ഫോക്സ്‌വാഗണിൻ്റെ ചാണക്യതന്ത്രം കൊള്ളാം; ഇനി അഡാസുളള മോഡലിന് ഡിമാൻ്റ് കൂടുമെന്നുറപ്പ്
ജർമൻ കാറുകളോട് എല്ലാവർക്കും ഒരൽപ്പം ഇഷ്ടം കൂടുതലായിരിക്കും. അത് ഫോക്സ്‌വാഗണിൻ്റെ വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ വളരെ വ്യക്തമായിട്ട് അറിയാൻ സാധിക്കും.ഇനി ബ്രാൻഡിൻ്റെ വരാനിരിക്കുന്ന ഒരു കുഞ്ഞൻ എസ്‌യുവിയാണ് ടെറ. പോളോയെ അടിസ്ഥാനമാക്കിയിട്ടുളള ഒരു സബ് കോംപാക്ട് എസ്‌യുവിയായിട്ടാണ് ബ്രാൻഡ് ടെറയെ അവതരിപ്പിക്കാൻ പോകുന്നത്. എന്നു കരുതി ഉടനെ ഇല്ല കേട്ടോ. 2026 ൽ വാഹനത്തെ വിപണിയിൽ എത്തിക്കാനാണ ജർമൻ ബ്രാൻഡ് ലക്ഷ്യമിടുന്നത്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ടെറയിൽ ലെവൽ 1 അഡാസ് ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ അത് എതിരാളികൾക്ക് വലിയ ഒരു തിരിച്ചടിയായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന കാർണിവലിൽ ഫോക്‌സ്‌വാഗൺ തങ്ങളുടെ പുത്തൻ കോംപാക്‌ട് എസ്‌യുവിയായ ടെറ ലോകത്തിനായി സമർപ്പിക്കുകയുണ്ടായി. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയായി പേരെടുക്കാൻ പോകുന്ന മോഡൽ ഈ വർഷം ആദ്യ പകുതിയോടെ ബ്രസീലിയൻ വിപണിയിൽ അവതരിപ്പിക്കും. ഫോക്‌സ്‌വാഗന്റെ നിരയിൽ പോളോയ്ക്കും ടി-ക്രോസിനും ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന ടെറ, വികസ്വര വിപണികളിൽ ഉയർന്ന മത്സരാധിഷ്ഠിത വിലയിൽ വിൽക്കപ്പെടുമെന്നാണ് അനുമാനം.

പൂർണമായും ബ്രസീലിൽ വികസിപ്പിച്ചെടുത്ത ഈ കോംപാക്‌ട് എസ്‌യുവി ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ ആഗോള ഡിസൈൻ ഭാഷ്യത്തെ ഉൾക്കൊള്ളിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. എങ്കിലും ഇതേ വാഹനത്തെയാവും കമ്പനി ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുകയെന്നാണ് സൂചന. എന്നാൽ വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമിലായിരിക്കും സബ്-4 മീറ്റർ എസ്‌യുവി നിർമിക്കുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സ്കോഡ കൈലാക്കിന്റെ വിജയം ആവർത്തിക്കാൻ ഫോക്‌സ്‌വാഗൺ ടെറയ്ക്കും സാധിക്കുമെന്നാണ് അനുമാനം. ബ്രാൻഡിന്റെ ഇലക്ട്രിക് I.D.4 ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. ഒപ്പം T-റോക്കിനെ അനുസ്മരിപ്പിക്കുന്ന കട്ടിയുള്ള റിയർ പില്ലർ ടെറയ്ക്ക് മസ്ക്കുലാർ രൂപമാണ് സമ്മാനിക്കുന്നത്. യുണീക്കായ ഡേടൈം റണ്ണിംഗ് ലൈറ്റ് പാറ്റേണുള്ള സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളും ഹൈ മൗണ്ടഡ് എൽഇഡി ടെയിൽ ലൈറ്റുകളും ഡിസൈനിൽ ആദ്യം ന്നെ കണ്ണിലുടക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഫോക്‌സ്‌വാഗന്റെ പ്രീമിയം എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമായി ടെറ ഇലുമിനേറ്റഡ് ലൈറ്റ് ബാറുകൾ ഒഴിവാക്കിയിട്ടുണ്ട്. താങ്ങാനാവുന്ന വിലയാണെങ്കിലും ഒരു കോംപാക്‌ട് എസ്‌യുവിയെന്ന നിലയിൽ വണ്ടി അടിപൊളിയായിട്ടാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ബ്രസീലിൽ ഉയർന്ന വകഭേദങ്ങളിൽ പോളോ ടിഎസ്‌ഐയുടെ അതേ 1.0 ലിറ്റർ ടർബോ ഫ്ലെക്‌സ് എഞ്ചിനുമായാണ് വാഹനം എത്തുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത് 116 bhp പവറിൽ പരമാവധി 164 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ വരുന്നത്. ടി-ക്രോസ്, നിവസ്, പോളോ എന്നിവയുമായി ഇത് MQB A0 മോഡുലാർ പ്ലാറ്റ്‌ഫോം പങ്കിടുന്നു. ഇന്ത്യയിൽ എത്തുമ്പോൾ ഫോക്‌സ്‌വാഗൺ ടെറയിൽ 1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനോടെയാവും വിപണനത്തിന് എത്തുക.

സ്കോഡ കൈലാക്കിലേത് പോലെ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വരുന്ന ഈ ടിഎസ്ഐ എഞ്ചിന് 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനയേക്കും. ഇന്റീരിയറും മോഡേണായി പണികഴിപ്പിക്കുന്നതിനാൽ മോഡേൺ ഫീച്ചറുകളുടെ വലിയൊരു ശേഖരം തന്നെ ഇന്ത്യയിലെത്തുന്ന ഫോക്‌സ്‌വാഗൺ ടെറയിലുണ്ടാവും.
വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നീ അടിസ്ഥാന കാര്യങ്ങളെല്ലാം ടെറയിലുണ്ടാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








