ബെൻസിന് പോലും ഭീഷണിയുയർത്തുന്ന മോഡൽ; ടിഗുവാൻ R ലൈൻ വേരിയൻ്റിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഇതൊക്കെ
ഫോക്സ്‌വാഗൺ ആരാധരുടെ മനസ് നിറയ്ക്കുന്ന മോഡൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമേയുളളു. പെർഫോമൻസും ലുക്കും സംയോജിക്കുന്ന പുതിയ അവതാരം എന്ന് പറയാൻ കഴിയില്ല, കാരണം ഇൻ്റർനാഷണൽ മാർക്കറ്റിൽ ലഭ്യമായ മോഡലാണ് ടിഗുവാൻ R ലൈൻ. ഇന്ത്യയിലേക്ക് എത്തുമ്പോൾ ആഡംബര ബ്രാൻഡായ ബെൻസിനോട് പോലും നേർക്കുനേർ നിന്ന് മത്സരിക്കാൻ പാകത്തിനുളള ഫീച്ചറുകളും അത് പോലെ തന്നെ പെർഫോമൻസ് പാക്ക്ഡായിട്ടാണ് വാഹനമെത്തുന്നത്. ലെവൽ 2 അഡാസ് ഫീച്ചറകളും വാഹനത്തിൽ പ്രതീക്ഷിക്കാം. ടിഗുവാൻ R ലൈനിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും വാഹനത്തിൻ്റെ വിശദാംശങ്ങളും അറിയുന്നതിന് വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ.
പ്രീമിയം മോഡലായതിനാൽ തന്നെ പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും ടിഗുവാൻ R-ലൈൻ അവതരിപ്പിക്കുക. ഇതിന്റെ വരവിന് ശേഷം ഗോൾഫ് GTI പെർഫോമൻസ് ഹാച്ച്ബാക്കിനെയും ജർമൻ ബ്രാൻഡ് വിപണിയിലെത്തിക്കും. വിദേശത്തായിരിക്കും ഇതിന്റേയും നിർമാണം പൂർത്തിയാക്കുക. എസ്‌യുവിയുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ കഴിഞ്ഞ വർഷം മുതൽ പുതുതലമുറ ഫോക്‌സ്‌വാഗൺ ടിഗുവാൻ ആഗോളതലത്തിൽ വിൽപ്പനയിലുണ്ട്.

R-ലൈൻ വേരിയന്റുകൾക്ക് കൂടുതൽ സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ സ്‌പോയിലർ, R-ലൈൻ സ്‌പെക്കിൽ സൈഡ് പാനലുകൾ എന്നിവയെല്ലാം ലഭിക്കും. കൂടാതെ, മുന്നിലും പിന്നിലും പൂർണ വീതിയുള്ള ഹൊറിസോണ്ടൽ എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്. ഓൾ-സീസൺ ടയറുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, പവർ-അഡ്ജസ്റ്റബിൾ ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിമോട്ട് പവർ ലിഫ്റ്റ്ഗേറ്റ് എന്നിവയും മോഡലിലുണ്ടാവും.
MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ടെന്നാണ് കമ്പനി പറുന്നത്. അതേസമയം വീൽബേസ് 2,680 മില്ലീമീറ്ററായി തന്നെ തുടരുകയാണ്. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു പരിണാമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. കൂടുതൽ കർവിയായാണ് മോഡലിന്റെ പണിപൂർത്തിയാക്കിയിരിക്കുന്നത്.

പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഏറ്റവും പുതിയ MIB4 UI പ്രവർത്തിപ്പിക്കുന്ന 15.1 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായിരിക്കും ഇന്റീരിയിൽ ആദ്യം കണ്ണുടക്കുക. ഇതോടൊപ്പം സ്‌പോർട്‌സ് സീറ്റുകളും ത്രീ ലൈറ്റ് സോണുകളും 30 കളർ ഓപ്ഷനുകളുമുള്ള ആംബിയന്റ് ലൈറ്റിംഗ് പാക്കേജും കൂടിയാവുമ്പോൾ സംഗതി കളറാവും. 7 സീറ്റർ എസ്‌യുവിയായതിനാൽ തന്നെ ആവശ്യത്തിന് സ്പേസും കാര്യങ്ങളുമുണ്ടാവും.
നിരവധി യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോ-ഡിമ്മിംഗ് IRVM, റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ സ്ലൈഡിംഗ്, ടിൽറ്റിംഗ് സൺറൂഫ് എന്നിീ ഫീച്ചറുകളും പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ വേരിയന്റിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനായിരിക്കും എസ്‌യുവിയുടെ ഹൃദയം.

7-സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ഈ എഞ്ചിൻ 261 bhp കരുത്തിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വിദേശ വിപണികളിൽ ടിഗുവാൻ R-ലൈനിനൊപ്പം 6-സ്പീഡ് മാനുവലും ജർമൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് ഈയൊരു ട്രാൻസ്മിഷൻ കോമ്പിനേഷൻ എത്താൻ സാധ്യതയില്ല. വാഹനത്തിന്റെ ആഗോള പതിപ്പുകളിൽ അഡാപ്റ്റീവ് സസ്‌പെൻഷൻ സിസ്റ്റത്തിനായി ഡൈനാമിക് ഷാസിസ് കൺട്രോൾ പ്രോയും കമ്പനി സജ്ജീകരിച്ചിരിക്കുന്നു.
ഇത്രയും ഫീച്ചറുകൾ വരുമ്പോൾ സേഫ്റ്റിയുടെ കാര്യത്തിലും കമ്പനി ഒരു വിട്ടുവീഴ്ച്ച കാണിക്കില്ല എന്ന് തന്നെ വിശ്വസിക്കാം. 21 ഫീച്ചറുകളുളള ലെവൽ 2 ADAS സ്യൂട്ട്, ഒൻപതോളം എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിങ്ങ് സിസ്റ്റം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്. ഇതിനെല്ലാം പുറമേ വാഹനത്തിൽ ഡൈനാമിക് ഷാസിസ് കൺട്രോൾ സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








