30Km മൈലേജുള്ള കാര്‍ അടക്കം ലിസ്റ്റില്‍! 10 ലക്ഷത്തില്‍ താഴെ വിലയില്‍ വരാനിരിക്കുന്ന കാറുകള്‍
വര്‍ഷം 2025 ആയെങ്കിലും ഇന്ത്യയില്‍ ഇന്നും കുറഞ്ഞ വിലയുള്ള കാറുകള്‍ക്ക് നല്ല ഡിമാന്‍ഡ് ആണ്. എന്‍ട്രി ലെവല്‍ കാറുകള്‍ അല്ലെങ്കിലും 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. അതുകൊണ്ട് തന്നെ പല കമ്പനികളും ഈ വില നിലവാരത്തില്‍ വിവിധ ബോഡിടൈപ്പിലുള്ള പുത്തന്‍ വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. ചെലവ് കുറഞ്ഞ വാഹനങ്ങള്‍ക്കായുള്ള ഡിമാന്‍ഡ് കണക്കിലെടുത്ത് 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള നിരവധി പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങുകയാണ്.
സവിശേഷതകളിലോ സ്‌റ്റൈലിലോ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാനാവുന്ന വിലയില്‍ കാര്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ ഓപ്ഷനുകള്‍ കൊണ്ടുവരിക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ടാറ്റ, നിസാന്‍, റെനോ, ഹ്യുണ്ടായി, മാരുതി സുസുക്കി എന്നിവയില്‍ നിന്നുള്ള ഓഫറുകള്‍ പ്രതീക്ഷിക്കുന്ന ലോഞ്ചുകളുടെ പട്ടികയിലുണ്ട്. ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന മുന്‍ഗണനകളും ആവശ്യങ്ങളും നിറവേറ്റുന്നവയായിരിക്കും ഈ മോഡലുകള്‍. ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്ന 10 ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കുന്ന കാറുകള്‍ നമുക്ക് നോക്കാം.

ടാറ്റ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്: ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിനെ ഉടന്‍ തന്നെ മുഖംമിനുക്കി അവതരിപ്പിക്കാന്‍ പോകുകയാണ്. ഇതിന്റെ പരീക്ഷണ ഓട്ടം ഇതിനകം തന്നെ നിരത്തുകളില്‍ സജീവമായി നടക്കുന്നുണ്ട്. സമീപ ഭാവിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുതുക്കിയ പതിപ്പിന് പുതിയ ബമ്പറുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവ പോലുള്ള എക്‌സ്റ്റീരിയര്‍ അപ്ഡേറ്റുകള്‍ ഉണ്ടാകും.
അകത്തളത്തില്‍ പുതുക്കിയ ഡാഷ്ബോര്‍ഡും അധിക സവിശേഷതകളും പ്രതീക്ഷിക്കാം. ആള്‍ട്രോസിന്റെ പവര്‍ട്രെയിനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഉള്‍പ്പെടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ആള്‍ട്രോസ് വാങ്ങാം. ആള്‍ട്രോസ് സിഎന്‍ജിയും ഇപ്പോള്‍ ടെസ്റ്റിംഗിലാണ്.

റെനോ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റ്: റെനോയുടെ ഇന്ത്യ നിരയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ട്രൈബര്‍. ആഭ്യന്തര വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള 7 സീറ്റര്‍ കാറിന് ഈ വര്‍ഷം മിഡ്-സൈക്കിള്‍ അപ്ഡേറ്റ് ലഭിക്കും. ട്രൈബര്‍ ഫെയ്സ്ലിഫ്റ്റിന് പുതുക്കിയ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ലഭിക്കും. ഇത് നിലവിലെ മോഡലിനേക്കാള്‍ വളരെ ഷാര്‍പ്പര്‍ ലുക്കിലായിരിക്കും വരിക.
ട്വീക്ക് ചെയ്ത ഡാഷ്ബോര്‍ഡ് ലേഔട്ട്, പുതിയ അപ്‌ഹോള്‍സ്റ്ററി, കൂടുതല്‍ ഫീച്ചറുകള്‍ തുടങ്ങി ഇന്റീരിയറുകളിലെ ചില മാറ്റങ്ങളും കോംപാക്റ്റ് എംപിവിക്ക് പ്രയോജനപ്പെടും. മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ലാതെ ട്രൈബര്‍ പരിചിതമായ 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനുമായാകും വരിക. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകള്‍ ഓഫറിലുണ്ടാകും.

നിസാന്‍ 7 സീറ്റര്‍ കോംപാക്റ്റ് എംപിവി: റെനോ ട്രൈബറിനെ അടിസ്ഥാനമാക്കി ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ 7 സീറ്റര്‍ എംപിവി പുറത്തിറക്കുമെന്ന് നിസാന്‍ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം അവസാനം ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ഈ എംപിവിയുടെ ടീസറും നിസാന്‍ പുറത്തുവിട്ടിരുന്നു. സിഎംഎഫ്-എ പ്ലാറ്റ്ഫോമില്‍ വരുന്ന ഈ കാര്‍ ആധുനികവും അതുല്യവുമായ സ്‌റ്റൈലിംഗില്‍ വരുമെന്ന് ടീസര്‍ ചിത്രം സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന എംപിവിയുടെ ഇന്റീരിയര്‍ ലേഔട്ടിലും ചില പ്രധാന മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 72 bhp പവറും 96 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും മൂന്ന് വരി എംപിവിക്ക് തുടിപ്പേകുക. 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകള്‍ ഓഫറിലുണ്ടാകും. റെനോ ട്രൈബറിനെ പോലെ ഏകദേശം 6 മുതല്‍ 7 ലക്ഷം രൂപ റേഞ്ചിലാകും കാറിന്റെ വില പ്രതീക്ഷിക്കുന്നത്.
റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റ്: സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ റെനോ വിപണനം ചെയ്യുന്ന മോഡലാണ് കൈഗര്‍. ഈ മോഡല്‍ 2025 അവസാനത്തോടെ മുഖംമിനുക്കി വിപണിയിലെത്തിക്കാന്‍ ഫ്രഞ്ചുകാര്‍ പദ്ധതിയിടുന്നു. ഡിസൈന്‍ വശങ്ങളിലടക്കം പുതിയ കൈഗറിന് മാറ്റങ്ങള്‍ ഉണ്ടാകും. ക്വിഡുമായി സാമ്യതയുള്ള കൈഗറിന്റെ ഫ്രണ്ട് ഫാസിയ പൊളിച്ചെഴുതുന്നതും പുതിയ റെനോ ലോഗോ ഉള്‍പ്പെടുത്തുന്നതുമെല്ലാം ഡിസൈന്‍ അപ്‌ഗ്രേഡുകളില്‍ ഉള്‍പ്പെടും.
ക്യാബിനുള്ളില്‍ ഡാഷ്ബോര്‍ഡ് ലേഔട്ടില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തും. ഇത് മാത്രമല്ല എതിരാളികളുമായി പിടിച്ച് നില്‍ക്കാന്‍ വേണ്ടി കൈഗര്‍ എസ്‌യുവിയില്‍ കമ്പനി കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കും. എന്നാല്‍ കാറിന്റെ പവര്‍ട്രെയിനില്‍ മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഹുഡിന് കീഴില്‍, പരിചിതമായ 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ തുടര്‍ന്നും തുടിപ്പേകും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ടാകും.

ഹ്യുണ്ടായി വെന്യു: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സബ് കോംപാക്ട് എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായി വെന്യു. അടുത്ത തലമുറ വെന്യുവിന്റെ റോഡ് ടെസ്റ്റ് ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ വിദേശത്ത് പരീക്ഷണയോട്ടം നടത്തുന്നതിനിടെ വെന്യു N-ലൈന്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. 2025 കലണ്ടര്‍ വര്‍ഷത്തിന്റ രണ്ടാം പകുതിയില്‍ കാര്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കോംപാക്റ്റ് എസ്‌യുവിയുടെ രണ്ടാം തലമുറ പതിപ്പ് ഏറ്റവും പുതിയ ക്രെറ്റ, അല്‍കസാര്‍ എന്നിവയുള്‍പ്പെടെയുള്ള ഹ്യുണ്ടായി എസ്‌യുവികള്‍ക്ക് സമാനമായ പുതിയ ഡിസൈന്‍ ഉള്‍പ്പെടെ സമഗ്രമായ അപ്ഡേറ്റുകള്‍ക്ക് പാത്രമാകും. അപ്ഡേറ്റ് ചെയ്ത ഇന്റീരിയര്‍ ലേഔട്ടും മെച്ചപ്പെടുത്തിയ ഫീച്ചര്‍ സെറ്റും പാക്കേജിന്റെ ഭാഗമാകും. നിലവിലുള്ള ഡീസല്‍, പെട്രോള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ തന്നെയായിരിക്കും തുടര്‍ന്നും കാറിന് തുടിപ്പേകുക.
മാരുതി സുസുക്കി ഫ്രോങ്ക്സ് ഹൈബ്രിഡ്: വിപണിയിലെത്തി രണ്ട് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷത്തിലധിലകം യൂണിറ്റുകള്‍ വിറ്റഴിച്ച് വമ്പന്‍ വിജയമായി മാറിയ മാരുതി എസ്‌യുവിയാണ് ഫ്രോങ്ക്‌സ്. ഈ വര്‍ഷം ജനുവരിയില്‍ പുതിയ 'ഹൈബ്രിഡ്' ബാഡ്ജുമായി ഫ്രോങ്ക്‌സ് ഹൈബ്രിഡ് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആന്തരികമായി YTB എന്ന കോഡ്നാമമുള്ള ഹൈബ്രിഡ് ക്രോസ്ഓവര്‍ 2025 അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് ബ്രാന്‍ഡ് സ്വന്തമായി വികസിപ്പിച്ച HEV സീരീസ് ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്ന ആദ്യ കാര്‍ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. ഈ സജ്ജീകരണം പരിചിതമായ 1.2 ലിറ്റര്‍ Z12E പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ഉപയോഗിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൈബ്രിഡ് പവര്‍ട്രെയിനിനൊപ്പം ഒരു മിഡ്-ലൈഫ് ഫെയ്സ്ലിഫ്റ്റ് അപ്ഡേറ്റും കാറിന് മാരുതി സമ്മാനിക്കും. ഏകദേശം 30 കിലോമീറ്റര്‍ മൈലേജുമായി വരുമെന്ന് പ്രതീക്ഷിക്കുന്ന കാറിന്റെ ഫീച്ചര്‍ ലിസ്റ്റും പരിഷ്‌കരിച്ചേക്കും.
10 ലക്ഷം രൂപയില്‍ താഴെ വിലവരുന്ന ഈ വരാനിരിക്കുന്ന വാഹനങ്ങള്‍ ഇന്ത്യന്‍ വാഹന വിപണിയിലേക്ക് കൂടുതല്‍ വൈവിധ്യവും പുതുമയും കൊണ്ടുവരും. ഗുണനിലവാരം, പെര്‍ഫോമന്‍സ് അല്ലെങ്കില്‍ സവിശേഷതകള്‍ എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാത്ത വാഹനങ്ങള്‍ക്കായി തിരയുന്ന ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളെയാണ് ഈ കാറുകള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മൂല്യം, കാര്യക്ഷമത, സ്‌റ്റൈല്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഈ കാറുകള്‍ ഉപഭോക്താക്കള്‍ക്ക് 10 ലക്ഷം രൂപ ബജറ്റില്‍ വിശാലമായ ഓപ്ഷനുകളാണ് മുന്നോട്ട് വെക്കുക.


Click it and Unblock the Notifications








