സവിശേഷതകളും ടൊയോട്ട സജ്ജീകരിച്ചിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, 4 വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ് എന്നിവയാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ഏറ്റവും പ്രധാനപ്പെട്ട സേഫ്റ്റി ഫീച്ചറുകളില്‍ ചിലത്.
ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ നിലവില്‍ ഹൈറൈഡറിന്റെ വില 10.95 ലക്ഷം മുതല്‍ 19.76 ലക്ഷം രൂപ വരെയാണ്. ടൊയോട്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എക്‌സ്-ഷോറൂം വിലകളാണിത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ്, മാരുതി സുസുക്കി വിക്‌ടോറിസ് എന്നീ മോഡലുകളുമായിട്ടാണ് ഹൈറൈഡര്‍ മത്സരിക്കുന്നത്.


Click it and Unblock the Notifications








