ക്രെറ്റയുടെ കഥകഴിക്കാനെത്തുന്ന കുറഞ്ഞ വിലയുള്ള മാരുതി എസ്‌യുവി എസ്‌ക്യൂഡോ അല്ല? പുതിയ പേര് കേട്ടാല്‍ വാങ്ങും
നിലവില്‍ ഇന്ത്യയില്‍ കിടമത്സരം നടക്കുന്ന ഒരു വാഹന വിഭാഗമാണ് മിഡ്‌സൈസ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി). ഹ്യുണ്ടായി ക്രെറ്റയാണ് നിലവില്‍ ഈ വിഭാഗം ഭരിക്കുന്നത്. ഇലക്ട്രിക് പതിപ്പ് കൂടി വിപണിയില്‍ എത്തിയതോടെ ഈ കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ പട്ടം സ്വന്തമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ക്രെറ്റ. എന്നാല്‍ വരും മാസങ്ങളില്‍ കൊറിയന്‍ എസ്‌യുവിക്ക് അത്ര സുഖകരമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്. കാരണം ജനപ്രിയ എസ്‌യുവിക്ക് ചെക്ക് വെക്കാനായി മാരുതി സുസുക്കി പുതിയ ഒരു എസ്‌യുവി പുറത്തിറക്കാന്‍ പോകുകയാണ്.
കമ്പനി Y17 എന്ന് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്ന കാര്‍ 7 സീറ്റര്‍ അവതാരത്തില്‍ വരുമെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിപണി വിശകലനം ചെയ്തതില്‍ നിന്ന് 5 സീറ്റര്‍ എസ്‌യുവി കൊണ്ടുവരുന്നതായിരിക്കും ഗുണകരമെന്ന് കമ്പനി മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് തീരീമാനം മാറിയത്. തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിക്കൊപ്പം ഈ വര്‍ഷം തന്നെ മറ്റൊരു ഐസിഇ എസ്‌യുവിയും ലോഞ്ച് ചെയ്യാന്‍ പോകുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു.

വരാന്‍ പോകുന്ന എസ്‌യുവിക്ക് മാരുതി സുസുക്കി എസ്‌ക്യൂഡോ എന്ന പേര് ലഭിക്കുമെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ മോഡലിന്റെ പേരില്‍ മാറ്റം വരുത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വരാന്‍ പോകുന്ന 5 സീറ്റര്‍ എസ്‌യുവി മാരുതി സുസുക്കി വിക്ടോറിസ് (Maruti Suzuki Victoris) എന്നപേരില്‍ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓട്ടോകാര്‍ ഇന്ത്യയാണ് മാരുതിയുടെ പുത്തന്‍ എസ്‌യുവിയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാരുതിയുടെ മറ്റ് എസ്‌യുവികളെ പോലെ തന്നെ ഫീച്ചര്‍ റിച്ചായ ക്യാബിന്‍ തന്നെയായിരിക്കും മാരുതി വിക്‌ടോറിസിന് ലഭിക്കുക. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയില്‍ ഓഫര്‍ ചെയ്യുന്ന അതേ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വിക്ടോറിസിലും ലഭിക്കാന്‍ സാധ്യതയുണ്ട്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഈ എസ്‌യുവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന 103 hp 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനൊപ്പം 88 hp പവര്‍ നല്‍കുന്ന സിഎന്‍ജി പവര്‍ട്രെയിനും ഓഫറിലുണ്ടാകും. എസ്‌യുവിയുടെ ലൈനപ്പിന്റെ ഏറ്റവും മുകളില്‍ 116 hp പെട്രോള്‍ ഹൈബ്രിഡ് സെറ്റപ്പ് ആയിരിക്കും ഉണ്ടായിരിക്കുക. പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തോടൊപ്പം ഓഫര്‍ ചെയ്‌തേക്കും. മറ്റ് വേരിയന്റുകള്‍ക്കൊപ്പം ഫ്രണ്ട് വീല്‍ ഡ്രൈവ് ആയിരിക്കും വരിക.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിക്ടോറിസ് വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യും. വിദേശത്ത് ഈ വാഹനം മാരുതി സുസുക്കി എസ്‌ക്യൂഡോ എന്ന പേരില്‍ വില്‍പ്പനയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ റീബാഡ്ജ് ചെയ്യുന്ന പതിവുണ്ട്. വിക്ടോറിസിന്റെ ലോഞ്ച് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ടൊയോട്ട റീബാഡ്ജഡ് പതിപ്പും പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്.
എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ തുടങ്ങിയ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതി സുസുക്കി വിക്ടോറിസ് താരതമ്യേന കുറഞ്ഞ വിലയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മാരുതി സുസുക്കിയുടെ പ്രീമിയം മോഡലുകള്‍ നെക്‌സ ഷോറൂമുകള്‍ വഴിയാണ് വിറ്റഴിക്കുന്നത്. എന്നാല്‍ വിക്ടോറിസ് മാരുതിയുടെ അരീന ഷോറൂമുകള്‍ വഴി വില്‍ക്കുന്നതിനാല്‍ തന്നെ ഇത് കുറഞ്ഞ വിലയില്‍ വരുമെന്ന് ഉറപ്പിച്ച് പറയാം.
മാരുതി സുസുക്കി വിക്ടോറിസ് ഇന്ത്യന്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്മെന്റിലെ മത്സരം കടുപ്പിക്കുമെന്നാണ് കരുതുന്നത്. കുറഞ്ഞ വിലയില്‍ അരീന നെറ്റ്‌വര്‍ക്ക് വഴി വിപണനം ചെയ്യാന്‍ പോകുന്ന ഈ എസ്‌യുവി ക്രെറ്റയുടെ അപരാജിത കുതിപ്പിന് മൂക്കുകയര്‍ ഇടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വില നിര്‍ണയത്തിന്റെ കാര്യത്തില്‍ എന്നും ഞെട്ടിക്കാറുള്ള വിക്‌ടോറിസിലൂടെ ഇന്ത്യന്‍ കുടുംബങ്ങളെ വീണ്ടും ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മുക്കിലും മൂലയിലും വരെയുള്ള അരീനയുടെ സാന്നിധ്യവും പുതിയ എസ്‌യുവിക്ക് ഗുണകരമാകും.


Click it and Unblock the Notifications








