ഇവികളിലെ 'നാനോ' ഇന്ത്യയിലെത്തിക്കുമോ വിന്‍ഫാസ്റ്റ്? ട്രാഫിക് കുട്ടി ഇവിക്ക് വിഷയമല്ല
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായി കണക്കാക്കപ്പെടുന്ന ഇന്ത്യയില്‍ ഇവികള്‍ക്കുള്ള സാധ്യത തിരിച്ചറിഞ്ഞ കമ്പനികളില്‍ ഒന്നാണ് വിന്‍ഫാസ്റ്റ്. വിയറ്റ്നാമീസ് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണശാല സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ പ്ലാന്റില്‍ നിര്‍മിച്ച ആദ്യ വാഹനം പുറത്തിറങ്ങിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്സ്പോയില്‍ വിന്‍ഫാസ്റ്റ് തങ്ങളുടെ മുഴുവന്‍ ഇവി നിരയും പ്രദര്‍ശിപ്പിച്ചിരുന്നു.
എന്നാല്‍, ആദ്യ ഘട്ടത്തില്‍ വിന്‍ഫാസ്റ്റ് VF 6, VF 7 ഇലക്ട്രിക് കാറുകളാണ് കമ്പനി പുറത്തിറക്കുക. വില പ്രഖ്യാപനത്തിന് മുമ്പേ രാജ്യത്തെ പ്രധാന നഗരങ്ങളിലെ മാളുകളില്‍ ഈ കാറുകള്‍ പ്രദര്‍ശിപ്പിച്ച വിന്‍ഫാസ്റ്റ് ചില നഗരങ്ങളില്‍ ഡീലര്‍ഷിപ്പും ആരംഭിച്ചു. ഇന്ത്യന്‍ എന്‍ട്രിക്ക് മുന്നോടിയായി രണ്ട് ഇലക്ട്രിക് എസ്‌യുവി കളുടെയും ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് മോഡലുകള്‍ വിപണിയില്‍ എത്തിയ ശേഷം കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

വിന്‍ഫാസ്റ്റ് അടുത്തിടെ ഒരു 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയുടെ പേറ്റന്റിന് അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ വിന്‍ഫാസ്റ്റ് മറ്റൊരു ചെറു ഇലക്ട്രിക് കാറിന്റെ പേറ്റന്റിനായി ഇന്ത്യയില്‍ അപേക്ഷ സമര്‍പ്പിച്ചതായി റഷ്ലേന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ എംജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ആയ കോമെറ്റ് ഇവിയുമായിട്ടായിരിക്കും ഏറ്റുമുട്ടുക. വിന്‍ഫാസ്റ്റ് അവരുടെ സ്വന്തം രാജ്യമായ വിയറ്റ്നാമില്‍ മിനിയോ ഗ്രീന്‍ ഇവി എന്ന പേരില്‍ ഒരു ചെറിയ ഇലക്ട്രിക് കാര്‍ വില്‍ക്കുന്നുണ്ട്.
ഈ മോഡല്‍ തന്നെയാകും ഇന്ത്യയിലും അവതരിപ്പിക്കാന്‍ പോകുന്നത്. അതിന് മുന്നോടിയായായിട്ടാകും പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വിന്‍ഫാസ്റ്റ് മിനിയോ ഗ്രീന്‍ ഇവിയെ കുറിച്ച് പറയുമ്പോള്‍ ഇത് 14.7 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചായിരിക്കാം ഇന്ത്യന്‍ വിപണിയില്‍ എത്തുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 170 കിലോമീറ്റര്‍ ആയിരിക്കും ഇത് സഞ്ചരിക്കുക.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ പരമാവധി വേഗത പ്രതീക്ഷിച്ചാല്‍ മതി. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ഫ്ലാറ്റ് ബോട്ടം 2 സ്പോക്ക് സ്റ്റിയറിംഗ് വീല്‍, എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഈ ചെറിയ ഇലക്ട്രിക് കാറില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മുകളില്‍ സൂചിപ്പിച്ച പോലെ നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന ഇലക്ട്രിക് കാര്‍ ആയ എംജി കോമെറ്റ് ഇവിയായിരിക്കും വിന്‍ഫാസ്റ്റ് മിനിയോ ഗ്രീന്‍ ഇവിയുടെ എതിരാളി. നിലവില്‍, 7.50 ലക്ഷം രൂപയാണ് എംജി കോമെറ്റ് ഇവിയുടെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ എക്സ്-ഷോറൂം വില. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് ഏകദേശം 10 ലക്ഷം രൂപയാണ് വില.

ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഏകദേശം ഇതേ വിലനിലവാരത്തില്‍ തന്നെയാകും വിന്‍ഫാസ്റ്റ് മിനിയോ ഗ്രീന്‍ ഓഫര്‍ ചെയ്യുക. അങ്ങിനെ വന്നാല്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നായി ഇത് മാറിയേക്കാം. ഇന്ത്യയില്‍ ചെന്നൈ, ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകളില്‍ നിന്ന് രക്ഷനേടാനായി ജനങ്ങള്‍ കോംപാക്ട് കാറുകള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. വലിയ കാര്‍ സ്വന്തമായി ഉള്ളവര്‍ പോലും സിറ്റിയിലേക്ക് ഇറങ്ങാനായി ചെറിയ ഇലക്ട്രിക് കാറുകള്‍ തിരയാന്‍ തുടങ്ങിയിട്ടുണ്ട്.
ഈ ഒരു സാഹചര്യത്തില്‍ മിനിയോ ഗ്രീന്‍ ഇവി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് വിന്‍ഫാസ്റ്റിന് ഗുണംചെയ്യും. താങ്ങാനാവുന്ന വിലയില്‍ ഒതുക്കമുള്ളതുമായ മിനി ഇലക്ട്രിക് കാര്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത് മികച്ചൊരു ഓപ്ഷനായിരിക്കും. പ്രാദേശിക നിര്‍മാണം ഉള്ളതിനാല്‍ വിന്‍ഫാസ്റ്റിന് ഈ കാര്‍ മത്സരാധിഷ്ഠിത വിലയില്‍ വില്‍ക്കാന്‍ കഴിയും. ഒരു സാധാരണ പെട്രോള്‍ ഹാച്ച്ബാക്കിന്റെ വിലയില്‍ ഈ കാര്‍ ലഭ്യമാക്കിയാല്‍ അത് വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം.


Click it and Unblock the Notifications








