വരുന്നത് കാറുകളുടെ 'മാര്‍ച്ച്' പാസ്റ്റ്! രാജ്യം കാത്തിരിക്കുന്ന മാരുതി ഇലക്ട്രിക് കാർ അടക്കം വരിയില്‍
2024 കലണ്ടര്‍ വര്‍ഷത്തില്‍ വണ്ടിക്കമ്പനികള്‍ മികച്ച വില്‍പ്പനയാണ് നേടിയത്. 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമാണ് മാര്‍ച്ച്. അതുകൊണ്ട് സാമ്പത്തിക വര്‍ഷം മികച്ച നേട്ടത്തില്‍ അവസാനിപ്പിക്കാനായി ബ്രാന്‍ഡുകള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച ചില കാറുകള്‍ ഈ മാസം 'മാര്‍ച്ചായി' വിപണിയില്‍ എത്താന്‍ പോകുകയാണ്. ഇലക്ട്രിക് വാഹനങ്ങളാണ് മാര്‍ച്ചില്‍ പുറത്തിറങ്ങാന്‍ പോകുന്ന കാറുകളുടെ പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഫെബ്രുവരിയില്‍ മോഡല്‍ ഇയര്‍ അപ്ഡേറ്റുകളിലും സപ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളിലുമായിരുന്നു കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
എന്നാല്‍ ഈ മാസം അതില്‍ നിന്ന് മാറ്റമുണ്ടാകും. മാരുതി സുസുക്കിയുടെ കന്നി ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാരയുടെ വില പ്രഖ്യാപനമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള മോഡല്‍. ഇതിനൊപ്പം വോള്‍വോ, എംജി, മെര്‍സിഡീസ് എന്നീ വമ്പന ബ്രാന്‍ഡുകളും പുതിയ കാറുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. 2025 മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്ന പ്രധാനപ്പെട്ട കാര്‍ മോഡലുകള്‍ എതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

മാരുതി സുസുക്കി ഇ-വിറ്റാര: ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന കാറാണ് മാരുതി ഇ-വിറ്റാര. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഫുള്‍ ഇലക്ട്രിക് കാര്‍ 2025 ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഷോറൂമുകളില്‍ ഇതിനോടകം പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ച് തീയതി മാരുതി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും 2025 മാര്‍ച്ച് പകുതിയോടെ വില പ്രഖ്യാപിക്കുമെന്നാണ് സൂചന.
കരുത്തുറ്റ ഡിസൈനും പ്രീമിയം ഇന്റീരിയറും അവതരിപ്പിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗുകള്‍ ചില ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. 49 kWh, 61 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഇ-വിറ്റാര ലഭ്യമാകുന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവി ഒറ്റചാര്‍ജില്‍ 500 കിലോമീറ്ററിലധികം ദൂരം ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 17 ലക്ഷം രൂപയാണ് ഇവിയുടെ പ്രതീക്ഷിക്കുന്ന എക്‌സ്-ഷോറൂം വില.

ടാറ്റ ഹാരിയര്‍ ഇവി: ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ നിലവില്‍ അഞ്ച് ഇവികളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ജനപ്രിയ എസ്‌യുവിയായ ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പ് 2025 മാര്‍ച്ച് അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഇവിക്ക് 500 Nm ടോര്‍ക്ക് നല്‍കാന്‍ കഴിവുള്ള ഇരട്ട ഇലക്ട്രിക് മോട്ടോറും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ഉണ്ടാകുമെന്ന് ടാറ്റ വെളിപ്പെടുത്തിയിരുന്നു. പ്രതീക്ഷിക്കുന്ന വില 30 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).
കിയ EV6: ഡിസൈന്‍, ഇന്റീരിയര്‍ അപ്ഡേറ്റുകളോടെ കിയ EV6 ഫേസ്ലിഫ്റ്റ് മാര്‍ച്ച് പകുതിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, അലോയ് വീല്‍, 2 സ്പോക്ക് സ്റ്റിയറിംഗ് വീല്‍, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, ഡ്യുവല്‍ 12.3" ഡിസ്പ്ലേകള്‍, 12" HUD, ADAS എന്നിവ ഉണ്ടായിരിക്കും. 650 കിലോമീറ്ററിലധികം റേഞ്ച് നല്‍കുന്ന 84 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുക. 63 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ്-ഷോറൂം വില.

എംജി സൈബര്‍സ്റ്റര്‍: 2025 ഓട്ടോ എക്‌സ്‌പോയില്‍ കാണികളുടെ ശ്രദ്ധകവര്‍ന്ന ഒരു കാറാണ് എംജി സൈബര്‍സ്റ്റര്‍. എംജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ടു-ഡോര്‍ കാറായ സൈബര്‍സ്റ്റര്‍ 2025 മാര്‍ച്ച് അവസാനത്തോടെ പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. അടുത്തിടെ ഇവി വെറും 3.2 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിച്ച് റെക്കോഡിട്ടിരുന്നു. 77 kWh ബാറ്ററിയും ഇരട്ട ഇലക്ട്രിക് മോട്ടോറുകളും പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. ഏകദേശം 50 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.
വോള്‍വോ XC 90 ഫെയ്‌സ്‌ലിഫ്റ്റ്: കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളുമായി കാർ മാര്‍ച്ച് നാലിന് അതായത് നാളെ ഇന്ത്യയില്‍ അരങ്ങേറും. പുതിയ ബമ്പര്‍, പുതുക്കിയ എല്‍ഇഡി ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍, 11.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്‌പ്ലേ, ഫോര്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് കാറില്‍ പ്രതീക്ഷിക്കുന്ന പരിഷ്‌കാരങ്ങള്‍. മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. 1.05 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ്-ഷോറൂം വില.
മെര്‍സിഡീസ് മെയ്ബാക്ക് SL 680 മോണോഗ്രാം സീരീസ്: മാര്‍ച്ച് 17-ന് ഈ പുത്തന കാര്‍ വിപണിയിലെത്തിക്കാനാണ് ജര്‍മന്‍ ബ്രാന്‍ഡിന്റെ പ്ലാന്‍. ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍, സോഫ്റ്റ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, 21 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയുള്ള ഈ മോഡല്‍ ഒരു സ്പോര്‍ട്ടി മെയ്ബാക്ക് കാറാണ്. വൈറ്റ് ആഷ് ഡ്യുവല്‍ ടോണ്‍ തീമിലുള്ള ഇന്റീരിയറാണ് ഇതില്‍ വരിക.
മെയ്ബാക്ക്-നിര്‍ദ്ദിഷ്ട ഘടകങ്ങളുള്ള ആഡംബര സുഖ സൗകര്യങ്ങളും കാറില്‍ ഉണ്ടായിരിക്കും. 585 PS പവറും 800 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 പെട്രോള്‍ എഞ്ചിനായിരിക്കും ഈ ജര്‍മന്‍ കാറിന്റെ ഹൃദയം. വെറും 4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഏകദേശം 3 കോടി രൂപയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








