കൊതിപ്പിച്ച് തീര്‍ന്നെങ്കില്‍ ഇറക്കി വിട്ടൂടെ! പുത്തന്‍ 7 സീറ്ററിന്റെ വരവിന് തീയതി കുറിച്ച് വിന്‍ഫാസ്റ്റ്
വിയറ്റ്‌നാമിലെ ഏറ്റവും വലിയ ബിസിനസുകാരായ വിന്‍ഗ്രൂപ്പിന്റെ അധീനതയില്‍ രൂപംകൊണ്ട ബ്രാന്‍ഡാണ് വിന്‍ഫാസ്റ്റ്. പേരുപോലെ തന്നെ കമ്പനി വളര്‍ന്ന് പന്തലിച്ചതും ഞൊടിയിടയിലാണ്. 2017ല്‍ തുടക്കം കുറിച്ച വിന്‍ഫാസ്റ്റ് ഇന്ന് ലോകപ്രശസ്ത ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായി മാറിയെന്ന് മാത്രമല്ല അമേരിക്കയില്‍ സ്വന്തമായി നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ഏഷ്യന്‍ ഇവി ബ്രാന്‍ഡുകളില്‍ ഒന്നുകൂടിയാണിത്. VF6, VF7 എന്നീ മോഡലുകള്‍ക്ക് ശേഷം തങ്ങളുടെ മൂന്നാമത്തെ ഇവിയായ ലിമോ ഗ്രീന്‍ 7S ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് ബ്രാന്‍ഡ്. സമീപകാലങ്ങളില്‍ സ്‌പൈ ഷോട്ടുകളില്‍ നിറഞ്ഞാടിയ ഈ മോഡലിന്റെ ലോഞ്ച് ടൈംലൈന്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന ലിമോ ഗ്രീന്‍ ഫുള്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഒരു 7-സീറ്റര്‍ എംപിവിയാണ്. വിപണിയില്‍ ലഭ്യമായ ഇവികളില്‍ പലതും എസ്യുവി സെഗ്മന്റുകളില്‍ പെടുന്നവയായതിനാല്‍, വരാനിരിക്കുന്ന ഈ എംപിവി വാഹനപ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. മാത്രവുമല്ല ദീര്‍ഘദൂര യാത്രകള്‍ക്കും ഫാമിലി ട്രിപ്പുകള്‍ക്കും കൂടുതല്‍ വിശാലവും കംഫര്‍ട്ടബിളുമായ ഒരു ഓപ്ഷനായി മാറാനും ലിമോ ഗ്രീനിന് സാധിക്കും.

ഇതില്‍ കമ്പനി 60.1 kWh ബാറ്ററി പായ്ക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഏകദേശം 201 bhp പവറും 280 Nm ടോര്‍ക്കും നല്‍കിയേക്കും. കൂടാതെ 450 കിലോമീറ്റര്‍ വരെ NEDC സര്‍ട്ടിഫൈഡ് റേഞ്ചും ഡ്രൈവിംഗ് സാഹചര്യങ്ങളെ ആശ്രയിച്ച് 320-350 കിലോമീറ്ററിനടത്ത് ട്രൂ റേഞ്ചും ലഭിക്കുന്നതായിരിക്കും. ഒപ്പം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശതമാനം മുതല്‍ 70 ശതമാനം വരെ റീചാര്‍ജ് ചെയ്യാനുമാവും.
ഇനി ഡിസൈനും ഇന്റീരിയറും സംബന്ധമായ കാര്യങ്ങളിലേക്ക് കടക്കാം. വണ്ടിയുടെ മുന്‍വശത്തായി സിഗ്‌നേച്ചര്‍ V-ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റ് ബാറും ബമ്പറില്‍ വെര്‍ട്ടിക്കലായി അടുക്കിയിരിക്കുന്ന ഹെഡ്ലാമ്പുകളുമാണ് മുഖ്യ ആകര്‍ഷണം. 2,840 mm നീളമുള്ള വീല്‍ബേസും വലിയ വിന്‍ഡോകളും സൈഡ് പ്രൊഫൈലില്‍ കാണാം. വീല്‍ ആര്‍ച്ചുകള്‍ക്കും ലോവര്‍ ബോഡിക്കും ചുറ്റുമുള്ള കറുത്ത ക്ലാഡിംഗ് കരുത്തുറ്റ റോഡ് പ്രെസന്‍സ് നല്‍കുന്നതായിരിക്കും.

ഫുള്‍-വീഡ്ത് എല്‍ഇഡി ടെയില്‍-ലൈറ്റ് സ്ട്രിപ്പും വലിയ ടെയില്‍ഗേറ്റുമാണ് വണ്ടിയുടെ പിന്നിലെ ആകര്‍ഷണം. ഫ്‌ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഡാഷ്ബോര്‍ഡ് എന്നിവയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. മാത്രവുമല്ല ഇന്റീരിയര്‍ മികവ് കൂട്ടുന്നതിനായി ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, മെറ്റാലിക് ആക്സന്റുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍ ഉള്‍പ്പെടുത്തും.
ഇത്രയും ഫീച്ചറുകള്‍ സമ്മാനിക്കാന്‍ സാധ്യതയുള്ളപ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ കുറവുവരുത്തുമെന്ന് തോന്നുന്നുണ്ടോ. ഒന്നിലധികം എയര്‍ബാഗുകളോടൊപ്പം സൈഡ് യൂണിറ്റുകള്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS) തുടങ്ങിയ സംവിധാനങ്ങളെല്ലാം തന്നെ ഇവിയില്‍ അണിനിരക്കുന്നതായിരിക്കും. മാത്രവുമല്ല യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിന് ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (HSA), ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയും നല്‍കിയേക്കും.

അതിനോടൊപ്പം റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ, 360-ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ സവിശേഷതകള്‍ ഈ 7-സീറ്ററിന് ലഭിച്ചേക്കാം. ബാറ്ററി പായ്ക്കില്‍ അപകടങ്ങള്‍ തടയുന്നതിനായി മള്‍ട്ടി-ലെയര്‍ തെര്‍മല്‍ പ്രൊട്ടക്ഷന്‍, ക്രാഷ് ഐസൊലേഷന്‍, ഓട്ടോമാറ്റിക് പവര്‍ കട്ട്-ഓഫ് എന്നിവ സജീകരിക്കുന്നതാണ്. ADAS സവിശേഷതകളില്‍ ഉള്‍പ്പെടുന്ന ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, അല്ലെങ്കില്‍ ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ തുടങ്ങിയവ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്ത വാഹനത്തില്‍ ഇതുവരെ കാണിച്ചിട്ടില്ല.
എന്നിരുന്നാലും തുടര്‍ന്നുള്ള അപ്‌ഡേറ്റുകളില്‍ അതുകൂടി ചേര്‍ക്കാനുള്ള സാധ്യതകള്‍ കാണുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ ലിമോ ഗ്രീനിന്റെ വരവോടുകൂടി മത്സരക്ഷമത നിറഞ്ഞ 7 സീറ്റര്‍ സെഗ്മെന്റില്‍ ഒരു പുതിയ അധ്യായം ഉടലെടുക്കുന്നതായിരിക്കും. അതിലൂടെ കാലങ്ങളായി ഒരു ഇലക്ട്രിക് കാര്‍ വാങ്ങാനും പഴയതില്‍ നിന്നും പുതിയതിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലുള്ള മികച്ച ചോയ്‌സുകളില്‍ ഒന്നായിരിക്കും വിന്‍ഫാസ്റ്റ് ലിമോ ഗ്രീന്‍.


Click it and Unblock the Notifications








