ഫാമിലിയായി ടൂര്‍ പോകാന്‍ കാര്‍ വാടകയ്ക്ക് വിളിക്കേണ്ട! ഉടന്‍ വരുന്ന കുറഞ്ഞ വിലയുള്ള എംപിവികള്‍
ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തില്‍ കൂടുതലും അണുകുടുംബങ്ങളാണ്. അവര്‍ക്ക് കുടുംബമായി സഞ്ചരിക്കാന്‍ ഒരു 5 സീറ്റര്‍ കാര്‍ തന്നെ ധാരാളം. എന്നാല്‍ ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം തങ്ങളുടെ മാതാപിതാക്കളെ കൂടി കൂട്ടി ഒരു യാത്ര പോകാന്‍ വിചാരിച്ചാല്‍ ഒരു ചെറുകാര്‍ മതിയാകില്ല. അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ഒരു 7 സീറ്റര്‍ കാര്‍ തന്നെ വേണം. അപ്പോള്‍ പിന്നെ ഒരു ടാക്‌സി വടകയ്ക്ക് വിളിക്കേണ്ടി വരും. കൂടുതല്‍ സ്‌പെയ്‌സും സൗകര്യവും കാരണവും വലിയ കുടുംബങ്ങള്‍ ഇപ്പോള്‍ എംപിവികള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എംപികളുടെ വില്‍പ്പന തന്നെ അതിന് തെളിവാണ്.
മരുതി സുസുക്കി എര്‍ട്ടിഗ, മാരുതി സുസുക്കി XL6, കിയ കാരന്‍സ്, റെനോ ട്രൈബര്‍ തുടങ്ങിയ മോഡലുകളാണ് ബജറ്റ് എംപിവി വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. മാരുതി സുസുക്കി, റെനോ, നിസാന്‍, കിയ തുടങ്ങിയ കമ്പനികളുടെ വൈകാതെ പുതിയ ചില എംപിവികള്‍ വിപണിയിലെത്തിക്കാന്‍ പോകുകയാണ്. താങ്ങാവുന്ന വിലയില്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചില എംപിവികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്താന്‍ പോകുന്നത്.

കിയ കാരെന്‍സ്: ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ്് 2022 ഫെബ്രുവരിയിലാണ് ഈ എംപിവി പുറത്തിക്കിയത്. ഈ കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇപ്പോള്‍ അണിയറിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ മധ്യത്തില്‍ കാരെന്‍സ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അപ്‌ഡേറ്റഡ് മോഡല്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയക്കൊപ്പം പുതിയ ഹെഡ്ലൈറ്റുകള്‍, കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുതുക്കിയ അലോയ് വീലുകളും എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ ഇതില്‍ വരും. കാരെന്‍സ് ഫെയ്സ്ലിഫ്റ്റില്‍ 360-ഡിഗ്രി പാര്‍ക്കിംഗ് ക്യാമറയടക്കമുള്ള ഫീച്ചറുകള്‍ ഉണ്ടാകുമെന്ന് സ്‌പൈ ഷോട്ടുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ DGT പെട്രോള്‍, 1.5 ലിറ്റര്‍ CDI ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയേക്കും.

റെനോ ട്രൈബര്‍: നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന റെനോ മോഡലാണ് റെനോ ട്രൈബര്‍. നിലവില്‍ ലഭ്യമായ ഒരേയൊരു സബ്-4 മീറ്ററും കോംപാക്റ്റ് എംപിവിയും കൂടിയാണ് ട്രൈബര്‍. ഏറ്റവും കുറഞ്ഞ വിലയുള്ള എംപിവയും റെനോ ട്രൈബറാണ്. നിലവിലെ പതിപ്പിനേക്കാള്‍ ഷാര്‍പ്പായ എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗില്‍ എംപിവിയുടെ അപ്ഡേറ്റഡ് പതിപ്പ് ഈ വര്‍ഷം പുറത്തിറക്കാന്‍ ഫ്രഞ്ചുകാര്‍ പ്ലാനിട്ടിട്ടുണ്ട്.
പുതുക്കിയ ഡാഷ്ബോര്‍ഡ് ലേഔട്ടും അപ്‌ഹോള്‍സ്റ്ററിയും കൂടാതെ കാറിന്റെ ഫീച്ചര്‍ ലിസ്റ്റും പരിഷ്‌കരിക്കും. ട്രൈബര്‍ എംപിവിക്ക് മെക്കാനിക്കലായ മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. കൈഗര്‍ എസ്‌യുവിക്ക് തുടിപ്പേകുന്ന അതേ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും വരാന്‍ പോകുന്ന മോഡലിനും കരുത്തേകുക.
നിസാന്‍ എംപിവി: നിസാനും റെനോയും തമ്മിലുള്ള സംഖ്യത്തിന്റെ ഫലമായി ട്രൈബര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു മോഡല്‍ നിസാന്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. നിസാന്‍ ബാഡ്ജിംഗിന് കീഴില്‍ കുറഞ്ഞ വിലയുള്ള കാറിലൂടെ എംപിവി വിപണിയില്‍ പ്രവേശിക്കാന്‍ ജാപ്പനീസ് ബ്രാന്‍ഡ് പദ്ധതിയിടുന്നു. അടുത്ത തലമുറ ട്രൈബര്‍ ഷോറൂമുകളില്‍ എത്തിയ ഉടന്‍ തന്നെ ഈ പുതിയ നിസാന്‍ എംപിവി പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ട്രൈബറിനെ പോലെ നികുതി ഇളവുകള്‍ ലഭിക്കുന്നതിന് വരാനിരിക്കുന്ന നിസാന്‍ എംപിവിയുടെയും നീളം നാല് മീറ്ററില്‍ താഴെയായിരിക്കും. റെനോ ട്രൈബറില്‍ നിന്ന് പവര്‍ട്രെയിന്‍ ഘടകങ്ങളും നിസാന്‍ എംപിവി പങ്കുവെക്കും. എന്നാല്‍ റെനോ ട്രൈബറില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പാകത്തിനുള്ള ഡിസൈന്‍ മാറ്റങ്ങള്‍ എംപിവിയില്‍ നിസാന്‍ വരുത്തും.

മാരുതി മിനി എംപിവി: ജപ്പാന്‍-സ്‌പെക്ക് സ്‌പേഷ്യയെ അടിസ്ഥാനമാക്കി ഒരു പുതിയ മിനി എംപിവി ഇന്ത്യയിലെത്തിക്കാന്‍ മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്. അപ്‌ഡേറ്റ് ഫ്രോങ്ക്‌സിനൊപ്പം അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന മാരുതിയുടെ സ്വന്തം സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.സ്‌പേഷ്യയില്‍ നിന്ന് വ്യത്യസ്തമായി മിനി എംപിവിയുടെ ഇന്ത്യന്‍ പതിപ്പിന് സ്ലൈഡിംഗ് ഡോറുകൾ നഷ്ടമാകും. ഇന്ത്യയില്‍ ഇത് റെനോ ട്രൈബറിനും വരാനിരിക്കുന്ന നിസാന്‍ സബ്-4 മീറ്റര്‍ എംപിവിക്കും നേരിട്ടുള്ള എതിരാളിയാകും.


Click it and Unblock the Notifications








