വിൽപ്പന കൂടാൻ ഫാസ്റ്റ് ബോളറിനെ കൂടെകൂട്ടി ഫോക്സ്‌വാഗൺ; ഗോൾഫ് ജിടിഐ ഇനി പിടിച്ചാൽ കിട്ടൂല്ല
ഫോക്സ്‌വാഗണിൻ്റെ ഇപ്പോഴത്തെ പ്രധാന തുറുപ്പുചീട്ടായി നിൽക്കുന്നത് ഗോൾഫ് ജിടിഐ ആണ്. സത്യത്തിൽ കമ്പനി പോലും വിചാരിച്ചു കാണില്ല ഇത്രമാത്രം ഡിമാൻ്റ് വർധിക്കുമെന്ന്. എന്തായാലും തങ്ങളുടെ വിൽപ്പന ഒന്നുകൂടി കൂട്ടുന്നതിന് പുതിയ ഒരാളെ ബ്രാൻഡ് കൂടെ കൂട്ടിയിരിക്കുകയാണ്. അത് മറ്റാരുമല്ല, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഉപനായകനായും ചില ടെസ്റ്റുകളിലും ടി20 മത്സരങ്ങളിലും ക്യാപ്റ്റനായും പ്രവർത്തിച്ച റൈറ്റ്-ആം ഫാസ്റ്റ് ബോളറായ ജസ്‌പ്രീത് ജസ്ബീർസിംഗ് ബുമ്രയാണ്. ഗോൾഫ് ജിടിഐ എന്ന മോഡലിൻ്റെ കരുത്തും സൂക്ഷ്മതയും ആഗോളത്തലത്തിൽ തന്നെ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുണ്ട്. കേരളത്തിൽ നിരവധി സെലിബ്രിറ്റികളാണ് ഇതിനോടകം ഗോൾഫ് സ്വന്തമാക്കിയിരിക്കുന്നത്.
വേഗതയേറിയതും കൃത്യതയുള്ളതുമായ ബൗളിംഗിനെ പുനർനിർവചിച്ച ക്രിക്കറ്റ് ഇതിഹാസമായ ജസ്പ്രീത് ബുംറയുമായിട്ടുളള കൈകോർക്കലിൽ ഞങ്ങൾ ആവേശത്തിലാണ്. ജസ്പ്രീത്തിന്റെയും ഗോൾഫ് ജിടിഐയുടെയും കരുത്തുറ്റ ജോഡി തീർച്ചയായും ഞങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കും എന്നാണ് ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ശ്രീ. നിതിൻ കോഹ്‌ലി പറഞ്ഞത്.

പുതിയ കൈകോർക്കലിനെ കുറിച്ച് ബുമ്രയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, യഥാർത്ഥ പ്രകടനം ഉച്ചത്തിൽ സംസാരിക്കേണ്ടതില്ല - അത് സ്ഥിരതയുള്ളതായിരിക്കണം എന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഫോക്‌സ്‌വാഗണുമായും ഗോൾഫ് ജിടിഐയുമായും പങ്കാളിത്തം ഒരു സ്വാഭാവിക യോജിപ്പായി തോന്നി. അതിന്റെ കൃത്യതയ്ക്കും സാന്നിധ്യത്തിനും ഞാൻ വളരെക്കാലമായി ആരാധിച്ചിരുന്ന ഒരു ബ്രാൻഡാണിത്, പെർഫോമൻസ് മികവിനായി നിലകൊള്ളുന്ന ഒന്നുമായി ബന്ധപ്പെടുന്നതിൽ എനിക്ക് അഭിമാനമുണ്ട് എന്നാണ്.
പൂർണമായും വിദേശത്ത് നിർമിച്ച് കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (CBU) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ വാങ്ങാൻ നിലവിൽ ഏറ്റവും കൂടുതൽ മത്സരിക്കുന്നത് മലയാളികളാണ്. മോളിവുഡിൽ തന്നെ ജയസൂര്യ, ഫഹദ് ഫാസിൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ തുടങ്ങിയ പ്രമുഖരെല്ലാം വാഹനം സ്വന്തമാക്കി കഴിഞ്ഞു. കാറിന് 53 ലക്ഷം രൂപയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ടാക്‌സും ഇൻഷുറൻസുമെല്ലാമായി 67 ലക്ഷത്തിന് മുകളിലാണ് ഫോക്‌സ്‌വാഗൺ ഗോൾഫിന് കേരളത്തിൽ വരുന്ന ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ നിലവിൽ വിൽപ്പനയിലുള്ള ഏറ്റവും ചെലവേറിയ ഫോക്‌സ്‌വാഗൺ കാറാണിത്. പൊള്ളുന്ന വില പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബുക്കിംഗ് തുടങ്ങി വെറും 3 ദിവസത്തിനുള്ളില്‍ ഗോള്‍ഫ് ജിടിഐ പൂർണമായും വിറ്റഴിക്കാനും ഫോക്‌സ്‌വാഗണിന് സാധിച്ചിരുന്നു.
ഗോൾഫ് ജിടിഐ Mk 8.5 എന്നാണ് മോഡലിന്റെ ഔദ്യോഗിക നാമം. ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞുവെങ്കിലും ഡിമാൻഡ് അടിസ്ഥാനമാക്കി കമ്പനി 100 കാറുകൾ കൂടി രണ്ടാം ബാച്ചിൽ കൊണ്ടുവരാൻ പദ്ധതിയിടുന്നുമുണ്ട്. 265 bhp കരുത്തിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗണിന്റെ പെർഫോമൻസ് ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്.

7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന കാർ ഒരു ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനമാണ് ഉപോഗിച്ചിരിക്കുന്നത്. ഹോട്ട് ഹാച്ചിന് ഇലക്ട്രോണിക് കൺട്രോൾഡ് ഫ്രണ്ട്-ആക്‌സിൽ ഡിഫറൻഷ്യൽ ലോക്കും ലഭിക്കുന്നുവെന്നും കമ്പനി പറയുന്നു. പുതിയ ഗോൾഫിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി. അതേസമയം പരമാവധി വേഗം 250 കിലോമീറ്ററായി ഫോക്‌സ്‌വാഗൺ പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








