ലോഞ്ചിന് മുന്നേ വൈറലായി ഗോൾഫ് GTI; സിംപിൾ ബട്ട് പവർഫുൾ, ചിത്രങ്ങൾ കാണാം
ഫോക്സ്‌വാഗൺ പോളോ ഇന്ത്യൻ മാർക്കറ്റിനോട് വിട പറഞ്ഞ് പോയപ്പോൾ യുവാക്കൾക്ക് ബ്രേക്കപ്പിനേക്കാൾ വലിയ സങ്കടമായിരുന്നു. ആ സങ്കടം കമ്പനിക്ക് മനസിലായത് കൊണ്ടാണ് മറ്റൊരു പ്രിയപ്പെട്ട മോഡലായ ഗോൾഫ് GTI ഇന്ത്യയിൽ എത്തിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഗോള്‍ഫ് GTI-യുടെ ഔദ്യോഗിക ബുക്കിംഗുകള്‍ ഉടന്‍ രാജ്യത്ത് ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഫോക്‌സ്‌വാഗണ്‍ ഈ കാര്‍ പൂര്‍ണമായും അസംബിള്‍ ചെയ്ത കാര്‍ മോഡലായി ഇറക്കുമതി ചെയ്ത് വില്‍പ്പനയ്ക്ക് വെക്കും. അതുകൊണ്ട് തന്നെ പരിമിതമായ അളവില്‍ മാത്രമായിരിക്കും ഇത് ലഭ്യമാകുക.
എന്നാൽ ഇപ്പോഴിതാ ലോഞ്ചിന് മുന്നോടിയായി ഈ കാര്‍ ഇന്ത്യയിൽ എത്തിയതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ഗോള്‍ഫ് GTI കാര്‍ മോഡലിന്റെ ആദ്യ ലോട്ടില്‍ 250 യൂണിറ്റുകള്‍ ഉള്‍പ്പെടുമെന്നാണ് അറിയാൻ സാധിച്ചത്. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും മയക്കുന്ന സ്‌പോര്‍ട്ടി, അഗ്രസീവ് ലുക്കിലാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ജര്‍മന്‍ ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ ഡിസൈന്‍ പിന്തുടരുന്ന ഹോട്ട് ഹാച്ചില്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡയമണ്ട് ആകൃതിയിലുള്ള ലൈറ്റുകള്‍, ഹണികോമ്പ് മെഷ് പാറ്റേണിലുള്ള ഫ്രണ്ട് ബമ്പര്‍, സ്പോര്‍ട്സ് കാറുകളില്‍ കാണപ്പെടുന്നത് പോലുള്ള ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, ഡിഫ്യൂസറുകള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
18 ഇഞ്ച് റിച്ച്‌മോണ്ട് അലോയ് വീലുകളാണ് കാറിന് ലഭിക്കുക. ഗ്രില്‍, ഫെന്‍ഡര്‍, ടെയില്‍ഗേറ്റ് എന്നിവിടങ്ങളില്‍ GTI ബാഡ്ജിംഗ് ലഭിക്കും. ഫോക്‌സ്‌വാഗണ്‍ ഈ കാറില്‍ നിരവധി പ്രീമിയം സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ട്. ഓള്‍-ബ്ലാക്ക് ക്യാബിനില്‍ ലെയേര്‍ഡ് ഡാഷ്‌ബോര്‍ഡ് ഡിസൈനും ടാര്‍ടാന്‍-ക്ലാഡ് സ്‌പോര്‍ട് സീറ്റുകളും കാണാം.

GTI ബാഡ്ജുള്ള 3-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, GTI സ്‌പെസിഫിക് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആംബിയന്റ് ലൈറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രീമിയം സവിശേഷതകള്‍ ഗോള്‍ഫ് GTI കാര്‍ മോഡലില്‍ ഫോക്‌സ്‌വാഗണ്‍ സജ്ജീകരിച്ചിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ശക്തമായ ഹാച്ച്ബാക്ക് മോഡലുകളില്‍ ഒന്നാണ് ഗോള്‍ഫ് GTI. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറാണ് ഈ കാറിന് കരുത്ത് പകരുന്നത്. ഇത് 245 bhp പവറും 370 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.
പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.9 സെക്കന്‍ഡുകള്‍ മാത്രം മതി. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ആഗോളതലത്തില്‍ ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്പെന്‍ഷനും പ്രോഗ്രസീവ് സ്റ്റിയറിംഗും GTI വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍-സ്‌പെക്ക് വാഹനങ്ങളില്‍ ഇത് ലഭ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ ഫോക്‌സ്‌വാഗണ്‍ മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയാല്‍ മിനി കൂപ്പര്‍ S പോലുള്ള കാര്‍ മോഡലുകളുമായി മത്സരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








