2026-ൽ ടാറ്റയുടെ ത്രിപ്പിൾ അറ്റാക്ക്! പഞ്ചിന് കൂടുതൽ മൊഞ്ച് കൂടും, സിയറയെ കണ്ടാൽ കണ്ണ് തള്ളും
ഡിസംബർ മാസം അവസാനിക്കുന്നതോടെ ഇന്ത്യൻ വാഹന വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. പെട്രോൾ, ഡീസൽ മോഡലുകളോടൊപ്പം ഇലക്ട്രിക് വാഹനങ്ങൾക്കും ശക്തമായ പ്രാധാന്യം നൽകികൊണ്ട് പുതിയ മോഡലുകളെ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിയറ ഇവി, കൂടാതെ പൂർണമായും പുതുക്കിയ നെക്സോൺ എന്നിവ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്നത്. ജനപ്രിയ മോഡലുകളുടെ നവീകരണവും ഐക്കോണിക് വാഹനത്തിന്റെ ഇലക്ട്രിക് തിരിച്ചുവരവും എല്ലാം ടാറ്റയുടെ ഭാവി മുന്നേറ്റങ്ങൾ വ്യക്തമാക്കി തരുന്നതാണ്.
പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെ മൈക്രോ എസ്‌യുവി സെഗ്മെന്റിൽ കൂടുതൽ ആകർഷണം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഈ അപ്ഡേറ്റഡ് മോഡൽ 2026 തുടക്കത്തിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ. ഡിസൈനിൻ്റെ കാര്യത്തിൽ പഞ്ച് ഇവിയിൽ നിന്ന് ശക്തമായ പ്രചോദനം ഉൾക്കൊള്ളുന്ന മാറ്റങ്ങളാണ് ടാറ്റ ഒരുക്കുന്നത്. മുന്നിൽ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, കൂടുതൽ ഷാർപ്പായും ആധുനികവുമായ പുതിയ ബമ്പർ ഡിസൈൻ, പുതുക്കിയ അലോയ് വീലുകൾ എന്നിവ നൽകിയിട്ടുണ്ട്.

കൂടാതെ കൂടുതൽ പ്രീമിയം ലുക്ക് നൽകുന്ന പുതുമയുള്ള റിയർ ഡിസൈൻ പ്രധാന ഹൈലൈറ്റായിരിക്കും. ഇതിലൂടെ നിലവിലെ പഞ്ചിനെക്കാൾ കൂടുതൽ ഫ്യൂച്ചറിസ്റ്റിക് ലുക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ലഭിക്കും. ഇൻ്റീരിയറിലും ശ്രദ്ധേയമായ അപ്‌ഡേറ്റുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിനെക്കാൾ മെച്ചപ്പെട്ട ഒരു വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂടാതെ ഇവിയിൽ കാണുന്ന ടൂ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
ഇതിന് പുറമെ സെഗ്മെന്റിൽ മത്സരം ശക്തമാക്കാൻ വായുസഞ്ചാരമുള്ള മുൻ സീറ്റുകൾ, അപ്‌ഡേറ്റഡ് കണക്റ്റഡ് കാർ ഫീച്ചറുകൾ, പുതിയ അപ്‌ഹോൾസ്റ്ററി ഓപ്ഷനുകൾ എന്നിവയും ടാറ്റ ഉൾപ്പെടുത്തുന്നതായിരിക്കും. മെക്കാനിക്കൽ ഭാഗത്ത് വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നിലവിലുള്ള ആൽഫ പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും അടിസ്ഥാനമാക്കുക. കൂടാതെ വിശ്വസനീയമായ 1.2-ലിറ്റർ നാചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും അതിന്റെ CNG വകഭേദവും മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത വർഷം ഇറക്കാൻ പോകുന്നതിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നായിരിക്കും സിയറ ഇവി. ഐക്കോണിക് സിയറയ്‌ക്കൊപ്പം ഒരു പൂർണ്ണ ഇലക്ട്രിക് പതിപ്പും ഉടൻ തന്നെ നിരയിൽ ചേരുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് റിയർ-വീൽ ഡ്രൈവ് (RWD) കൂടാതെ കൂടുതൽ കരുത്തും ട്രാക്ഷനും നൽകുന്ന ഓൾ-വീൽ ഡ്രൈവ് (AWD) ഓപ്ഷനുകളോടെയാണ് എത്തുക.
ഡിസൈനിൽ സിയറ ഇവി ഐസിഇ മോഡലിന്റെ ബോക്സി, റെട്രോ-മോഡേൺ ലുക്ക് വലിയ മാറ്റമില്ലാതെ തുടരും. എന്നാൽ ഇവി ആണെന്നത് തിരിച്ചറിയാൻ സഹായിക്കുന്ന ചില സവിശേഷതകൾ ഉണ്ടാകും. മുന്നിൽ ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ, ഇവി സ്പെസിഫിക് ബമ്പർ ഡിസൈൻ, വ്യത്യസ്ത അലോയ് വീൽ ഡിസൈൻ, നീല നിറത്തിലുള്ള ഹൈലൈറ്റുകൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. ഇൻ്റീരിയറിൽ വലിയ ടച്ച്‌സ്‌ക്രീനുകൾ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരാമിക് സൺറൂഫ്, ADAS പോലുള്ള ഫീച്ചറുകളും ഉൾപ്പെടും.

അവസാനമായി ഈ ലിസ്റ്റിൽ ഉൾപ്പെടുന്നത് പുതുതലമുറ നെക്സോൺ ആണ്. ആദ്യ തലമുറ നെക്‌സോൺ ഇന്ത്യയിൽ ഇതിനകം തന്നെ മികച്ച വിജയയാത്ര നടത്തി കഴിഞ്ഞതിനാൽ അതിന് പൂർണമായും പുതിയ ഒരു അധ്യായം തുറക്കുന്ന രീതിയിലാണ് പുതിയ മോഡൽ രൂപകൽപ്പന ചെയ്യുന്നത്. ഈ മോഡൽ 2026 അവസാനം അല്ലെങ്കിൽ 2027 തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ.
1.2-ലിറ്റർ ടർബോ പെട്രോൾ എൻജിൻ, അതിനൊപ്പം CNG പവർട്രെയിൻ ഓപ്ഷനും പുതിയ നെക്‌സോണിന്റെ മുഖ്യ കരുത്തായി തുടരാൻ സാധ്യതയുണ്ട്. മാത്രവുമല്ല ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ പിന്തുടരുന്ന എക്സ്റ്റീരിയറാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂർച്ചയുള്ള ലൈറ്റിംഗ് എലമെന്റുകൾ, പുതുക്കിയ ഫ്രണ്ട് ഗ്രിൽ, കൂടുതൽ ഡൈനാമിക് പ്രൊഫൈൽ, പൂർണമായും ഓവർഹോൾ ചെയ്ത ക്യാബിൻ ഡിസൈൻ എന്നിവ ഇതിന്റെ ഭാഗമാകും.


Click it and Unblock the Notifications








