450 KM റേഞ്ചോടെ ഇലക്ട്രിക് പോളോ വരുന്നു; 2026ൽ ഫോക്‌സ്‌വാഗണിൻ്റെ വലിയ എൻട്രി
ലോകത്തിലെ വാഹന നിർമ്മാണ ബ്രാൻഡുകളിൽ പേരുകേട്ടവരാണ് ജർമ്മനിയിൽ നിന്നെത്തിയ ഫോക്‌സ്‌വാഗൺ. ഇവരുടെ പോളോ വർഷങ്ങളായി വിശ്വാസവും ഡ്രൈവിംഗ് ആസ്വാദനവും സൂചിപ്പിക്കുന്ന ഒന്നാണ്. ഇപ്പോൾ അതേ ജനപ്രിയ പോളോയുടെ പൂർണമായും ഇലക്ട്രിക് പതിപ്പായ കാർ 2026 ഓടെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഐഡി.പോളോ എന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് മികച്ച റേഞ്ച്, ആധുനിക ടെക്‌നോളജി, കൂടാതെ ദിവസേന ഉപയോഗിക്കാൻ അനുയോജ്യമായ പ്രായോഗികത എന്നിവ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മാത്രവുമല്ല ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ആഗോള മാറ്റത്തിന്റെ ഭാഗമായി സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു അഫോർഡബിൾ ഇവിയെ അവതരിപ്പിക്കുക എന്നതുകൂടിയാണ് ബ്രാൻഡിൻ്റെ ലക്ഷ്യം.
ഐഡി.പോളോ ഫോക്‌സ്‌വാഗണിൻ്റെ പുതിയ തലമുറ MEB+ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു അഞ്ച് സീറ്റർ ഹാച്ച്ബാക്ക് ആയിരിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഈ പ്ലാറ്റ്‌ഫോം ശക്തമായ ബിൽഡ് ക്വാളിറ്റി, കൂടുതൽ സ്ഥിരതയുള്ള ഡ്രൈവിംഗ്, മെച്ചപ്പെട്ട കൈകാര്യം ചെയ്യൽ, കൂടാതെ ഉയർന്ന കാര്യക്ഷമത എന്നിവ ലക്ഷ്യമിട്ടുള്ളതാണ്. ബാറ്ററി ഫ്ലോറിന് അടിയിലായി സ്ഥാപിക്കുന്നതിനാൽ കാറിന്റെ ഭാരം ബാലൻസ് ചെയ്യപ്പെടുകയും അതുവഴി ഡ്രൈവിംഗ് കംഫർട്ടും സേഫ്റ്റിയും വർധിക്കുകയും ചെയ്യും.

ചില റിപ്പോർട്ടുകൾ പ്രകാരം ഈ മോഡലിൽ ഇപ്പോഴത്തെ പോളോയെക്കാൾ ഏകദേശം 4.05 മീറ്റർ നീളവും 2.60 മീറ്റർ വീൽബേസും ഉണ്ടായിരിക്കും. ഇത് വഴി പിന്നിലെ യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ യാത്രാ അനുഭവം നൽകാൻ കഴിയും. ഇലക്ട്രിക് പ്ലാറ്റ്‌ഫോമിന്റെ കാര്യക്ഷമമായ പാക്കേജിംഗിന്റെ ഫലമായി കാറിന്റെ ബൂട്ട് സ്‌പേസ് 435 ലിറ്റർ വരെ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് സാധാരണ പെട്രോൾ അല്ലെങ്കിൽ ഡീസൽ പോളോയേക്കാൾ വ്യക്തമായി വലുതാണ്.
മാത്രവുമല്ല ദൈനംദിന ഉപയോഗത്തിനും യാത്രകൾക്കുമായി കൂടുതൽ ലഗേജ് എളുപ്പത്തിൽ കൊണ്ടുപോകാനാകുന്ന രീതിയിലാണ് ഈ ഇലക്ട്രിക് പോളോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുറംവലിപ്പത്തിൽ ചെറുതായി തോന്നിച്ചാലും അകത്ത് നിന്ന് നോക്കുമ്പോൾ കൂടുതൽ വിശാലവും പ്രായോഗികവുമായ ഒരു ഹാച്ച്ബാക്ക് അനുഭവമാണ് കാറിൽ ലഭ്യമാകുന്നത്. ഐഡി.പോളോയെ വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ കണക്കിലെടുത്ത് വ്യത്യസ്ത പവർ ഔട്ട്‌പുട്ടുകളോടെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

സൂചനകൾ പ്രകാരം ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന് 85 bhp മുതൽ 166 bhp വരെ പവർ നൽകുന്ന ഇലക്ട്രിക് മോട്ടോർ ഓപ്ഷനുകൾ ലഭിക്കുന്നതായിരിക്കും. മാത്രവുമല്ല ഏകദേശം 290 Nm വരെ ടോർക്ക് ലഭിക്കുമെന്നതാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ സിറ്റി ഡ്രൈവിംഗിലും ഹൈവേ ഉപയോഗത്തിലും വേഗത്തിലുള്ള ആക്സിലറേഷനും മികച്ച അനുഭവവും ലഭിക്കുന്നതായിരിക്കും. ബാറ്ററി ഓപ്ഷനുകളുടെ കാര്യത്തിൽ രണ്ട് ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യപ്പെടുക.
ചെറിയ ബാറ്ററി പതിപ്പ് നഗര യാത്രകൾക്ക് അനുയോജ്യമായ രീതിയിൽ ഏകദേശം 300 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയും. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന പതിപ്പിന് ഒരൊറ്റ ചാർജിൽ 450 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഈ സെഗ്മെന്റിലെ ഏറ്റവും പ്രായോഗികമായ ഇലക്ട്രിക് ഹാച്ച്ബാക്കുകളിലൊന്നായി പുതിയ മോഡലിനെ മാറ്റുന്നതാണ്. കൂടാതെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ പൂർണമായും ആധുനികവും ടെക്‌നോളജി നിറഞ്ഞതുമായ ഇലക്ട്രിക് ഹാച്ച്ബാക്ക് ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡിന്റെ മദ്ധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ കാറിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും. ഈ സ്ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇൻ-ബിൽറ്റ് നാവിഗേഷൻ, കണക്റ്റഡ് കാർ ഫീച്ചറുകൾ, എന്നിവ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷയിൽ ലെവൽ 2 ADAS സവിശേഷതകൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഈ മോഡലിൻ്റെ യൂറോപ്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില ഏകദേശം 25,000 യൂറോ ആയിരിക്കും. ഇന്ത്യൻ വിപണിയുടെ കാര്യത്തിൽ പോളോയ്ക്ക് ഇന്നും വലിയ ആരാധകവൃന്ദമുണ്ട്. മികച്ച ബിൽഡ് ക്വാളിറ്റിയും ഡ്രൈവിംഗ് അനുഭവവും കാരണം ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്കുകളിലൊന്നായി പോളോ നീണ്ടകാലം നിലനിന്നിരുന്നു. അതിനാൽ പൂർണമായും ഇലക്ട്രിക് രൂപത്തിലുള്ള പുതിയ മോഡൽ ഇന്ത്യയിൽ എത്തിച്ചാൽ അത് വലിയ ശ്രദ്ധ നേടാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








