1 മാസം കൊണ്ട് വില്‍പ്പനയില്‍ 22 മടങ്ങ് വര്‍ധന! ടെസ്‌ലയെ പിന്നിലാക്കി ഈ ഫോറിന്‍ ഇവി ബ്രാന്‍ഡിന്റെ കുതിപ്പ്
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിലവില്‍ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര എന്നിവയ്‌ക്കൊപ്പം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുമാണ് ഈ വിഭാഗം ഭരിച്ച് കൊണ്ടിരിക്കുന്നത്. എംജിയെ കൂടാതെ നിരവധി വിദേശി ഇവി ഭീമന്‍മാര്‍ അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചിരുന്നു. അതില്‍ പ്രധാനികളാണ് വിയറ്റ്‌നാമില്‍ നിന്നുള്ള വിന്‍ഫാസ്റ്റ്. സെപ്റ്റംബറിലാണ് വിന്‍ഫാസ്റ്റ് (VinFast) ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. റീട്ടെയില്‍ ഓപറേഷന്‍ മുഴുവനായി തുടങ്ങിയ ശേഷമുള്ള ആദ്യ മാസത്തില്‍ വിന്‍ഫാസ്റ്റ് മികച്ച വളര്‍ച്ച കൈവരിച്ചു. 2025 ഒക്‌ടോബര്‍ മാസത്തിലെ വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലെ വില്‍പ്പന കണക്കുകള്‍ നമുക്ക് വിശദമായി നോക്കാം.
രണ്ട് ഇലക്ട്രിക് എസ്‌യുവികളുമായാണ് വിന്‍ഫാസ്റ്റ് കടല്‍ കടന്ന് ഇന്ത്യയില്‍ എത്തിയത്. 2025 ഒക്ടോബറില്‍ കമ്പനി ആകെ 131 കാറുകള്‍ വിറ്റു. ഒറ്റനോട്ടത്തില്‍ ഇത് കുറഞ്ഞ വില്‍പ്പനയാണെന്ന് തോന്നാം. എന്നാല്‍ ഇന്ത്യക്കാര്‍ അടുത്തകാലത്ത് മാത്രം കേട്ട് തുടങ്ങിയ ഒരു ബ്രാന്‍ഡ് ഒറ്റ മാസം കൊണ്ട് വില്‍പ്പന ഒറ്റ സംഖ്യയില്‍ നിന്ന് മൂന്നക്കത്തിലേക്ക് എത്തിച്ചിട്ടുണ്ട്. അതായത് 2025 സെപ്റ്റംബറില്‍ വിന്‍ഫാസ്റ്റ് വെറും 6 കാറുകള്‍ മാത്രമാണ് വിറ്റത്.

ഇപ്പോള്‍ അതിന്റെ വില്‍പ്പന 22 മടങ്ങാണ് വര്‍ധിച്ചത്. നിലവില്‍ VF6, VF7 എന്നീ രണ്ട് കാര്‍ മോഡലുകള്‍ മാത്രമാണ് വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്. ഈ വാഹനങ്ങള്‍ക്ക് യഥാക്രമം 16.49 ലക്ഷം മുതല്‍ 25.49 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെയും മഹീന്ദ്രയുടെയും ജനപ്രിയ ഇലക്ട്രിക് എസ്‌യുവികള്‍ക്കെതിരെയാണ് ഇവ മത്സരിക്കുന്നത്.
വിന്‍ഫാസ്റ്റ് VF6 ഇലക്ട്രിക് എസ്‌യുവിയില്‍ 59.6 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഇത് 468 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. വെറും 25 മിനിറ്റിനുള്ളില്‍ ബാറ്ററി 10 മുതല്‍ 70 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ഇതില്‍ നല്‍കിയിട്ടുണ്ട്. ഈ കാര്‍ എര്‍ത്ത്, വിന്‍ഡ്, വിന്‍ഡ് ഇന്‍ഫിനിറ്റി എന്നീ വേരിയന്റുകളിലാണ് വില്‍ക്കുന്നത്.
130 kW പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് VF6 എര്‍ത്ത് വേരിയന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓട്ടോ എസി, 12.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. 150 kW പവറും 310 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് VF6 വിന്‍ഡ് വേരിയന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
8-വേ അഡ്ജസ്റ്റബിള്‍ ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, ലെവല്‍ 2 ADAS, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയും ഇതിലുണ്ട്. VF7 സ്‌കൈ വേരിയന്റില്‍ ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണവും ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും ഉണ്ട്. 260 kW പവറും 500 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ കാറാണ് ഇത്.

ലോകത്തിലെ നമ്പര്‍ 1 ഇവി നിര്‍മാതാക്കളായ ടെസ്‌ലയും അടുത്ത കാലത്ത് ഇന്ത്യയില്‍ എത്തിയെങ്കിലും ഉയര്‍ന്ന വില കാരണം പ്രതീക്ഷിച്ച വില്‍പ്പന അവര്‍ക്ക് നേടാനാവുന്നില്ല. ഉത്സവ സീസണില്‍ സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ ടെസ്‌ലക്ക് ഇന്ത്യയില്‍ 109 കാറുകള്‍ മാത്രമാണ് വില്‍ക്കാന്‍ സാധിച്ചത്. ഇതേസമയം വിന്‍ഫാസ്റ്റ് 137 കാറുകള്‍ വിറ്റ് ടെസ്‌ലയേക്കാള്‍ നേരിയ മുന്‍തൂക്കം നേടി.
വിന്‍ഫാസ്റ്റ് ഇവി വാങ്ങാന്‍ പലരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ ഷോറൂം സര്‍വീസ് സെന്റര്‍ ശൃംഖല വികസിച്ച് വരുന്നതേയുള്ളൂ. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ 27 നഗരങ്ങളിലായി 35 ഡീലര്‍ഷിപ്പുകള്‍ തുടങ്ങാനാണ് കമ്പനിയുടെ പ്ലാന്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കോടികള്‍ നിക്ഷേപിച്ച് ഇവി നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചാണ് വിന്‍ഫാസ്റ്റ് രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയത്.

തദ്ദേശീയമായി നിര്‍മിക്കുന്നതിനാല്‍ തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ കമ്പനി മത്സരാധിഷ്ഠിത വിലയിലാണ് വിപണിയില്‍ എത്തിക്കുന്നത്. ഇവി നിര്‍മാണശാലയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകുകയും ഷോറൂമുകളുടെ എണ്ണം കൂടുകയും ചെയ്യുന്ന മുറയ്ക്ക് കമ്പനി തങ്ങളുടെ പോര്‍ട്‌ഫോളിയോയിലെ മോഡലുകള്‍ ഓരോന്നായി ഇന്ത്യയില്‍ എത്തിക്കും. അത് സ്വദേശി ബ്രാന്‍ഡുകള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും.


Click it and Unblock the Notifications








