ഇനി ലിറ്ററിന് മിനിമം 30 കി.മീ! മൈലേജ് ഗെയിമിനായി ഒരുങ്ങി ഇന്ത്യൻ വിപണി
മികച്ച മൈലേജ് വാഗ്ദനം ചെയ്യുന്നതിനാൽ ഇന്ത്യയിൽ സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ ഇപ്പോൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ് എന്ന് നിസംശയം പറയാം. ഈ വിഭാഗത്തിൽ ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ ഓപ്ഷനുകൾക്കായി തിരയുകയാണ്. അടുത്തിടെയായി വർധിച്ചു വരുന്ന ഈ ഡിമാൻഡ് നേരിടാനായി, ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കൾ പുതിയ സ്ട്രോംഗ ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ സ്പെഷ്യൽ ലിസ്റ്റിൽ, ഈ വർഷം അരങ്ങേറ്റം കുറിക്കുന്ന സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 7 -സീറ്റർ: ഒന്നാമതായി, ഈ ലിസ്റ്റിലുള്ള മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാർ 7 -സീറ്ററാണ്. ബ്രാൻഡിൻ്റെ ജനപ്രിയ സ്ട്രോംഗ് ഹൈബ്രിഡ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ പതിപ്പ് അധികം താമസിയാതെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും.

ഈ മോഡലിൻ്റെ കൃത്യമായ ലോഞ്ച് തീയതി നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഈ വർഷം ആദ്യ പകുതിയിൽ തന്നെ മാരുതി ഇത് അവതരിപ്പിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. 20 മുതൽ 25 ലക്ഷം രൂപ വിലയിൽ മാരുതി സുസുക്കി ഇത് വിപണിയിൽ എത്തിച്ചേക്കാം.
വാഹനത്തിന്റെ ഹൈലൈറ്റുകളെ സംബന്ധിച്ചിടത്തോളം, സ്റ്റാൻഡേർഡ് 5 -സീറ്റർ മോഡലിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നതിന് അല്പം പുനർരൂപകൽപ്പന ചെയ്ത പിൻഭാഗം ഇതിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, പിന്നിലെ എക്സ്ട്ര സീറ്റുകളെ ഉൾക്കൊള്ളാൻ വാഹനത്തിൻ്റെ വീൽബേസ് അല്പം വിപുലീകരിക്കും. പവർട്രെയിനിൻ്റെ കാര്യത്തിൽ, ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്ത അതേ 1.5 ലിറ്റർ പെട്രോൾ യൂണിറ്റിൽ തന്നെ ഇത് വരും എന്ന് പ്രതീക്ഷിക്കുന്നു.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ 7 -സീറ്റർ: ബ്രാൻഡുകൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമായി, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ 7 -സീറ്ററും ഒരുങ്ങുന്നത്. ഇന്ത്യയിൽ മാരുതിയുടെ മോഡലിൻ്റെ അവതരണത്തിന് ശേഷമായിരിക്കും ഹൈറൈഡറിൻ്റെ പുതിയ 7 സീറ്റർ പതിപ്പ് വിപണിയിൽ എത്തുന്നത് എന്ന് പ്രതീക്ഷിക്കുന്നു. 2025 മധ്യത്തോടെ ടൊയോട്ട ഹൈറൈഡർ 7 -സീറ്റർ എത്തിയേക്കാം.
ഇതിനും 20 മുതൽ 25 ലക്ഷം രൂപയ്ക്കുള്ളിൽ വില പ്രതീക്ഷിക്കാം. എന്നിരുന്നാലും, ലുക്സിന്റെ കാര്യത്തിൽ, ഹൈറൈഡർ 7 -സീറ്റർ വ്യത്യസ്തമായിരിക്കും. ഇനി പവർട്രെയിൻ നോക്കിയാൽ, ടൊയോട്ടയിൽ നിന്നുള്ള ഈ പുതിയ മോഡലും 114 bhp പവർ ഉൽപ്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനിലാണ് വിപണിയിൽ എത്തുന്നത്. വാഹനത്തിന്റെ ട്രാൻസ്മിഷൻ ചുമതലകൾ ഒരു eCVT ഗിയർബോക്‌സാവും കൈകാര്യം ചെയ്യുന്നത്.
മാരുതി സുസുക്കി ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ്: 2025 മധ്യത്തിൽ ഇന്ത്യൻ ജനത കാത്തിരിക്കുന്ന മറ്റൊരു സുപ്രധാന സ്ട്രോംഗ് ഹൈബ്രിഡ് മോഡൽ ലോഞ്ചാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിന്റേത്. മാരുതി സുസുക്കി വികസിപ്പിച്ച പുതിയ സീരീസ് ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തോടെയാണ് ഇതിനകം തന്നെ ജനഹൃദയങ്ങൾ കൈയ്യടക്കിയ ക്രോസ്ഓവർ എസ്‌യുവിയായ ഫ്രോങ്കിസിൻ്റെ ഏറ്റവും പുതിയ ആവർത്തനം എത്തുന്നത്.
ഈ പുതിയ സെറ്റപ്പിൽ, 1.2 -ലിറ്റർ ത്രീ -സിലിണ്ടർ Z12E പെട്രോൾ മോട്ടോർ വീലുകൾക്ക് കരുത്ത് പകരില്ല. പകരം, എഞ്ചിൻ ഒരു ജനറേറ്ററായി പ്രവർത്തിക്കും, അത് ബാറ്ററികൾ ചാർജ് ചെയ്യും. വാഹനത്തിൻ്റെ വീലുകൾ ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് ചലിപ്പിക്കുന്നത്. ഈ വാഹനത്തിൻ്റെ ഇന്ധനക്ഷമത ലിറ്ററിന് ഏകദേശം 30 കിലോമീറ്ററായി ഉയർത്തും എന്നാണ് കരുതുന്നത്.

കിയ സെൽറ്റോസ് സ്ട്രോംഗ് ഹൈബ്രിഡ്: കിയ മോട്ടോർസ് ആഗോളതലത്തിൽ ഡീസൽ മോട്ടോറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നീക്കത്തിലാണ്, ഇക്കാരണത്താൽ, കമ്പനി ഒരു പുതിയ സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ നിലവിൽ വികസിപ്പിക്കുകയാണ്. പുതിയ തലമുറ സെൽറ്റോസ് ഈ പവർട്രെയിൻ ലഭിക്കുന്ന ആദ്യ മോഡലായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, 2025 ൻ്റെ രണ്ടാം പകുതിയിൽ വാഹനം പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
കിയ സെൽറ്റോസ് ഹൈബ്രിഡിന് 1.6 ലിറ്റർ പെട്രോൾ എഞ്ചിനാവും ലഭിക്കുക എന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കും. സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ 141 bhp മാക്സ് പവറും 265 Nm പീക്ക് ടോർക്കും സൃഷ്ടിക്കും എന്ന് കരുതുന്നു. വാഹനത്തിന് 6 -സ്പീഡ് DCT ഗിയർബോക്‌സും ലഭിക്കും, കൂടാതെ ഏകദേശം 18.1-19.8 kmpl മൈലേജ് പ്രതീക്ഷിക്കാം. ഡിസൈനിൻ്റെ അടിസ്ഥാനത്തിലും, പുതിയ തലമുറ സെൽറ്റോസ് ഒരു ടൺ മാറ്റങ്ങളോടെ എത്തും.


Click it and Unblock the Notifications








