കോടിപതി അല്ലെങ്കിലെന്താ…10 ലക്ഷത്തിൽ നല്ല ലക്ഷണമൊത്ത കാറുകളല്ലേ ഇറങ്ങാനിരിക്കുന്നത്
കൈയ്യിൽ പണം തികയാത്തതിൻ്റെ പേരിൽ സ്വന്തമായൊരു കാർ വാങ്ങാൻ കഴിയാതെ പോയവരായിരിക്കും നമ്മളിൽ പലരും. റോൾസ് റോയ്സ്, ലംബോർഗിനി പോലുള്ള ആഡംബര കാറുകൾ ഒന്നുമല്ലെങ്കിലും ഒരു യാത്ര പോവാൻ സ്വന്തം വീട്ടുമുറ്റത്തൊരു കാർ വേണമെന്നതായിരിക്കും എല്ലാവരുടെയും ലക്ഷ്യം. അതും നല്ല പെർഫോമൻസും മൈലേജും നൽകുന്ന കാറുകളാണെങ്കിൽ അത്രയും സന്തോഷം. വാങ്ങുന്നവരുടെ മുൻഗണനകളെ മാനിച്ചുക്കൊണ്ട് 10 ലക്ഷത്തിൽ താഴെ വിലയുള്ള കോംപാക്‌ട് എസ്‌യുവികൾ വികസിപ്പിക്കുന്നതിൽ ചില കമ്പനികൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഹ്യുണ്ടായി, ടാറ്റ, മാരുതി, കിയ, മഹീന്ദ്ര എന്നിവയിൽ നിന്നുമാണ് പുതിയ മോഡലുകൾ വരാനിരിക്കുന്നത്. അവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറഞ്ഞുതരാം.
ഹ്യുണ്ടായി കോംപാക്‌ട് ഇവി: യൂറോപ്പ്, ഇന്ത്യ തുടങ്ങിയ വിപണികളെ ലക്ഷ്യമിട്ട് ഹ്യുണ്ടായി തങ്ങളുടെ പുതിയ കോംപാക്‌ട് ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2027 ഓടെ ഇവി അരങ്ങേറുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകൾ, നൂതന സാങ്കേദികവിദ്യകൾ എന്നിവക്കൊപ്പം ലെവൽ 2 ADAS തുടങ്ങിയ പ്രീമിയം സവിശേഷതകളും ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്: 2025 പകുതിയോ അവസാനമോ നിരത്തിലിറങ്ങാൻ പോകുന്ന പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിനായി ആളുകൾ കാത്തിരിക്കുകയാണ്. മാനുവൽ, എഎംടി ഓപ്ഷനുകളുള്ള നിലവിലെ മോഡലിലെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ഇതിനും കരുത്ത് പകരുന്നത്. ഇന്റീരിയറിലും, ഡിസൈനിലും പുത്തൻ അപ്‌ഗ്രേഡുമായി വരുന്ന പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഇറങ്ങിക്കഴിഞ്ഞാൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.
ന്യൂജെൻ നെക്‌സോൺ: ടാറ്റ മോട്ടോർസിൽ നിന്നും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ലോഞ്ചാണ് പുതുതലമുറയിലേക്ക് ചേക്കേറാനിരിക്കുന്ന നെക്‌സോൺ. 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, സിഎൻജി ഓപ്ഷൻ, മെച്ചപ്പെടുത്തിയ മെറ്റീരിയലുകൾ, എന്നിവയോടൊപ്പം വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡിസ്‌പ്ലേ, കണക്റ്റഡ് ടെക്, ലെവൽ 2 ADAS ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളോടെ ആയിരിക്കും നെക്‌സോണിൻ്റെ വരവ്.

ടാറ്റ സ്കാർലറ്റ്: ടാറ്റ സിയറയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച പുതിയ മോഡലാണ് സ്കാർലറ്റ്. 2026 അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ കോംപാക്‌ട് എസ്‌യുവി ബ്രാൻഡ് ഏറ്റവും കൂടുതൽ ഉറ്റനോക്കുന്ന വാഹനം കൂടിയാണേ. പഞ്ചിനും നെക്‌സണിനുമൊപ്പം സ്കാർലറ്റും വന്നുക്കഴിഞ്ഞാൽ ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ തുടങ്ങിയ മോഡലുകൾക്ക് കടുത്ത വെല്ലുവിളിയായേക്കും.
മാരുതി സുസുക്കി മൈക്രോ എസ്‌യുവി: Y43 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന മാരുതി സുസുക്കി മൈക്രോ എസ്‌യുവി 2026 അവസാനത്തോടെയോ 2027 ന്റെ തുടക്കത്തിലോ ഇന്ത്യയിൽ പുറത്തിറങ്ങാനാണ് സാധ്യത. മാരുതിയുടെ ലൈറ്റ്‌വെയ്റ്റ് ഹാർട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിക്കുന്നത്. കുറഞ്ഞ വിലയിൽ ഒരു കുഞ്ഞൻ എസ്‌യുവി ആഗ്രഹിക്കുന്നവരെ ഇത് ആകർഷിച്ചേക്കും. ഒപ്പം എസ്‌യുവി വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും മുന്നിൽ കണ്ടാണ് മൈക്രോ എസ്‌യുവി വരുന്നത്.
കിയ സിറോസ് ഇവി: ഇവി സെഗ്മെൻ്റിലേക്കുള്ള കിയയുടെ ശക്തമായ പ്രവേശനത്തെ അടയാളപ്പെടുത്തുന്ന ഒരു ഓൾ-ഇലക്ട്രിക് എസ്‌യുവിയാണ് സിറോസ്. പുതിയ K1 ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച സിറോസ് ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയുമായി സമാനതകൾ പങ്കിടുന്നുണ്ട്. രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പം ഈ മോഡൽ 400 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. സിറോസ് ലോഞ്ച് ചെയ്തു വഴിഞ്ഞാൽ ടാറ്റ നെക്‌സോൺ ഇവി, മഹീന്ദ്ര XUV400 ഇവി എന്നിവയുമായി ശക്തമായ മത്സരവും കാണാം.
മഹീന്ദ്ര XUV 3XO ഇവി: മഹീന്ദ്രയുടെ ജനപ്രിയ സബ്-കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് വേരിയന്റാണ് വരാനിരിക്കുന്ന XUV 3XO ഇവി. 34.5 kWh മുതൽ 39.4 kWh വരെയുള്ള ബാറ്ററി ഓപ്ഷനുകളിൽ പ്രവർത്തിക്കുന്ന ഇവി സിംഗിൾ ചാർജിൽ 300-450 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്തേക്കും. 2026 മധ്യത്തോടെ ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന മോഡൽ നിലവിലെ XUV 400 ഇവിയേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമായേക്കും.


Click it and Unblock the Notifications








