തീയേറ്റർ ഭരിക്കാൻ എംമ്പുരാനെങ്കിൽ റോഡ് ഭരിക്കാൻ ഫോക്സ്‌വാഗൺ; ഗോൾഫും ടിഗുവാനും വെബ്സൈറ്റിൽ എത്തി
ആരാധകർ ഏറെ കാത്തിരുന്ന എംമ്പുരാൻ്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ വാഹന വിപണിയിൽ മറ്റൊരു ഇൻട്രോ കൂടി നടന്നിട്ടുണ്ട്. എന്താണെന്നല്ലേ ആലോചിക്കുന്നത്. അത് മറ്റാരുമല്ല ഏതൊരു ചെറുപ്പകാരൻ്റേയും വാഹനപ്രേമികളുടേയും പ്രിയപ്പെട്ട ബ്രാൻഡായ ഫോക്സ്‌വാഗൺ തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ രാജ്യത്ത് അവതരിപ്പിക്കാൻ പോകുന്ന ഗോൾഫ് ജിടിഐ ടിഗുവാൻ R ലൈൻ മോഡലുകളെ ചേർത്തിരിക്കുകയാണ്. സൈറ്റിൽ എത്തിയതോടെ ഇനി ലോഞ്ച് ചെയ്യാൻ വൈകില്ല എന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗോൾഫ് ജിടിഐ, ടിഗുവാൻ R ലൈൻ എന്നീ രണ്ട് മോഡലുകളുടേയും വിശദവിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഗോള്‍ഫ് GTI-ലേക്ക് വന്നാൽ ഫോക്‌സ്‌വാഗണ്‍ ഈ കാര്‍ പൂര്‍ണമായും അസംബിള്‍ ചെയ്ത കാര്‍ മോഡലായി ഇറക്കുമതി ചെയ്ത് വില്‍പ്പനയ്ക്ക് വയ്ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഗോള്‍ഫ് GTI കാര്‍ മോഡലിന്റെ ആദ്യ ലോട്ടില്‍ 250 യൂണിറ്റുകള്‍ ഉള്‍പ്പെടും. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും മയക്കുന്ന സ്‌പോര്‍ട്ടി, അഗ്രസീവ് ലുക്കിലാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ജര്‍മന്‍ ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ ഡിസൈന്‍ പിന്തുടരുന്ന ഹോട്ട് ഹാച്ചില്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡയമണ്ട് ആകൃതിയിലുള്ള ലൈറ്റുകള്‍, ഹണികോമ്പ് മെഷ് പാറ്റേണിലുള്ള ഫ്രണ്ട് ബമ്പര്‍, സ്പോര്‍ട്സ് കാറുകളില്‍ കാണപ്പെടുന്നത് പോലുള്ള ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, ഡിഫ്യൂസറുകള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
18 ഇഞ്ച് റിച്ച്‌മോണ്ട് അലോയ് വീലുകളാണ് കാറിന് ലഭിക്കുക. ഗ്രില്‍, ഫെന്‍ഡര്‍, ടെയില്‍ഗേറ്റ് എന്നിവിടങ്ങളില്‍ GTI ബാഡ്ജിംഗ് ലഭിക്കും. ഫോക്‌സ്‌വാഗണ്‍ ഈ കാറില്‍ നിരവധി പ്രീമിയം സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ട്. ഓള്‍-ബ്ലാക്ക് ക്യാബിനില്‍ ലെയേര്‍ഡ് ഡാഷ്‌ബോര്‍ഡ് ഡിസൈനും ടാര്‍ടാന്‍-ക്ലാഡ് സ്‌പോര്‍ട് സീറ്റുകളും കാണാം.

GTI ബാഡ്ജുള്ള 3-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, GTI സ്‌പെസിഫിക് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആംബിയന്റ് ലൈറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രീമിയം സവിശേഷതകള്‍ ഗോള്‍ഫ് GTI കാര്‍ മോഡലില്‍ ഫോക്‌സ്‌വാഗണ്‍ സജ്ജീകരിച്ചിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ശക്തമായ ഹാച്ച്ബാക്ക് മോഡലുകളില്‍ ഒന്നാണ് ഗോള്‍ഫ് GTI. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറാണ് ഈ കാറിന് കരുത്ത് പകരുന്നത്. ഇത് 245 bhp പവറും 370 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.9 സെക്കന്‍ഡുകള്‍ മാത്രം മതി. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ആഗോളതലത്തില്‍ ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്പെന്‍ഷനും പ്രോഗ്രസീവ് സ്റ്റിയറിംഗും GTI വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍-സ്‌പെക്ക് വാഹനങ്ങളില്‍ ഇത് ലഭ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ ഫോക്‌സ്‌വാഗണ്‍ മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയാല്‍ മിനി കൂപ്പര്‍ S പോലുള്ള കാര്‍ മോഡലുകളുമായി മത്സരിക്കും.
ഏറ്റവും പുതിയ ടിഗുവാന്റെ ടോപ്പ് എൻഡ് വേരിയന്റാണ് R-ലൈൻ. ഇപ്പോഴിതാ എസ്‌യുവിയുടെ അവതരണത്തിനായുള്ള തീയതിയും കുറിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. 2025 ഏപ്രിൽ 14-നായിരിക്കും വാഹനം ഇന്ത്യൻ വിപണിയിലെത്തുക. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ ഏകദേശം 50 ലക്ഷം രൂപയോളം എക്സ്ഷോറൂം വില പ്രതീക്ഷിക്കാം കേട്ടോ.
പ്രീമിയം മോഡലായതിനാൽ തന്നെ പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും ടിഗുവാൻ R-ലൈൻ അവതരിപ്പിക്കുക. ഇതിന്റെ വരവിന് ശേഷം ഗോൾഫ് GTI പെർഫോമൻസ് ഹാച്ച്ബാക്കിനെയും ജർമൻ ബ്രാൻഡ് വിപണിയിലെത്തിക്കും. വിദേശത്തായിരിക്കും ഇതിന്റേയും നിർമാണം പൂർത്തിയാക്കുക. എസ്‌യുവിയുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ കഴിഞ്ഞ വർഷം മുതൽ പുതുതലമുറ ഫോക്‌സ്‌വാഗൺ ടിഗുവാൻ ആഗോളതലത്തിൽ വിൽപ്പനയിലുണ്ട്.
MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ടെന്നാണ് കമ്പനി പറുന്നത്. അതേസമയം വീൽബേസ് 2,680 മില്ലീമീറ്ററായി തന്നെ തുടരുകയാണ്. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു പരിണാമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. കൂടുതൽ കർവിയായാണ് മോഡലിന്റെ പണിപൂർത്തിയാക്കിയിരിക്കുന്നത്.
R-ലൈൻ വേരിയന്റുകൾക്ക് കൂടുതൽ സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ സ്‌പോയിലർ, R-ലൈൻ സ്‌പെക്കിൽ സൈഡ് പാനലുകൾ എന്നിവയെല്ലാം ലഭിക്കും. കൂടാതെ, മുന്നിലും പിന്നിലും പൂർണ വീതിയുള്ള ഹൊറിസോണ്ടൽ എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്. ഓൾ-സീസൺ ടയറുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, പവർ-അഡ്ജസ്റ്റബിൾ ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിമോട്ട് പവർ ലിഫ്റ്റ്ഗേറ്റ് എന്നിവയും മോഡലിലുണ്ടാവും.
പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഏറ്റവും പുതിയ MIB4 UI പ്രവർത്തിപ്പിക്കുന്ന 15.1 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായിരിക്കും ഇന്റീരിയിൽ ആദ്യം കണ്ണുടക്കുക. ഇതോടൊപ്പം സ്‌പോർട്‌സ് സീറ്റുകളും ത്രീ ലൈറ്റ് സോണുകളും 30 കളർ ഓപ്ഷനുകളുമുള്ള ആംബിയന്റ് ലൈറ്റിംഗ് പാക്കേജും കൂടിയാവുമ്പോൾ സംഗതി കളറാവും. 7 സീറ്റർ എസ്‌യുവിയായതിനാൽ തന്നെ ആവശ്യത്തിന് സ്പേസും കാര്യങ്ങളുമുണ്ടാവും.
നിരവധി യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോ-ഡിമ്മിംഗ് IRVM, റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ സ്ലൈഡിംഗ്, ടിൽറ്റിംഗ് സൺറൂഫ് എന്നിീ ഫീച്ചറുകളും പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ വേരിയന്റിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും എസ്‌യുവിക്കും കരുത്ത് പകരുക.
7-സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ഈ എഞ്ചിൻ 261 bhp കരുത്തിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വിദേശ വിപണികളിൽ ടിഗുവാൻ R-ലൈനിനൊപ്പം 6-സ്പീഡ് മാനുവലും ജർമൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് ഈയൊരു ട്രാൻസ്മിഷൻ കോമ്പിനേഷൻ എത്താൻ സാധ്യതയില്ല. വാഹനത്തിന്റെ ആഗോള പതിപ്പുകളിൽ അഡാപ്റ്റീവ് സസ്‌പെൻഷൻ സിസ്റ്റത്തിനായി ഡൈനാമിക് ഷാസിസ് കൺട്രോൾ പ്രോയും കമ്പനി സജ്ജീകരിച്ചിരിക്കുന്നു.
ടൊയോട്ട ഫോർച്യൂണർ, നിസാൻ X-ട്രെയിൽ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികളുമായിട്ടാവും പ്രഥമിക മത്സരമെങ്കിലും മെർസിഡീസ് ബെൻസ് ജിഎൽഎ, ബിഎംഡബ്ല്യു X1, ഔഡി Q3 തുടങ്ങിയ എൻട്രി ലെവൽ ആഡംബര എസ്‌യുവികളിൽ നിന്നും മത്സരം നേരിടേണ്ടി വരും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








