വിൻഫാസ്റ്റ് വാങ്ങാൻ പണം തികയുന്നില്ലേ? നിങ്ങളെ സഹായിക്കാൻ ഐസിഐസിഐ ബാങ്കുണ്ടെന്ന് ബ്രാൻഡ്
വാഹനം വാങ്ങാൻ ആഗ്രഹിക്കുമ്പോൾ പലപ്പോഴും സാമ്പത്തികമാണ് വില്ലനായി എത്താറുള്ളത്. എന്നാൽ അതിന് പോംവഴിയായി വാഹന ലോൺ സഹായത്തിന് എത്താറുണ്ട് എന്നതാണ് ശരി. കമ്പനിയിൽ നിന്ന് തന്നെ വാഹനത്തിനുള്ള ലോൺ എടുക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും ബാങ്കിൽ പോയി വാഹന ലോണിന് അപേക്ഷിക്കുകയോ ആണല്ലോ പതിവ്. അത്തരത്തിൽ നിങ്ങൾക്ക് വിൻഫാസ്റ്റിൻ്റെ വാഹനം വാങ്ങാൻ ഇനി വേറെ ബാങ്കുകൾ കയറി അലയേണ്ട. വിയറ്റ്നാം ബ്രാൻഡ് ഐസിഐസിഐയുമായി കൈകോർത്തിരിക്കുകയാണ്. 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗ്, ആകർഷകമായ പലിശ നിരക്കുകൾ, മികച്ച തിരിച്ചടവ് ഓപ്ഷനുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പങ്കാളിത്തം വാഗ്ദാനം ചെയ്യും.
വിൻഫാസ്റ്റിന്റെ പുതുതായി പുറത്തിറക്കിയ VF 6, VF 7 മോഡലുകളെല്ലാം തന്നെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിൻഫാസ്റ്റിൻ്റെ ഈ കൈകോർക്കലിലൂടെ ഐസിഐസിഐ ബാങ്കിന്റെ വിപുലമായ പാൻ-ഇന്ത്യ ബ്രാഞ്ച് ശൃംഖലയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പ്രയോജനപ്പെടുത്തുന്നതിനൊപ്പം തന്നെ എല്ലാ മേഖലയിലുമുളള ഉപഭോക്താക്കളിലേക്ക് എത്തിപെടാനും സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇലക്ട്രിക് മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് തങ്ങളുടെ VF6,VF7 എന്നീ രണ്ട് മോഡലുകൾ അവതരിപ്പിച്ച് കൊണ്ടാണ് തീപാറുന്ന മത്സരത്തിന് തുടക്കം കുറിച്ചത്. വിലയിലും എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് വിൻഫാസ്റ്റ്. 16 ലക്ഷം രൂപയ്ക്കാണ് VF6-ൻ്റെ VF6 എർത്ത് എന്ന മോഡലിൻ്റെ വില. മൂന്ന് വേരിയൻ്റുകളാണ് VF6-ന് ലഭിക്കുന്നത്.എർത്ത്,വിൻഡ്,വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് മോഡലുകൾക്കായി ബ്ലാക്ക്,മോക്കോ ബ്രൌൺ എന്നീ രണ്ട് ഇൻ്റീരിയർ കളർ തീമുകളും ലഭിക്കുന്നുണ്ട്.
16 ലക്ഷം രൂപ മുതൽ18.29 ലക്ഷം രൂപ വരെയാണ് VF6 -ൻ്റെ എക്സ്ഷോറൂം വിലകൾ.20.89 ലക്ഷം രൂപ മുതലാണ് VF7-ൻ്റെ വിലകൾ ആരംഭിക്കുന്നത്. അഞ്ച് വേരിയൻ്റുകളിലായി രണ്ട് ഇൻ്റീരിയർ തീമാണ് ലഭിക്കുന്നത്. VF6-ന് 59.6 KWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. എന്നാൽ VF7-ൽ 59.6,70.8kwh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് നൽകിയിരിക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പം തന്നെയുളള ഇലക്ട്രിക് എസ്യുവിയാണ് VF6. ഇവിക്ക് 4,238 mm നീളമാണുള്ളത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിപ്പം കൂടിയ മോഡലാണ്. അകത്തേക്ക് കയറിയാൽ 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ്.
ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ബിൽറ്റ്-ഇൻ ആയി വരുന്നതിനാൽ കൂടുതൽ സൌകര്യമായിരിക്കും ലഭിക്കുക. വിൻഫാസ്റ്റ് VF6 ഇവിയിൽ 26 സ്മാർട്ട് ഫീച്ചറുകളും ഒരുക്കിയിട്ടുമുണ്ട്. മൾട്ടിപ്പിൾ ഡ്രൈവ് അസിസ്റ്റ് സിസ്റ്റങ്ങൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.7 വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്ററാണ് VF6-ന് ലഭിക്കുന്നത്.
VF7-ലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന വിധത്തിലാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത് എന്നുപറയാം. വിൻഫാസ്റ്റ് 22 ADAS ഫംഗ്ഷനുകൾ ഉൾപ്പെടെ 26 സ്മാർട്ട് ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ട്രാഫിക് സൈൻ ഡിറ്റക്ഷൻ എന്നിവ പോലുള്ള സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
21,000 രൂപയ്ക്ക് വിൻഫാസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വാഹനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. സെഗ്മെന്റ് ലീഡിംഗ് ഫീച്ചറുകളുമായിട്ടായിരിക്കും വിൻഫാസ്റ്റിന്റെ VF6, VF7 ഇലക്ട്രിക് എസ്‌യുവികൾ വിപണിയിലെത്തുക എന്നത് കൊണ്ട് തന്നെ എതിരാളികൾക്ക് എന്നും ഒരു പേടിസ്വപ്നം തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വിൻഫാസ്റ്റ് ഷോറൂമിൽ പോയി വാഹനങ്ങൾ കാണാനും ടെസ്റ്റ് ഡ്രൈവ് ലഭിക്കുമെങ്കിലും ഓടിക്കാനും ശ്രമിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








