വിന്‍ഫാസ്റ്റ് VF3 Vs വേവ് ഈവ; സോളാര്‍ വേണോ കറണ്ടില്‍ ഓടുന്നത് വേണോ?
കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ ശ്രദ്ധയാകര്‍ഷിച്ച രണ്ട് കാറുകള്‍ ആയിരുന്നു വിന്‍ഫാസ്റ്റ് VF3, വേവ് ഈവ എന്നിവ. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്ലാന്റ് സ്ഥാപിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിന്‍ഫാസ്റ്റ് ഓട്ടോ എക്‌സ്‌പോയില്‍ തങ്ങളുടെ മോഡല്‍ നിര മൊത്തം പ്രദര്‍ശിപ്പിച്ചാണ് എന്‍ട്രി അടയാളപ്പെടുത്തിയത്. വിന്‍ഫാസ്റ്റ് VF6, VF7 എന്നീ മോഡലുകളുടെ കൂടെ പ്രദര്‍ശിപ്പിച്ച കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ആയ VF3 അവിടെ വേറിട്ടു നിന്നു. ഈ വര്‍ഷം അവസാനം വില്‍പ്പനയ്ക്കെത്തുന്ന VF 6, VF 7 എന്നിവയ്ക്കൊപ്പം ഈ കാറും ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
മറുവശത്ത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായി വാഴ്ത്തപ്പെടുന്ന ഫുള്‍ ഇലക്ട്രിക് മൈക്രോകാര്‍ ആണ് ഈവ. ഇവ രണ്ടും നമുക്ക് ചെറുതായി താരതമ്യം ചെയ്ത് നോക്കാം. ആദ്യം നമുക്ക് വിലയില്‍ നിന്ന് തന്നെ തുടങ്ങാം. വിന്‍ഫാസ്റ്റ് ഇപ്പോള്‍ VF3-യുടെ വില പ്രഖ്യാപിച്ചിട്ടില്ല. ഇതിന് ഏകദേശം 10 ലക്ഷം രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത്.

മറുവശത്ത് വേവ് ഈവ എംജി ഇവികള്‍ക്ക് സമാനമായ രീതിയില്‍ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ മാതൃകയിലും അല്ലാതെയും വാങ്ങാം. ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ മോഡലിന് 3.25 ലക്ഷം മുതല്‍ 4.49 ലക്ഷം വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം വില 3.99 ലക്ഷം മുതല്‍ 5.99 ലക്ഷം വരെ മുടക്കേണ്ടതായി വരും. ഇത് നോവ, സ്റ്റെല്ല, വേഗ എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്.
VF3, ഈവ എന്നീ മോഡലുകള്‍ നേരിട്ടുള്ള എതിരാളികള്‍ അല്ല. വലിപ്പത്തിന്റെ കാര്യത്തിലും ഈ രണ്ട് മോഡലുകളും വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നു. VF3 ഇവിക്ക് ഇവയേക്കാള്‍ 240 mm നീളവും 479 mm വീതിയും 62 mm ഉയരവും കൂടുതലാണ്. എന്നിരുന്നാലും, ഈവയ്ക്ക് VF3-നേക്കാള്‍ 25 mm വീല്‍ബേസ് കൂടുതലുണ്ട്.
പിന്‍സീറ്റ് മടക്കിയാല്‍ വിന്‍ഫാസ്റ്റ് മോഡലിന് 285 ലിറ്ററും ഈവക്ക് 300 ലിറ്റും ബൂട്ട്‌സ്‌പെയ്‌സ് ലഭിക്കും. ഈ വലുപ്പ വ്യത്യാസങ്ങള്‍ കാരണം VF3 കൂടുതല്‍ സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുമ്പോള്‍ ഈവ നഗര ഉപയോഗത്തിന് കൂടുതല്‍ അനുയോജ്യവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സവിശേഷതകളുടെ കാര്യത്തില്‍ രണ്ട് വാഹനങ്ങളും ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ടുകള്‍ പോലുള്ള ആധുനിക സൗകര്യങ്ങളാല്‍ സുസജ്ജമാണ്.
അതേസമയം ഒരു മിനി ഫ്രിഡ്ജ്, ഓട്ടോ-ഡിമ്മിംഗ് IRVM, വിവിധ ഡ്രൈവിംഗ് മോഡുകള്‍, സോളാര്‍ പാനലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഗ്ലാസ് റൂഫ് തുടങ്ങിയ അധിക ആഡംബരങ്ങളുമായി ഇൗവ ഫീച്ചറുകളുടെ കാര്യത്തില്‍ വേറിട്ട് നില്‍ക്കുന്നു. സുരക്ഷാ സവിശേഷതകളുടെ കാര്യത്തിലും രണ്ടും വ്യത്യസ്തമാണ്. വിന്‍ഫാസ്റ്റ് VF3 ഇരട്ട എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഈവയില്‍ സിംഗിള്‍ എയര്‍ബാഗും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ഉണ്ട്.
| Features | VF3 | Eva |
| LED headlights | Halogen projector | LED |
| Daytime running lights | Yes | Yes |
| Start/stop switch | No | Yes |
| IRVM | Manual | Auto |
| Multifunction steering | No | Yes |
| A glass roof | No | Yes |
| Cooled storage space | No | Yes |
| Driving modes | No | Eco, City, and Sport |
| Instrument cluster | Integrated into infotainment | Digital |
| Infotainment | 10-inch | Yes |
| Apple CarPlay / Android Auto | Yes | Yes |
| Speakers | 2 | 4 |
| USB | Type-C | 45W |
| Airbag | Dual front airbags | Driver's side |
| TPMS | No | Yes |
| Rearview camera | No | Yes |
| Rear parking sensors | Yes | Yes |
| Traction control | Yes | No |
| Hill start assist | Yes | No |
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ രണ്ട് കാറുകളുടെയും ബാറ്ററി കപാസിറ്റി ഏകദേശം സമമാണ്. 18.64 kWh ബാറ്ററി സജ്ജീകരിച്ച VF3 ഫുള്‍ചാര്‍ജില്‍ 210 കിലോമീറ്ററും 18 kWh ബാറ്ററിയുമായി വരുന്ന ഈവ 250 കിലോമീറ്റര്‍ വരെയുമാണ് റേഞ്ച് പറയുന്നത്. ഈവക്ക് സോളാര്‍ ഉപയോഗിച്ച് പ്രതിവര്‍ഷം 3,000 കിലോമീറ്റര്‍ ഫ്രീയായി ഉപയോഗിക്കാനും ഇതിന് കഴിയുമെന്നും കമ്പനി പറയുന്നു.
അവയുടെ പവര്‍ ഔട്ട്പുട്ടില്‍ വ്യത്യാസമുണ്ട്. വിന്‍ഫാസ്റ്റ് മോഡല്‍ 44 PS പവറും 110 Nm ടോര്‍ക്കും നല്‍കുമ്പോള്‍ ഇൗവ 20 PS പവറും 40 Nm ടോര്‍ക്കുമാണ് നല്‍കുക. രണ്ട് മോഡലുകളും എസി, ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. എസി ചാര്‍ജര്‍ വഴി 5 മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജാകും. ഡിസി ചാര്‍ജിംഗ് വഴി VF3 വെറും 36 മിനിറ്റ് കൊണ്ടും ഇൗവ 20 മിനിറ്റ് കൊണ്ടും ചാര്‍ജ് ചെയ്യാം.
VF3 എന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന കാര്യം ഉറപ്പില്ല. 10 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ഈ മോഡല്‍ എംജി കോമെറ്റ് ഇവി, ടാറ്റ ടിയാഗോ ഇവി എന്നിവയുടെ എതിരാളിയാകും. നിലവില്‍ നേരിട്ടുള്ള എതിരാളികളില്ലാത്ത ഈവ കുറഞ്ഞ വിലയും അതുല്യമായ രൂപകല്‍പ്പനയും കൊണ്ട് വേറിട്ടുനില്‍ക്കുന്നു.
VF3 യുടെ ലോഞ്ചിനായി കാത്തിരിക്കുമ്പോള്‍ ഈവ ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം നടത്തുകയാണ്.


Click it and Unblock the Notifications








